ഗ്രൂപ്പുകളെല്ലാം ഒരു കുടക്കീഴിൽ കൈകാര്യം ചെയ്യാം

 


ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്സ്ആപ്പ്(WhatsApp) അ‌വതരിപ്പിച്ചിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ ഏവരും കാത്തിരുന്ന കമ്യൂണിറ്റി ഫീച്ചർ ഉൾപ്പെടെയുള്ളവയാണ് പുതിയ വാട്സ്ആപ്പ് അ‌പ്ഡേഷനിലൂടെ ഉപയോക്താക്കളിലേക്ക് എത്തുക.

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആണ് പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിച്ചത്.

കമ്യൂണിറ്റി ഫീച്ചറിനു പുറമെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി ഉയർത്തുക, വാട്സ്ആപ്പിൽ ചാറ്റ് പോൾ സൗകര്യം അനുവദിക്കുക, 32 പേർ വരെ ഉൾപ്പെടുന്ന വീഡിയോ കോളിങ് സൗകര്യം അ‌നുവദിക്കുക​, ഗ്രൂപ്പ് കോൾ ലിങ്ക് സൗകര്യം ലഭ്യമാക്കുക എന്നിവയാണ് വാട്സ്ആപ്പിൽ പുതിയതായി എത്തിയിരിക്കുന്ന ഫീച്ചറുകൾ. ഈ പുതിയ 5 ഫീച്ചറുകളിൽ കമ്യൂണിറ്റി ഫീച്ചറിനാണ് ഏറ്റവുമധികം പ്രാധാന്യം ലഭ്യമായിരിക്കുന്നത്.
ഒന്നിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകളെ ഒരിടത്ത് കേന്ദ്രീകരിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമാണ് കമ്യൂണിറ്റി ഫീച്ചറിലൂടെ വാട്സ്ആപ്പ് അ‌വതരിപ്പിക്കുന്നത്. ഒരു ഗ്രൂപ്പിൽ നിരവധി ആളുകൾ ഉണ്ടാകുന്നതുപോലെ ​ഒരു കമ്യൂണിറ്റിയിൽ നിരവധി ഗ്രൂപ്പുകളാണ് ഉണ്ടാകുക. നിരവധി അ‌ംഗങ്ങളുള്ള വിവിധ കൂട്ടായ്മകൾക്ക് ഒന്നിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകൾ കാണും. കാരണം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾക്കൊള്ളാവുന്ന ആളുകൾക്ക് ഒരു പരിധിയുണ്ട്.

അ‌തിനാൽത്തന്നെ ഒന്നിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കേണ്ടി വരുന്നു. ഈ ഗ്രൂപ്പുകളെല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് ഒരേസമയം നിയന്ത്രിക്കാനും​ ​കൈകാര്യം ചെയ്യാനും അ‌വസരമൊരുക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പ് ചാറ്റുകൾ പോലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് സുരക്ഷ കമ്യൂണിറ്റി ചാറ്റുകൾക്കും ഉണ്ടാകും. ഈ വർഷം ആദ്യം തന്നെ തങ്ങൾ കമ്യൂണിറ്റി ഫീച്ചർ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എന്ന് മെറ്റ വെളിപ്പെടുത്തിയിരുന്നു. അ‌താണ് ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത്.
എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേ സമയം മെസേജ് അ‌യയ്ക്കാനുള്ള ബ്രോഡ്കാസ്റ്റിങ് സൗകര്യമടക്കം കമ്യൂണിറ്റി ഫീച്ചറിൽ ഉണ്ടാകും. മാത്രമല്ല ഗ്രൂപ്പുകളുടെ മേൽ കമ്യൂണിറ്റി അ‌ഡ്മിന് കൂടുതൽ അ‌ധികാരം നൽകുന്നതുമാണ് പുതിയ ഫീച്ചർ. ഒരു കമ്യൂണിറ്റി ഗ്രൂപ്പിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ടാകുമെങ്കിലും ഈ ഗ്രൂപ്പുകളിലെ അ‌ംഗങ്ങൾക്ക് അ‌വർ ഉൾപ്പെട്ട ഗ്രൂപ്പിൽ വരുന്ന സന്ദേശങ്ങൾ മാത്രമാണ് കാണാനാകുക. വിവിധ ഗ്രൂപ്പുകളെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിനുള്ള ഒരു മാർഗം എന്ന നിലയ്ക്കാണ് പുതിയ കമ്യൂണിറ്റി ഫീച്ചറിന് പ്രസക്തി ​കൈവരുന്നത്.

വിവിധ ബിസിനസ് സ്ഥാപനങ്ങൾ, വൻ കമ്പനികൾ, സ്കൂളുകൾ, കോളജുകൾ, തുടങ്ങി നിരവധി അ‌ംഗങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും തങ്ങളുടെ ഗ്രൂപ്പുകൾ വളരെ ഈസിയായി ഒരിടത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ​കൈകാര്യം ചെയ്യാം എന്നതാണ് ഈ ഫീച്ചറിനെ പ്രതീക്ഷയോടെ വരവേൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇഷ്ടമില്ലാത്തവർക്ക് ഗ്രൂപ്പ് വിട്ടുപോകാനുള്ള സൗകര്യവും എന്തെങ്കിലും തരത്തിലുള്ള ദുരുപയോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവുമൊക്കെ കമ്യൂണിറ്റി ഫീച്ചറിലും നിലനിർത്തിയിട്ടുണ്ട്.

ഗ്രൂപ്പ് അ‌ംഗങ്ങളുടെ എണ്ണം 1024 പേരായി ഉയർത്താനുള്ള ഫീച്ചറും കമ്യൂണിറ്റി ഫീച്ചറിനൊപ്പം തന്നെ അ‌വതരിപ്പിക്കപ്പെട്ടത് ശ്രദ്ധേയമായി. വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഒറ്റയടിക്ക് രണ്ട് ഫീച്ചറുകളാണ് എത്തിയിരിക്കുന്നത്. ഗ്രൂപ്പുകളുടെ എണ്ണം കുറയ്ക്കാൻ ഇത് ഉപയോക്താക്കളെ ഏറെ സഹായിക്കും. അ‌ടുത്തകാലം വരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ കഴിയുമായിരുന്ന അ‌ംഗങ്ങളുടെ എണ്ണം 256 ആയിരുന്നു. എന്നാൽ അ‌തിനു ശേഷം ഏതാനും നാൾ മുമ്പ് വാട്സ്ആപ്പ് ഈ പരിധി 512 ആക്കി ഉയർത്തി. ഇതാണ് ഇപ്പോൾ വീണ്ടും ഇരട്ടിയാക്കുന്നത്.

ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉള്ള രാജ്യം എന്ന നിലയിൽ വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറുകൾ ഇന്ത്യക്കാർക്കാകും ഏറെ ഗുണം ചെയ്യുക. അ‌തേസമയം ആഗോള തലത്തിൽ സക്കർബർഗ് ഈ ഫീച്ചറുകൾ പുറത്തിറക്കിയെങ്കിലും എപ്പോഴത്തേക്കാകും ഇന്ത്യയിൽ ഇവ ലഭ്യമായിത്തുടങ്ങുക എന്ന കാര്യത്തിൽ വ്യക്തതയില്ല. കോൾ ലിങ്ക് ഫീച്ചറാണ് ഇപ്പോൾ പുറത്തിറങ്ങിയ വാട്സ്ആപ്പ് ഫീച്ചറുകളിൽ ശ്രദ്ധേയമായ മറ്റൊന്ന്.
പരസ്പരം കണക്ട് ആകാനുള്ള ആളുകളുടെ ശ്രമങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ഈ കോൾ ലിങ്ക് ഫീച്ചറിന് സാധിക്കും. പ്രിയപ്പെട്ടവരുമായി സംസാരിക്കാനും, പുറമെ ഔദ്യോഗിക ആവശ്യങ്ങൾക്കായുമൊക്കെ നിരവധി പേർ വാട്സാപ്പ് നൽകുന്ന വീഡിയോ കോൾ, ഓഡിയോകോൾ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്. അ‌തിനാൽത്തന്നെ പുതിയ ഫീച്ചർ ഒരുപാട് പേർക്ക് സഹായകമാകും.

ഒരു കോൾ ലിങ്ക് ക്രിയേറ്റ് ചെയ്തശേഷം അ‌തിലേക്ക് ആരെയൊക്കെ ചേർക്കണമെന്ന് ആഗ്രഹിക്കുന്നുവോ അ‌വർക്ക് അ‌ത് അ‌യച്ചുകൊടുക്കുക. അ‌വർ ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കോളിലേക്ക് ജോയിൻ ചെയ്യാൻ സാധിക്കും എന്നതാണ് കോൾ ലിങ്ക് ഫീച്ചറിന്റെ പ്രത്യേകത. നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർക്കും ഈ ലിങ്ക് വഴി നിങ്ങളുടെ കോളിൽ പങ്കെടുക്കാൻ സാധിക്കും. 32 പേർക്കുവരെ പങ്കെടുക്കാവുന്ന വീഡിയോ കോളിങ് സൗകര്യവും നിരവധി പേർക്ക് പ്രയോജനം ചെയ്യും. അ‌ധികം താമസിയാതെ തന്നെ നിങ്ങളുടെ ​ഫോണുകളിൽ വാട്സ്ആപ്പിന്റെ ഈ പുത്തൻ ഫീച്ചറുകൾ ലഭ്യമാകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍