കേന്ദ്ര ബജറ്റിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്

 


2022 - 23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് കടലാസ് രഹികമാക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ. ഇതിനായി ധനമന്ത്രാലയം പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

അതിനായി മൊബൈൽ ആപ്പ് ആണ് സർക്കാർ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റ് നാളെ ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. യൂണിയൻ ബജറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഈ ബജറ്റിന്റെ എല്ലാ അപ്ഡേറ്റുകളും ലഭ്യമാകും. Android, iOS ഡിവൈസുകളിൽ ലഭ്യമാണ്.

ഇതാദ്യമായാണ് കേന്ദ്ര സർക്കാർ കേന്ദ്ര ബജറ്റിന് കടലാസ് രഹിതമാക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ പൊതുജനങ്ങൾക്കും എംപിമാർക്കും സാധാരണ രീതിയിൽ പേപ്പറിലാണ് ലഭ്യാക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് ആപ്പിലൂടെ ആയിരിക്കും ലഭ്യമാകുക. നാളെ പാർലമെന്റിൽ അവതരിപ്പിച്ചതിന് ശേഷം 2022ലെ കേന്ദ്ര ബജറ്റ് ഈ പുതിയ ആപ്പിൽ ലഭ്യമാകും. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്കും ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും.
പുതിയ യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. സമാനമായ പേരിലുള്ള നിരവധി ആപ്പുകൾ പുറത്തിറക്കി ആളുകളെ കബളിപ്പിക്കാനും ഓൺലൈനിൽ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ട് തന്ന യൂണിയൻ ബജറ്റ് എന്ന പേരിലുള്ള ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിന് മുമ്പ് അത് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ പുറത്ത് വിട്ട ആപ്പ് ആണെന്ന കാര്യം ഉറപ്പ് വരുത്തണം.



പുതിയ കേന്ദ്ര ബജറ്റ് മൊബൈൽ ആപ്പ് ഔദ്യോഗിക യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനും സംവിധാനം ഉണ്ട്. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട 14 രേഖകളിലേക്ക് യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് ആക്സസ് നൽകും. ഈ രേഖകളിൽ ഭരണഘടനാ പ്രകാരമുള്ള വാർഷിക സാമ്പത്തിക പ്രസ്താവന, ബജറ്റ്, ധനകാര്യ ബിൽ, ബജറ്റ് പ്രസംഗം, ഗ്രാന്റുകൾക്കുള്ള ആവശ്യം മുതലായവ ഉണ്ടായിരിക്കും.
മുകളിൽ സൂചിപ്പിച്ച രേഖകൾ എല്ലാം തന്നെ പിഡിഎഫ് ഫോർമാറ്റിലാണ് ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ലഭ്യമാകുന്നത്. ഇത് അതേ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും കഴിയും.എങ്ങനെയാണ് യൂണിയൻ ബജറ്റ് ആപ്പ് ഡൌൺലോഡ് ചെയ്യുന്നത് എന്ന കാര്യം നോക്കുക.

ആപ്പ് ഡൌൺലോഡ് ചെയ്യാം

1: നിങ്ങൾ ഉപയോഗിക്കുന്ന മൊബൈലിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് പ്ലേ സ്റ്റോർ ഓപ്പൺ ചെയ്യുക

2: യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് സെർച്ച് ചെയ്യുക

3: എൻഐസി e-gov മൊബൈൽ ആപ്പുകളിൽ യൂണിയൻ ബജറ്റ് ആപ്പ് തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് അവയുടെ വിവരങ്ങൾ പുറത്ത് വരാൻ പാടില്ലെന്ന് കർശന നിയമം ഉണ്ട്. അതിനായി ആപ്പിൽ ബജറ്റിന്റെ പിഡിഎഫ് ഫയലായി ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അവതരണത്തിന് ശേഷമായിരിക്കും നടക്കുന്നത്. ഇതിനും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കും. യൂണിയൻ ബജറ്റ് രൂപപ്പെടുത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന പ്രധാന ഉദ്യോഗസ്ഥർ ബജറ്റ് തയ്യാറാക്കിയ ശേഷം അവരുടെ ജോലിസ്ഥലങ്ങളിൽ 'ലോക്ക്-ഇൻ' ചെയ്യപ്പെടും. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ് ഇതെന്നാണ് മന്ത്രാലയം വിശദീകരിക്കുന്നത്. നാളെ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിനുശേഷം മാത്രമേ ഈ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ പ്രിയപ്പെട്ടവരെപ്പോലും ബന്ധപ്പെടാൻ കഴിയൂ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍