വിവരങ്ങൾ നൽകാൻ വിക്കിപീഡിയയ്ക്ക് പണം നൽകണോ ?









ലോകത്തെവിടെയുമുള്ള കാര്യങ്ങളില്‍ സംശയം തീര്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ആദ്യം ആശ്രയിക്കുന്നത് വിക്കിപീഡിയ എന്ന സര്‍വ്വവിജ്ഞാന സൈറ്റിനെയാണ്. എന്നാല്‍ ഇപ്പോള്‍ വിക്കിപീഡിയ തുറക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ആദ്യമെത്തുന്നത് വൈകാരികമായ ഒരു സന്ദേശമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റാണ് ഇതെന്നും തങ്ങള്‍ക്ക് പരസ്യങ്ങളില്ലെന്നും സന്ദേശത്തില്‍ പറയുന്നു. നിങ്ങളെപ്പോലുള്ള വായനക്കാരില്‍ നിന്നുള്ള സംഭാവനയാണ് ഞങ്ങളെ നിലനിര്‍ത്തുന്നതെന്നും വിക്കിപീഡിയ ഫൗണ്ടേഷന്‍ ഇന്ത്യക്കാരായ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒന്നു രണ്ടുതവണ ഈ സന്ദേശം കണ്ട് ഒഴിവാക്കിയാല്‍ നിങ്ങള്‍ സ്ഥിരമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന അവഗണിക്കുകയാണെന്നും അടുത്ത സന്ദേശമെത്തും.

വിക്കിപീഡിയയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യക്കാരോട് മാത്രമല്ല ലോകമെങ്ങുമുള്ള ഉപഭോക്താക്കളോട് വിക്കിപീഡിയ സംഭാവന ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികസഹായം തേടി വിക്കിപീഡിയ സന്ദേശങ്ങള്‍ നല്‍കുന്നത് ഇതാദ്യമല്ല. ലാഭേച്ഛയില്ലാത്ത സൈറ്റ് തുടര്‍ന്നുകൊണ്ടുപോകാന്‍ മുമ്പും ഇവര്‍ വായനക്കാരോട് സഹായം ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് എഡിറ്റര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേതനം നല്‍കാന്‍ സഹായകമാകുമെന്ന് 2015 ല്‍ ഒരു ബ്ലോഗില്‍ ഡബ്ല്യുഎംഎഫ് വ്യക്തമാക്കിയിരുന്നു. വിക്കിപീഡിയയെയും അതിന്റെ സഹോദര സൈറ്റുകളെയും സുരക്ഷിതവും വേഗതയേറിയതും എളുപ്പത്തില്‍ ലഭ്യമാക്കുന്നതുമായി നിലനിര്‍ത്താനും ഈ ഫണ്ട് വഴി കഴിയുമെന്നും വിക്കിഫൗണ്ടേഷന്‍ പറയുന്നു.

പ്രതിമാസം 54 ദശലക്ഷത്തിലധികം ലേഖനങ്ങളുമായെത്തുന്ന വിക്കിപീഡിയയിലേക്ക് 1.5 ബില്യണ്‍ സന്ദര്‍ശകരാണ് ആകര്‍ഷിക്കപ്പെടുന്നത്. Wikipedia.com, wikipedia.org എന്നീ ഡൊമെയ്നുകളിലായി യഥാക്രമം 2001 ജനുവരി 12നും 2001 ജനുവരി 13നുമാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. വിക്കിപീഡിയ നല്‍കുന്ന വിവരങ്ങള്‍ എല്ലാം സത്യമല്ലെന്നറിയാമെങ്കിലും വിവരങ്ങള്‍ക്കായി ആളുകള്‍ ആദ്യം ആശ്രയിക്കുന്നത് ഈ സൈറ്റിനെ തന്നെയാണ്. ഇന്ത്യയിലുമുണ്ട് വിക്കിപീഡിയയെ ആശ്രയിക്കുന്ന ദശലക്ഷങ്ങള്‍. ഗൂഗിള്‍ സേര്‍ച്ചില്‍ വരുന്ന ആദ്യഫലങ്ങളില്‍ 90 ശതമാനവും വിക്കിപീഡിയയില്‍ നിന്നായിരിക്കുമെന്നതും സത്യമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍