ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കുമ്പോള്‍

 


ബിഎസ്എൻഎൽ നവംബർ മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്.

നിലവിൽ 3ജി സേവനം മാത്രം നൽകുന്ന ഏക ടെലികോം കമ്പനി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎലാണ്. സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് വരുന്നത്.

ഈ വർഷം നവംബറോടുകൂടി 4ജിയിലേക്ക് മാറുന്ന ബിഎസ്എൻഎൽ അടുത്ത വർഷം തന്നെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് കമ്പനിയുടെ പ്രഖ്യാപനം.

18 മാസങ്ങൾക്കുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ രാജ്യത്ത് സ്ഥാപിക്കും. നവംബറിൽ 4ജി സേവനം തുടങ്ങി രാജ്യത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. 4ജി പ്ലാൻ താരിഫുകൾ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടിസിഎസും സി-ഡോട്ടുമായി ചേർന്നാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഒരുക്കുക. 2023 ൽ ബിഎസ്എൻഎലിനെ 5ജിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. നോക്കിയയും ബിഎസ്എൻഎലിന്റെ 4ജി സേവനത്തിന് സാങ്കേതിക പിന്തുണ നൽകും. മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎലിന്റെ 4ജി വിന്യാസം പൂർത്തിയാക്കുമെന്ന് നോക്കിയ പറഞ്ഞു.

ഏതെല്ലാം ആദ്യം നഗരങ്ങളിലാണ് 4ജി എത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മാസങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിലെ ഉപഭോക്താക്കളോട് സിംകാർഡുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ബിഎസ്എൻഎൽ നൽകാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നഗരങ്ങളിൽ ബിഎസ്എൻഎൽ 4ജി തുടക്കത്തിൽ തന്നെ എത്താനിടയുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍