ദീപാവലി വെടിക്കെട്ട് ബിഎസ്എൻഎൽ വക! 39000 ബിഎസ്എൻഎൽ 4G ടവറുകൾ കമ്മിഷൻ ചെയ്തു

 ബിഎസ്എൻഎൽ (BSNL) നന്നാവാൻ ഉറപ്പിച്ച് തന്നെയാണ്, ദീപാവലിക്ക് മുൻപ് 50000 4ജി ടവറുകളും അ‌ടുത്ത വർഷം ആദ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകളും എന്ന ലക്ഷ്യത്തിലേക്ക് അ‌തിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. മുൻപ് ബിഎസ്എൻഎൽ 4ജി അ‌വതരിപ്പിക്കാൻ തുടങ്ങി എന്ന് പറയുമ്പോഴും നിർമാണ പ്രവൃത്തികൾ ഇഴഞ്ഞിഴഞ്ഞാണ് നടന്നിരുന്നത്. എന്നാലിപ്പോൾ ഓരോ മാസവും 4ജി ലഭ്യമായ ടവറുകളുടെ എണ്ണത്തിൽ കാര്യമായ വർധന കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇതുവരെ 39,000 4G സൈറ്റുകൾ ബിഎസ്എൻഎൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു.

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിനായി 4ജി ടവറുകൾ വിന്യസിച്ച് വരുന്നത്. തേജസ് നെറ്റ്‌വർക്സ്, സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) എന്നിവരും ഈ കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. ടവറുകൾ 10 വർഷത്തേക്ക് പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള ചുമതലകൾ ടിസിഎസിനാണ്.

ഏകദേശം 58,000- 59,000 സൈറ്റുകൾക്കുള്ള ഉപകരണങ്ങൾ തങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് ടിസിഎസിലെ ടെലികോം സ്ട്രാറ്റജിക് ഇനിഷ്യേറ്റീവുകളുടെ ഉപദേശകൻ എൻ ഗണപതി സുബ്രഹ്മണ്യം പറഞ്ഞതായി ഇടി റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം മാത്രം 10,000 മുതൽ 12,000 വരെ സൈറ്റുകളിൽ ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. ഇവ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

49,000 സൈറ്റുകളിൽ ഇൻസ്റ്റാളേഷൻ പൂർത്തിയായി, ഏകദേശം 38,000 മുതൽ 39,000 വരെ സൈറ്റുകൾ കമ്മീഷൻ ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 1 ലക്ഷം ​സൈറ്റുകളിൽ 4ജി ലഭ്യമാക്കാനാണ് ടിസിഎസിന് കരാർ നൽകിയിരിക്കുന്നത്. ഈ സൈറ്റുകൾക്കെല്ലാം 700 MHz ബാൻഡ് കണക്റ്റിവിറ്റിയായിരിക്കും ഉണ്ടാകുക.

നഗരപ്രദേശങ്ങളിൽ, അധിക കപ്പാസിറ്റിക്കും കവറേജിനുമായി 2100 MHz, 1800 MHz, 850 MHz, 900 MHz എന്നിവയുൾപ്പെടെയുള്ള മറ്റ് ബാൻഡുകളുള്ള സൈറ്റുകളും ഉണ്ടാകും. ഇതുവരെ സ്ഥാപിച്ചിട്ടുള്ള സൈറ്റുകൾ രാജ്യത്തിൻ്റെ നഗര, ഗ്രാമ പ്രദേശങ്ങളിലായിട്ടാണ് സജ്ജമായിട്ടുള്ളത്. ഇന്ത്യയിൽ, 4G സേവനങ്ങൾ നൽകുന്നതിന് 700 MHz ബാൻഡ് ഉപയോഗിക്കുന്ന ടെലികോം BSNL മാത്രമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍