ഇന്ത്യയില്‍ ഇന്റര്‍നെറ്റ് യുഗം ആരംഭിച്ചിട്ട് 25 വര്‍ഷം





വിവരസാങ്കേതിക വിദ്യാ രംഗത്ത് ഇന്ന് ആഗോളതലത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ആശയവിനിമയ സാങ്കേതിക വിദ്യയിൽ ഇന്ത്യൻ ജനത ഏറെ മുന്നേറിയിരിക്കുന്നു.


ഇന്ത്യയിൽ ഇന്റർനെറ്റ് യുഗം പിറന്നിട്ട് 25 ആണ്ട് 

1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയിൽ ഇന്റർനെറ്റ് പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നത്. അതിന് മുമ്പ് 1986 ൽ ഇന്റർനെറ്റ് ഇന്ത്യയിൽ എത്തിയിരുന്നുവെങ്കിലും വിദ്യാഭ്യാസ, ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമാണ് അത് ലഭ്യമായിരുന്നത്. അതായത് ഇന്റർനെറ്റ് ജനകീയ സംസ്കാരത്തിന്റെ ഭാഗമായിത്തുടങ്ങിയിട്ട് 25 വർഷം തികയുകയാണ്.
ഈ 25 വർഷക്കാലം രാജ്യത്തെ ആശയവിനിമയ രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഇന്റർനെറ്റ് വഴിവെച്ചത്. ഇത്ര കാലം കൊണ്ട് വലിയൊരു വിഭാഗം ജനത ഇന്റർനെറ്റിന്റെ ഭാഗമായി മാറിയിരിക്കുന്നു.
ഇന്ത്യയിൽ ഇന്റർനെറ്റിന്റെ വളർച്ച
സ്മാർട് യുഗത്തിലാണ് ലോകമിപ്പോൾ. സ്വാഭാവികമായും ഇന്ത്യയിലെ ജനങ്ങളും. സ്മാർട്ഫോണുകൾ പേഴ്സണൽ കംപ്യൂട്ടറുകൾ, ടാബ് ലെറ്റുകൾ, സ്മാർട് വാച്ചുകൾ, സ്മാർട് ടിവികൾ തുടങ്ങി ഇന്റർനെറ്റിൽ ബന്ധിതമായ അനേകം ഉപകരണങ്ങൾ സർവ്വസാധാരണമാണ് ഇപ്പോൾ.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ കണക്കനുസരിച്ച് 2020 ഏപ്രിൽ 30 വരെ ഇന്ത്യയിൽ ആകെ 115 കോടി മൊബൈൽഫോൺ ഉപയോക്താക്കളുണ്ട്. അതിൽ 52 കോടിയാളുകളും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 63 കോടി പേർ നഗരപ്രദേശങ്ങളിൽ നിന്നും.
ആകെയുള്ള 69 കോടി ബ്രോഡ്ബാൻഡ് വരിക്കാരിൽ മൊബൈൽ ഫോണുകളിലും ഡോങ്കിളുകളിലുമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 66 കോടിയിലധികമാണ്. അതായത് രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 90 ശതമാനത്തിലേറെ പേർ മൊബൈൽ ഉപകരണങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഇതിൽ 45 ശതമാനം പേരും ഗ്രാമീണ മേഖലയിൽ നിന്നുള്ളവരാണ്.
25 വർഷം കൊണ്ട് ഇന്റർനെറ്റിന്റെ വേഗത കൂടുകയും ചിലവ് കുറയുകയും ചെയ്തിരിക്കുന്നു. റിലയൻസ് ജിയോയുടെ വരവ് രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടാക്കിയ മാറ്റം ഓരോ പൗരനും അനുഭവിച്ചറിഞ്ഞതാണ്. സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുന്ന സാഹചര്യത്തിലെത്തിയിരിക്കുന്നു രാജ്യം. അതിനൊടനുബന്ധിച്ചുള്ള മാറ്റങ്ങൾ രാജ്യത്താകമാനം പ്രകടമാണ്.
ഇന്റർനെറ്റ് അധിഷ്ടിതമായ വാണിജ്യം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് ഇന്ന്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയാ സേവനങ്ങളും വാട്സാപ്പ്, ടെലിഗ്രാം പോലുള്ള മെസേജിങ് ആപ്പുകളും പ്രൈം വീഡിയോ,യൂട്യൂബ്,ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ് പോലെ സിനിമകളും, പാട്ടുകളും, മറ്റ് വീഡിയോകളും ആസ്വദിക്കാനുള്ള ഓടിടി പ്ലാറ്റ്ഫോമുകളും ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്.
സാമൂഹികമാധ്യമങ്ങളുടെ വികാസത്തോടെ ഭൗതിക ലോകത്തോടൊപ്പം ഒരു വെർച്വൽ ഇന്ത്യയും രൂപപ്പെട്ടിരിക്കുന്നു. ജനങ്ങൾ ഭൗതിക ലോകത്തും വെർച്വൽ ലോകത്തും വിഹരിക്കുന്നു. അവർ അവിടെ ലോകത്തിന്റെ ഏത് കോണിലുള്ളവരോടും പരിധിയില്ലാതെ ആശയവിനിമയം നടത്തുന്നു. സൗഹൃദം പങ്കുവെക്കുന്നു, പ്രണയിക്കുന്നു, രാഷ്ട്രീയം പറയുന്നു എന്ന് മാത്രം അല്ല നിരവധി ആശയവിനിമയം സാധിക്കുന്നു.
കൊറോണ വൈറസ് രാജ്യവ്യാപകമായി പടർന്നപ്പോൾ അകലം പാലിച്ചുകൊണ്ടുള്ള വിവരക്കൈമാറ്റത്തിന് ഭരണകൂടത്തെ സഹായിച്ചത് ഇൻറർനെറ്റാണ്. കുട്ടികൾ പഠിക്കുന്നത് ഓൺലൈനിലൂടെയാണ്. ആളുകൾ ജോലി ചെയ്യുന്നത് സ്വന്തം വീട്ടിലിരുന്ന് (Work at Home) ഇന്റർനെറ്റ് ഉപയോഗിച്ചാണ്.
സ്മാർട്ഫോണുകൾ, പേഴ്സണൽ കംപ്യൂട്ടറുകൾ, ലാപ്ടോപ്പ്, സ്മാർട് ടിവികൾ തുടങ്ങിയവയുടെ വലിയൊരു വിപണിയാണ് ഇന്ത്യ. ഈ രംഗങ്ങളിലെ പ്രാദേശിക വ്യവസായങ്ങളും വളർന്നുവരിയാണ്. നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവ അടിസ്ഥാനമാക്കിയുള്ള സ്മാർട് സാങ്കേതിക വിദ്യകൾ വളർന്നുകൊണ്ടിരിക്കുന്നു.
കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ പ്രധാനമായും ലക്ഷ്യമിടുന്നതും ഐടി വ്യവസായത്തിന്റെ പ്രാദേശിക വത്കരണവും വികാസവുമാണ്. അതിന്റെ ഭാഗമായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത സങ്കേതിക വിദ്യകളും, സോഷ്യൽ മീഡിയാ സേവനങ്ങളും, ആപ്പുകളും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. അതിനായി സർക്കാർ വലിയ രീതിയിൽ നിക്ഷേപം നടത്തുന്നു.
അങ്ങനെ 25 വർഷംകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക മേഖലയെ അടിമുടി മാറ്റി മറിക്കുന്നതിൽ സുപ്രധാന കണ്ണിയായി മാറിയിരിക്കുന്നു ഇന്റർനെറ്റ്.
ടെലികോം രംഗം ഇപ്പോൾ 4ജിയിൽ എത്തി നിൽക്കുന്നു. ഇന്ത്യൻ
ടെലികോം രംഗം ഇപ്പോൾ 5ജിയിലേക്ക് കാലെടുത്തുവെക്കാൻ ഉള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഒരു സുപ്രധാന നിമിഷം ആണ് എന്ന് തന്നെ പറയാൻ കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍