ബ്ലാക്ക്‌ബെറി മെസഞ്ചര്‍
വാട്സാപ്പിന് മുമ്പ് ഏറെ ജനപ്രീതിയുണ്ടായിരുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്ബെറി മെസഞ്ചർ അഥവാ ബിബിഎം പ്രവർത്തനം അവസാനിപ്പിക്കുന്നു. 2016 ൽ ബിബിഎമ്മിന്റെ ലൈസൻസ് ബ്ലാക്ക്ബെറി എംടെകിന് കൈമാറിയിരുന്നു. ബിബിഎമ്മിന്റെ ഉപഭോക്തൃ സേവനങ്ങൾ നിർത്തലാക്കുന്ന കാര്യം എംടെക് സ്ഥിരീകരിച്ചു. മേയ് 31 മുതലാണ് ബിബിഎം പ്രവർത്തനം നിർത്തുന്നത്.
അതേസമയം ബിബിഎമ്മിന്റെ എന്റർപ്രൈസ് പതിപ്പ് ഇനിമുതൽ ലഭ്യമാവും. വ്യക്തികൾക്ക് ഇത് ഉപയോഗിക്കാം. ആറ് മാസത്തേക്ക് 2.46 ഡോളറാണ് ഇത് ഉപയോഗിക്കാനുള്ള ചിലവ്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ബിബിഎം എന്റർപ്രൈസ് ആപ്പ് ലഭിക്കും.
ഒരു കാലത്ത് ലോകത്ത് മുന്നിട്ടുനിന്നിരുന്ന മെസേജിങ് സേവനമായിരുന്നു ബിബിഎം. 2005 ലാണ് ഇത് പുറത്തിറക്കിയത്. തുടക്കത്തിൽ ഇത് ബ്ലാക്ക്ബെറി ഉപകരണങ്ങളിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളു. ബ്ലാക്ക്ബെറി ഫോണുകൾക്ക് അക്കാലത്ത് പ്രത്യേകം ആരാധകരുണ്ടായിരുന്നു.
എന്നാൽ ആൻഡ്രോയിഡ് ഫോണുകൾ അതിവേഗം വളർന്നുവന്നു. വാട്സാപ്പ് ഉൾപ്പടെയുള്ള മെസേജിങ് സേവനങ്ങൾ ഇതോടൊപ്പം ജനപ്രീതിയാർജിച്ചു. ബ്ലാക്ക്ബെറിയ്ക്കും ബിബിഎമ്മിനും ഉപയോക്താക്കളെ നഷ്ടപ്പെടാൻ തുടങ്ങി. ഇതോടെ 2013ൽ ബ്ലാക്ക്ബെറി ബിബിഎമ്മിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറക്കി. എന്നാൽ അതിന് പിടിച്ച് നിൽക്കാനായില്ല.
ബിബിഎം എന്റർപ്രൈസ് ആപ്ലിക്കേഷൻ എന്റ് റ്റു എന്റ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് ബ്ലാക്ക്ബെറി പറഞ്ഞു. എംടെക്കിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ബിബിഎമ്മിന് പ്രതീക്ഷിച്ചപോലെ വളരാനായില്ലെന്നതിൽ വിഷമമുണ്ടെന്നും ബ്ലാക്ക്ബെറി വാർത്താകുറിപ്പിൽ പറഞ്ഞു.
മേയ് 31 ന് മുമ്പ് ബിബിഎമ്മിൽ പങ്കുവെച്ച ചിത്രങ്ങളും, വീഡിയോകളും ഫയലുകളും ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ബിബിഎം പ്രവർത്തനരഹിതമായാൽ ആർക്കും അത് തുറക്കാനാവില്ല.
0 അഭിപ്രായങ്ങള്‍