ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്ത് ?




സാധാരണ കൈയ്യൊപ്പ് പോലെ തന്നെ പ്രാധാന്യമുള്ളതും വിലപിടിപ്പുള്ളതുമായ ഒന്നാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍.
ഇലക്ട്രോണിക് മാധ്യത്തില്‍ രേഖകള്‍ കൈമാറുമ്പോള്‍ അതില്‍ കൈയ്യൊപ്പ് പതിക്കാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് അതിന് പകരമായാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. ഇതിന് സാധാരണ കൈയ്യൊപ്പ് പതിക്കുന്നതിന് തുല്യം തന്നെയാണ്.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്-2000 (IT Act-2000) പ്രകാരം ഡിജിറ്റല്‍ സിഗ്നേച്ചറിന് കൈയ്യൊപ്പിന് തുല്യമായ നിയമ സാധുത നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്‍റ് കൈമാറിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറുന്നതിനോ അത് നിഷേധിക്കുന്നതിനോ ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ ഉടമസ്ഥന് സാധിക്കില്ല. ഈ സിഗ്നേച്ചര്‍ ഉപയോഗിക്കാനുള്ള അവകാശം ഗവണ്‍മെന്‍റ് അംഗീകൃത ഏജന്‍സികളില്‍ നിന്ന് നിശ്ചിത ഫീസ് നല്‍കി നേടിയെടുക്കാം. ഇങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന് നേടിയെടുക്കുന്ന അവകാശമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (Digital Signature Certificate). ടെക്നോളജിയില്‍ ദൈനം ദിനം വന്നു കൊണ്ടിരിക്കുന്ന പുരോഗമനങ്ങളുടെ ഫലമായി മിക്കവാറും എല്ലാ ഇടപാടുകളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രമായി മാറും. ആയത് കൊണ്ട് ഇനിയുള്ള കാലങ്ങളില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന് പ്രാധാന്യം വര്‍ദ്ധിക്കും എന്നത് തീര്‍ച്ചയാണ്.
ഡിജിറ്റല്‍ സിഗ്നേച്ചറുകളെ അവയുടെ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ Class-2, Class-3, DGFT എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. സാധാരണ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും ഇന്‍കം ടാക്സ്  ഇ-ഫയലിംഗിനും, ഫോം-16 ഇഷ്യു ചെയ്യുന്നതിനുമെല്ലാം Class-2 ഡിജിറ്റല്‍ സിഗ്നേച്ചറാണ് ആവശ്യം. Class-3 സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത് ഇ-ടെണ്ടര്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കാണ്. DGFT  ഉപയോഗിക്കുന്നത് സാധനങ്ങള്‍ളുടെ കയറ്റുമതി, ഇറക്കുമതി തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ്.സ്പാര്‍ക്കിലും ബിംസിലും എല്ലാം ഉപയോഗിക്കുന്നതിന് Class-2 സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.

കൂടാതെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് 1 വര്‍ഷം, 2 വര്‍ഷം എന്നിങ്ങനെ  കാലാവധിയുള്ളത് ഉണ്ട്. ഇവിടുന്നങ്ങോട്ട് എല്ലാ കാലങ്ങളിലും ഇത് വേണ്ടത്കൊണ്ട് 2 വര്‍ഷം കാലാവധിയുള്ളത് എടുക്കുന്നതാണ് സാമ്പത്തിക ലാഭം നല്‍കുന്നത്. കാലാവധി തീരുമ്പോള്‍ വീണ്ടും പണം നല്‍കി സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഒരു സോഫ്റ്റ്‍ ഫയലാണ്.  ഇതിന്‍റെ പ്രാധാന്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ഇത് ഇപ്പോള്‍ നല്‍കുന്നത് USB Token എന്നറിയപ്പെടുന്ന, സാധാരണ പെന്‍ഡ്രൈവ് പോലെ തോന്നിക്കുന്ന ഒരു ഡിവൈസിലാണ്. ഈ ഉപകരണത്തില്‍ ചേര്‍ക്കപ്പെടുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് വളരെ സുരക്ഷിതമാണ്. ഇത്  ഓപ്പണ്‍ ചെയ്തതിന് ശേഷം ഡോക്യുമെന്‍റുകളില്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നതിന് പാസ്‍വേര്‍ഡ് നിര്‍ബന്ധമാണ്. ഈ പാസ്‍വേര്‍ഡ് അറിയാത്ത ഒരാള്‍ക്ക് ഇത് ദുരുപയോഗം ചെയ്യാന്‍ കഴിയില്ല.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് സ്റ്റോര്‍ ചെയ്യുന്നതിനുള്ള USB Token പല കമ്പനികളും പുറത്തിറക്കുന്നുണ്ട്. TRUST KEY, ePass2003, Watchdata, Moserbaer, Gemalto തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍