മൊബൈല്‍ ഫോണ്‍ വില വർധിച്ചേക്കും

 

Mobile phone spare price hike on union budget

മൊബൈൽ ഫോണുകളുടേയും ചാർജറുകളുടേയും അനുബന്ധ മൊബൈൽ പാർട്സുകളുടെ(ഭാഗങ്ങൾക്ക്) ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

പ്രാദേശിക ഉൽപാദനം, ആഭ്യന്തര മൂല്യവർധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

മൊബൈൽ ഫോൺ ഉപകരണ വിഭാഗത്തിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ 400 ഓളം ഇളവുകൾ പുനഃപരിശോധിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.


കൂടുതൽ ആഭ്യന്തര മൂല്യവർദ്ധനവിനായി, ചാർജറുകളുടെയും മൊബൈലിന്റെ ഭാഗങ്ങളുടെയും ഉപഭാഗങ്ങളുടെയും ചില ഇളവുകൾ പിൻവലിക്കുന്നു. കൂടാതെ, മൊബൈൽഫോണുകളുടെ ചില ഭാഗങ്ങളുടെ നിരക്ക് പൂജ്യത്തിൽ നിന്ന് 2.5 ശതമാനമാകുമെന്ന് മന്ത്രി പറഞ്ഞു.


ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുക, ആഗോള മൂല്യശൃംഖലയിലേക്ക് പ്രവേശിക്കാനും കയറ്റുമതി മികച്ചതാക്കാനും ഇന്ത്യയെ സഹായിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങൾ കസ്റ്റം ഡ്യൂട്ടി നയത്തിന് ഉണ്ടായിരിക്കണമെന്നും പറഞ്ഞു.

അതേസമയം ഇറക്കുമതി തീരുവയിലെ വർധനവ് രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില വർധനവിന് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറക്കുമതി ചിലവ് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തിൽ തന്നെ അനുബന്ധ ഭാഗങ്ങൾ ഉൾപ്പടെയുള്ളവ നിർമിക്കാൻ കമ്പനികൾ ശ്രമിച്ചുവരുന്നുണ്ട്.


സ്ക്രീൻ പാനൽ, ചിപ്പുകൾ ഉൾപ്പടെയുള്ള അനുബന്ധ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കൂട്ടിച്ചേർത്ത് വിൽക്കുകയാണ് പല കമ്പനികളും ഇപ്പോൾ ചെയ്തുവരുന്നത്. പുതിയ നിയമം വരുന്നതോടെ അനുബന്ധ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ കമ്പനികൾക്ക് നിർമിക്കേണ്ടി വരും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍