ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

 


ഹുവാവേയുടെ സബ് ബ്രാൻഡായ ഹോണർ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. ഹോണർ 10 എക്സ് ലൈറ്റ് എന്ന സ്മാർട്ട്ഫോണാണ് കമ്പനി ആഗോള വിപണിയിൽ അവതരിപ്പിച്ചത്.

പുതിയ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ആഗോള വിപണിയിൽ അവതരിപ്പിച്ച ഹോണർ ഫോണുകളിൽ മിക്കതും ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഈ ഡിവൈസും വൈകാതെ ഇന്ത്യയിലെത്തിയേക്കും.


ഹോണറിന്റെ പുതിയ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 229.90 യൂറോ മുതലാണ്. ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. തിരഞ്ഞെടുത്ത വിപണികളിൽ ഈ ഡിവൈസിന് 30 യൂറോ (ഏകദേശം 2,600 രൂപ)യുടെ അധികം കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം സൗദി അറേബ്യയിൽ 769 റിയാൽ എന്ന വിലയ്ക്കാണ് ഹോണർ 10 എക്സ് ലൈറ്റ് വിൽപ്പനയ്ക്ക് എത്തിയത്. ഇത് ഇന്ത്യൻ കറൻസി ഏകദേശം 15,200 രൂപയാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 × 2400 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും കമ്പനി നൽകിയിട്ടുണ്ട്. 22.5W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

ഹോണർ 10 എക്സ് ലൈറ്റ് ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക്ക് യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. പക്ഷേ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള ഗൂഗിൾ സേവനങ്ങൾ ഒന്നും തന്നെ ഈ ഡിവൈസിൽ ഉണ്ടായിരിക്കില്ല. പകരം ഹുവാവേ ആപ്പ് ഗാലറിയായിരിക്കും ഡിവൈസിൽ ഉണ്ടാവുക. എച്ച്എംഎസ് 4.1 ആണ് ഹുവാവേ സേവനങ്ങൾ ഫോണിന് നൽകുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ 710 എ പ്രോസസറാണ് ഹോണർ എക്സ് 10 സ്മാർട്ട്ഫോണിന്റെ കരുത്ത്.

എഫ് / 1.8 ലെൻസുള്ള 48 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് 8 എംപി സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍