ബ്രോഡ്ബാൻഡ് രംഗത്തും മേധാവിത്വം തുടർന്ന് റിലയൻസ് ജിയോ

 



മൊബൈൽ രംഗത്ത് മാത്രമല്ല, ഫിക്സഡ് ബ്രോഡ്ബാൻഡ് സെഗ്മെന്റിലും റിലയൻസ് ജിയോ സമഗ്രാധിപത്യം പുലർത്തുകയാണ്.

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) പുറത്ത് വിട്ട പ്രതിമാസ സബ്‌സ്‌ക്രൈബർ റിപ്പോർട്ട് പ്രകാരം ഫിക്സഡ് ബ്രോഡ്‌ബാൻഡ് വിഭാഗത്തിലെ ഏറ്റവും വലിയ സേവന ദാതാവാണ് നിലവിൽ റിലയൻസ് ജിയോ. 2019 അവസാനത്തോടെ മാത്രമാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ സേവനം ആരംഭിച്ചത്. രണ്ട് വർഷത്തിനിപ്പുറം ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്മെന്റിലെ ഏറ്റവും വലിയ പ്ലേയർ ആയും ജിയോ ഫൈബർ മാറിയിരിക്കുന്നു. അതും രണ്ട് പതിറ്റാണ്ടോളം ഫിക്സഡ് ബ്രോഡ്‌ബാൻഡ് വിഭാഗത്തിലെ രാജാവായിരുന്ന ബിഎസ്എൻഎല്ലിനെ തോൽപ്പിച്ച് കൊണ്ട്.

റിലയൻസ് ജിയോ പ്രീപെയ്ഡ് സേവനങ്ങളുമായി വിപണിയിലെത്തിയ കാലം ഓർമയില്ലേ, അസാധ്യമെന്ന് കരുതിയ നിരക്കുകളിൽ കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകി ടെലിക്കോം വിപണിയെ ഉടച്ച് വാർത്ത് കൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശനം തന്നെ. സമാനമായ ബിസിനസ് തന്ത്രം തന്നെയാണ് ജിയോ ഫിക്സഡ് ബ്രോഡ്‌ബാൻഡ് വിഭാഗത്തിലും പ്രയോഗിക്കുന്നത്. ഫിക്സഡ് ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്ക് എതിരാളികൾ നൽകുന്ന പ്ലാനുകളെക്കാൾ 35 മുതൽ 45 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ജിയോ ഫൈബർ പ്ലാനുകൾ ഏത്തുന്നത്. മാത്രമല്ല അതിവേഗ ഇന്റർനെറ്റും കോംപ്ലിമെന്ററി സേവനങ്ങളും നൽകി ബ്രോഡ്ബാൻഡ് വിപണിയെയും റിലയൻസ് ജിയോ തങ്ങളുടെ തന്ത്രങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍