തൊഴില്‍രഹിത വേതനം എങ്ങനെ നേടാം?

 


തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ചെറിയൊരു സഹായമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍രഹിത വേതനം നല്‍കുന്നത്.

120 രൂപയാണ് പ്രതിമാസം ലഭിക്കുക.
18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ രഹിത വേതനത്തിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയിലും വ്യക്തിഗത പ്രതിമാസ വരുമാനം 100 രൂപയിലും അധികമാകരുത്. മൂന്നു വര്‍ഷം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി വേണം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദായാല്‍ പുനർ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം.

ഗ്രാമപ്പഞ്ചായത്ത്/നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇതിൽ തീരുമാനം എടുക്കാനുള്ള അവകാശം ഇവര്‍ക്കാണ്. അപേക്ഷ ലഭിച്ച് അടുത്ത മാസം മുതലാണ് വേതനത്തിന് അര്‍ഹത.

തൊഴിൽരഹിത വേതന അപേക്ഷ നൽകാം

1. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ.
2. SSLC ബുക്കിന്റ സാക്ഷൃപ്പെടുത്തിയ പകർപ്പ്.
3. എംപ്ലോയീമെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ സാക്ഷൃപ്പെടുത്തിയ പകർപ്പ്.
4. റേഷൻ കാർഡിന്റെ സാക്ഷൃപ്പെടുത്തിയ പകർപ്പ്.
5. ഐഡി കാർഡിന്റെ സാക്ഷൃപ്പെടുത്തിയ പകർപ്പ്.
6. ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ ഒർജിനലും പകർപ്പും.
7. പ്രതിമാസം 100 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്നില്ലന്ന സതൃവാങ്‌മൂലം.
8.കുടുംബ വരുമാന പരിധി 12000 രൂപയിൽ കുടരുത്.

അപേക്ഷ ഫോറം

നിബന്ധനകൾ

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭിച്ചവര്‍ക്ക് തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയില്ല. തുടര്‍ച്ചയായി രണ്ടുതവണ വേതനം കൈപ്പറ്റാതിരുന്നാല്‍ വേതനം റദ്ദാക്കും. കൂടാതെ, കളക്ടര്‍ക്ക് അപേക്ഷ നല്‍കി അത് കണ്‍ഡോണ്‍ ചെയ്യാവുന്നതും വേതനം പുനഃസ്ഥാപിക്കാവുന്നതുമാണ്. താമസം മാറിയാല്‍ പുതിയ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപനത്തില്‍ ഒരു മാസത്തിനകം അപേക്ഷ നല്‍കേണ്ടതാണ്. കല്യാണം കഴിഞ്ഞുപോയവര്‍ക്കും ഇത് ബാധകമാണ്. സംസ്ഥാനത്ത് സ്ഥിര താമസക്കാരല്ലാതാകുമ്പോഴും വരുമാനം പരിധിയില്‍ കവിയുമ്പോഴും വേതനത്തിനുള്ള അര്‍ഹത നഷ്ടപ്പെടും.

തൊഴിൽ രഹിത വേതന പദ്ധതി

എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന തുകയാണ് തൊഴിൽ രഹിത വേതനം .
12.11.82 ലെ ജി ഓ (പി )40 /82 എൽബിആർ നമ്പർ പ്രകാരമുള്ള ഉത്തരവ് പ്രകാരം 1982. ലാണ് ഈ പദ്ധതി കേരള സർക്കാർ ആരംഭിച്ചത് . എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിലൂടെ നടപ്പിലാക്കിയ ഈ പദ്ധതി ഇപ്പോഴും തുടർന്നുവരുന്നു. എസ് എസ് എൽ സി പാസ്സാണ് . പൊതുവിഭാഗത്തിന്റെ കുറഞ്ഞ യോഗ്യത . കുടുംബത്തിന്റെ വാർഷിക വരുമാനം 12000 /- (പന്ത്രണ്ടായിരം രൂപ മാത്രം ) രൂപയിൽ കൂടുതലാവാൻ പാടില്ല . എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് 18. വയസ്സ് തികഞ്ഞതിന് ശേഷം മൂന്നു വർഷത്തെ തുടർച്ചയായ രജിസ്ട്രേഷൻ സീനിയോറിറ്റി ഉള്ളവർക്കുമാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. (ഉദ്യോഗാർത്ഥിക്കു 21 വയസ്സ് പൂർത്തിയായിരിക്കണം ) ഉയർന്ന പ്രായപരിധി 35 വയസ്സാണ് . വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരല്ല . സാധാരണ രീതിയിൽ സ്കൂളുകളിൽ ചേർന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷ എഴുതി പാസ്സാകാത്ത പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ 18 വയസ്സ് തികഞ്ഞ ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് .
സാധാരണ രീതിയിൽ സ്കൂളുകളിൽ ചേർന്ന് പഠിച്ച് പരീക്ഷ എഴുതിയതും എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിൽ രജിസ്റ്റർ ചെയ്തു തുടർച്ചയായി 2 വർഷത്തെ സീനിയോറിറ്റി ഉള്ളതുമായ 18 വയസ്സ് തികഞ്ഞ ഭിന്നശേഷിക്കാർക്ക് പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ് . മേൽപ്പറഞ്ഞ രീതിയിൽ അർഹരായ ഉദ്യോഗാർത്ഥികൾക്ക് എല്ലായ്പ്പോഴും തൊഴിൽരഹിത വേതനത്തിന് അപേക്ഷിക്കാവുന്നതാണ് . അവരവരുടെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . നിലവിലുള്ള വേതനം 120 /-(നൂറ്റിഇരുപത് രൂപ മാത്രം ) രൂപയാണ് . സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് തുക മാറും . തദ്ദേശ സ്ഥാപനങ്ങളാണ് വേതനം വിതരണം ചെയ്യുക . സർക്കാരിന്റെ പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് , പുതുക്കൽ അനുവദിച്ച തീയതി മുതൽ 3 വർഷത്തിനുശേഷമേ ഈ ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളൂ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍