യൂട്യൂബില്‍ നിയന്ത്രണം

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നടപടിയുമായി യൂട്യൂബ്



ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നടപടിയുമായി യൂട്യൂബ്.
18 വയസിന് താഴെയുള്ള കുട്ടികളുടെ വീഡിയോകൾക്കുള്ള കമന്റുകൾ യൂട്യൂബ് നിർത്തലാക്കുകയാണ്. കുട്ടികളുടെ വീഡിയോകളുടെ കീഴിൽ പീഡോഫിലുകൾ (കുട്ടികളോട് ലൈംഗികതാൽപര്യം കാണിക്കുന്നവർ) വ്യാപകമായി അശ്ലീല കമന്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിരവധി ബ്രാന്റുകൾ യൂട്യൂബിന് പരസ്യം നൽകുന്നതിൽ നിന്നും പിൻമാറിയിരുന്നു.

അശ്ലീല കമന്റുകൾ വരാൻ സാധ്യതയുള്ള കുട്ടികളുടെ വീഡിയോകൾക്ക് മാത്രമായി നേരത്തെ തന്നെ യൂട്യൂബ് കമന്റുകൾ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളെ കാണിക്കുന്ന ഒരു വീഡിയോകൾക്കും കമന്റുകൾ ഇടാൻ സാധിക്കില്ല. വരും മാസങ്ങൾക്കുള്ളിൽ പുതിയ മാറ്റം നിലവിൽ വരുമെന്ന് യൂട്യൂബ് .

യൂട്യൂബിലെ കമന്റ് സൗകര്യം പീഡോഫിലുകൾ അശ്ലീല കമന്റുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നടപടി സ്വീകരിച്ചുവരികയാണെന്നായിരുന്നു യൂട്യൂബ് അന്ന് പറഞ്ഞത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ എടി ആന്റ് ടി, ഹാസ്ബ്രോ ഉൾപ്പടെയുള്ള പരസ്യ ദാതാക്കൾ യൂട്യൂബിൽ നിന്നും അവരുടെ പരസ്യം പിൻവലിച്ചു.

ചെറിയ കുട്ടികളുടെ വീഡിയോകൾക്ക് കീഴിലുള്ള കമന്റ് ബോക്സ് താനെ നിഷ്ക്രിയമാവുമെന്ന് യൂട്യൂബ് പുറത്തുവിട്ട പുതിയ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. മാതാപിതാക്കൾ അപ്ലോഡ് ചെയ്യുന്ന വീഡിയോകളും ഹ്രസ്വ ചിത്രങ്ങളും ഇതിൽ പെടും.

നേരത്തെ മുതിർന്ന കുട്ടികളുടെ വീഡിയോകൾക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല. എന്നാൽ അശ്ലീല കമന്റുകൾക്കിടയാക്കുന്ന ദൃശ്യങ്ങളാണ് അതിൽ ഉള്ളതെങ്കിൽ കമന്റുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ മുതിർന്ന കുട്ടികളുടേയും കൗമാരക്കാരുടേയും വീഡിയോകൾക്കെല്ലാം ഉള്ള കമന്റുകൾ ഇനി പൂർണമായും ഒഴിവാക്കും.

പ്രത്യേകം തയ്യാറാക്കിയ അൽഗോരിതം ഉപയോഗിച്ചാണ് വീഡിയോയിലെ കുട്ടികളുടെ സാന്നിധ്യം തിരിച്ചറിയുന്നതും കമന്റ് ബോക്സ് പ്രവർത്തന രഹിതമാക്കുന്നതും.

എന്നാൽ ചില ചാനലുകൾക്ക് മാത്രമായി കമന്റ് ബോക്സുകൾ തുറന്നുകൊടുക്കും. വിശ്വാസയോഗ്യരായ അറിയപ്പെടുന്ന യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർക്കും പ്രശസ്തരായ യൂട്യൂബർമാർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ ഇവരുടെ വീഡിയോകളും നിരന്തരം പരിശോധനകൾക്ക് വിധേയമാക്കും.

അശ്ലീല കമന്റുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള സാങ്കേതിക സംവിധാനവും യൂട്യൂബ് ഒരുക്കുന്നുണ്ട്. കുട്ടികൾക്ക് ദോഷകരമായ നിരവധി യൂട്യൂബ് ചാനലുകൾ യൂട്യൂബ് ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍