ജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും

 



ഇന്ത്യയിൽ 5ജി എത്തിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ. ഇതിനൊപ്പം തന്നെ 5ജി സപ്പോർട്ട് ചെയ്യുന്ന ജിയോഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഇന്ത്യയിലെ 4ജി നെറ്റ്‌വർക്കിൽ വിപ്ലവം സൃഷ്ടിച്ച ജിയോഫോൺ പോലെ വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണും വികസിപ്പിക്കുകയാണ് ജിയോ. ജിയോഫോൺ 5ജിയുടെ സവിശേഷതകൾ ആൻഡ്രോയിഡ് സെൻട്രൽ എന്ന വെബ്സൈറ്റ് പുറത്ത് വിട്ടിട്ടുണ്ട്.
ജിയോ അടുത്തിടെയാണ് അവരുടെ 4ജി സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിച്ചത്. ഇത് ഗൂഗിളുമായി സഹകരിച്ചാണ് പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ ജിയോഫോൺ 5ജി സമാനമായ ഡിസൈനിൽ അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളോടെ ആയിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. നിലവിലെ മാർക്കറ്റ് ട്രെൻഡും ഇന്ത്യയിൽ ഇതിനകം ലഭ്യമായ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോണുകളും കണക്കിലെടുക്കുമ്പോൾ ജിയോഫോൺ 5ജി ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കാൻ സാധ്യതയുണ്ട്.

എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ (1600×700)6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനുമായിട്ടായിരിക്കും ജിയോഫോൺ 5ജി പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 480 5G എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് നിലവിൽ ക്വാൽകോമിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 5ജി ചിപ്പാണ്. 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ജിയോഫോൺ 5ജി സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടായിരിക്കും.

എൻ3, എൻ5, എൻ28, എൻ40, എൻ78 എന്നിങ്ങനെ അഞ്ച് 5ജി ബാൻഡുകളെ വരെ ജിയോഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഒരേ നെറ്റ്‌വർക്ക് ബാൻഡ്‌വിഡ്‌ത്തിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. രണ്ട് ക്യാമറകളായിരിക്കും ജിയോഫോൺ 5ജിയിൽ മൊത്തത്തിൽ ഉണ്ടാവുക. ഇതിൽ രണ്ടിലും എച്ച്‌ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും പിന്നിൽ 13 എംപി പ്രൈമറി ക്യാമറയുമായിരിക്കും ഉണ്ടാവുക.

യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 mAh ബാറ്ററിയുമായിട്ടായിരിക്കും ജിയോയുടെ ആദ്യത്തെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക. മികച്ച സോഫ്റ്റ്‌വെയർ അനുഭവം നൽകുന്ന ഡിവൈസ് ആയിരിക്കും ഇത്. ജിയോ ഡിജിറ്റൽ സ്യൂട്ടിൽ നിന്നുള്ള വിവിധ ആപ്പുകൾക്കൊപ്പം ആൻഡ്രോയിഡ് 11 ഒഎസിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക. ജിയോഫോൺ നെക്സ്റ്റിന്റെ വില കണക്കിലെടുക്കുമ്പോൾ ജിയോഫോൺ 5ജിയുടെ വില 10,000 രൂപയിൽ താഴെ മാത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ജിയോഫോൺ 5ജി ഉപയോക്താക്കൾക്കായി ജിയോ പ്രത്യേകം 5ജി ഓഫറുകളും പ്രഖ്യാപിക്കും.

ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്ന ജിയോഫോൺ 5ജിയുടെ സവിശേഷതകൾ നോക്കിയാൽ ഈ ഡിവൈസ് മികച്ചൊരു 5ജി ഫോൺ ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ ഡിവൈസിന് ഏകദേശം 10000 രൂപയായിരിക്കും വില എന്നത് കൂടി പരിഗണിക്കുമ്പോൾ ജിയോഫോൺ 5ജി വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍