ഫ്യൂജിഫിലിമിന്റെ ശ്രദ്ധ നേടിയ ക്യാമറ സീരിസാണ് GFX. GFX സീരിസിൽ പുതിയൊരു ക്യാമറ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഫ്യൂജിഫിലിം.
GFX 100S എന്ന പുതിയ കോംപാക്റ്റ് ക്യാമറ GFX 100നെക്കാൾ 500 ഗ്രാം ഭാരം കുറഞ്ഞതാണ്. ഉയർന്ന നിലവാരമുള്ള സ്റ്റില്ലുകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും.ഫ്യൂജിഫിലിം GFX100S ക്യാമറയുടെ ഭാരം 900 ഗ്രാം ആണ്.
GFX 100S ക്യാമറയിൽ 102 മെഗാപിക്സൽ സിഎംഒഎസ് സെൻസർറാണ് ഉള്ളത്. 3.76 ദശലക്ഷം പേസ് ഡിറ്റക്ഷൻ പിക്‌സലുകളുള്ള ഈ സെൻസർ വേഗത്തിലും കൃത്യമായും ഫോക്കസ് ചെയ്യുന്നു. കുറഞ്ഞ ലൈറ്റുള്ള അവസ്ഥകളിൽ പോലും AF -5.5EV ൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ഫോട്ടോഗ്രാഫിക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്കും ഉപകാരപ്പെടുന്ന രീതിയിൽ 0.18 സെക്കൻഡ് ഓട്ടോഫോക്കസ് സ്പീഡാണ് ഈ ക്യാമറയിൽ ഉള്ളത്.
ഇമേജുകളും വീഡിയോകളും പ്രോസസ്സ് ചെയ്യുന്നതിനായി ഫ്യൂജിഫിലിമിന്റെ എക്സ്-പ്രോസസർ 4 ക്വാഡ് കോർ സിപിയു ആണ് GFX 100S ക്യാമറയിൽ നൽകിയിട്ടുള്ളത്. 3.2 ഇഞ്ച് എൽസിഡി മോണിറ്ററാണ് ക്യാമറയിൽ നൽകിയിട്ടുള്ളത്. ഈ മോണറ്ററിൽ 2.36 ദശലക്ഷം ഡോട്ടുകളുണ്ട്. ഈ വേരി-ആംഗിൾ ടച്ച്‌സ്‌ക്രീൻ മൂന്ന് ദിശകളിൽ ക്രമീകരിക്കാൻ കഴിയും. വീഡിയോ റെക്കോർഡിങ് പരിശോധിച്ചാൽ ഈ ക്യാമറയിൽ 30 എഫ്പിഎസ് വരെ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും.
ഉയർന്ന റെസല്യൂഷനുള്ള ഇലക്ട്രോണിക് വ്യൂഫൈൻഡർ, 5 എഫ്പിഎസ് കണ്ടിന്യൂവസ് ഷൂട്ടിംഗ്, 6-സ്റ്റോപ്പ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, കസ്റ്റമൈസബിൾ ബട്ടണുകൾ, വെതർപ്രൂഫിംഗ് എന്നിവയടക്കമുള്ള സവിശേഷതകളോടെയാണ് ഫ്യൂജിഫിലിം GFX 100S വിപണിയിൽ എത്തിയിരിക്കുന്നത്. NP-W235 ബാറ്ററി ഉപയോഗിച്ച് ഫുൾ ചാർജ്ജ് ചെയ്താൽ 460 ഷോട്ടുകൾ വരെ എടുക്കാൻ ക്യാമറയ്ക്ക് കഴിയും. അമേരിക്കയിൽ 5,999 ഡോളറാണ് ഈ ക്യാമറയുടെ വില. ഫെബ്രുവരി മുതൽ ക്യാമറ വിൽപ്പനയ്ക്ക് എത്തും.
0 അഭിപ്രായങ്ങള്‍