പ്ലേസ്റ്റോറില്‍നിന്നും ആപ്പ്സ്റ്റോറിൽ നിന്നും നീക്കി
ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളും ആപ്പിളും ഇതിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്.
കോടതി നിർദേശം ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിൾ, ആപ്പിൾ എന്നീ ടെക് ഭീമന്മാർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികൾ ടിക് ടോക്ക് നീക്കിയത്.
വിനോദം എന്നതിലുപരിയായി വീഡിയോകളിൽ അശ്ലീലം കൂടിവരുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകൾ സുതാര്യമല്ല. ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചാണ് ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
യുവാക്കളും കൗമാരക്കാരുമാണ് ടിക് ടോക്കിന്റെ പ്രചാരകരിലേറെയും. വീഡിയോ ചിത്രീകരണം, എഡിറ്റിങ്, അപ്ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതാണ് ടിക് ടോക്കിനെ ജനപ്രിയമാക്കുന്നത്.
ടിക് ടോക് വീഡിയോകൾ ദുരുപയോഗം ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ലാക്മെയിലിങ് നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
0 അഭിപ്രായങ്ങള്‍