ഒക്ടോബർ 1 മുതൽ 5ജി സേവനങ്ങളിലേക്ക് ഇന്ത്യ

 



രാജ്യം കാത്തിരുന്ന നിർണായക മാറ്റത്തിലേക്ക് ഇനി ഏതാനും ദിവസങ്ങളുടെ ദൂരം മാത്രം. ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

പ്രഗതി ​മൈതാനിയിൽ ആരംഭിക്കുന്ന ​ഇന്ത്യ മൊ​ബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനത്തോട് അ‌നുബന്ധിച്ചാകും 5ജി സേവനങ്ങൾക്കും തുടക്കം കുറിക്കുക. നാഷണൽ ബ്രോഡ്ബാൻഡ് മിഷനാണ് ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റൽ രൂപാന്തരവും കണക്ടിവിറ്റിയും പുത്തൻ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനത്തിന് തുടക്കമിടുമെന്നാണ് ട്വീറ്റിൽ നാഷണൽ ബ്രോഡ്ബാൻഡ് മിഷൻ കുറിച്ചത്.

ടെലികോം മന്ത്രാലയത്തിന്റെ മുഖ്യ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ്. 

ഒക്ടോബർ 1 മുതൽ നാല് വരെയാണ് ഇന്ത്യാ മൊബൈൽ കോൺഗ്രസ് നടക്കുക. ഇതോടനുബന്ധിച്ചുതന്നെ വേഗതയുടെ പാതയിലേക്ക് കടക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. നിലവിലെ ഇന്റർനെറ്റ് വേഗത്തിന്റെ പത്തു മടങ്ങ് വേഗത കിട്ടുന്ന 5ജി സേവനങ്ങളിലേക്ക് രാജ്യം ഉടൻ മാറുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

കൂടാതെ ദീപാവലിയോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസിന്റെ ജിയോയും പ്രഖ്യാപിച്ചിരുന്നു. മറ്റൊരു പ്രമുഖ ടെലികോം സേവന ദാതാവായ എയർടെലും 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിൽ ആണ്. 5 ജി നടപ്പായാൽ രാജ്യത്തെ ഇൻറർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറിയ ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനും സർവ്വീസ് പ്രൊവൈഡർമാർക്ക് സാധിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍