ബ്രേക്ക് ദി ചെയ്ന്‍ ഡയറി

റൂട്ട് മാപ്പ് ഓര്‍ത്തുവെക്കാന്‍ ഒരു 'മേയ്ഡ് ഇന്‍ കേരള' ആപ്പ്'







കോവിഡ്-19 വ്യാപനകാലത്ത് ഓരോരുത്തരും എവിടെയെല്ലാം പോകുന്നു, ആരെയെല്ലാം കാണുന്നു എന്നതിനെല്ലാം വലിയ പ്രാധാന്യമുണ്ട്. ആർക്കെങ്കിലും കോവിഡ്-19 സ്ഥിരീകരിച്ചാൽ അയാൾ എവിടെയെല്ലാം സഞ്ചരിച്ചു എന്നറിയേണ്ടതുണ്ട്.
അയാൾ സഞ്ചരിച്ചയിടങ്ങളിൽ പോയിരുന്നോ എന്ന് ഓർമിച്ചെടുക്കാൻ മറ്റുള്ളവരും തങ്ങൾ ഓരോ ദിവസവും എവിടെയെല്ലാം പോയിരുന്നു എന്നെല്ലാം ഓർത്തുവെക്കേണ്ടതുണ്ട്.



അതിന് ഏറ്റവും സഹായകരമായ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ ടി.ബി.ഐ. സർക്കാർ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികളുടെ സ്റ്റാർട്ട് അപ്പ് ആയ ഗാഡ്സ് (GADS). നമ്മളുടെ യാത്രാ വിശദാംശങ്ങൾ എളുപ്പത്തിലും ഫലപ്രദമായും രേഖപ്പെടുത്തുന്നതിനുള്ള ഒരു ഡിജിറ്റൽ ഡയറിയാണ് ബ്രേക്ക് ദി ചെയിൻ ഡയറി. യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ഡയറി കൊണ്ടുനടക്കുന്നത് എല്ലാവർക്കും അസൗകര്യമായ ഒരു കാര്യമാണ്, എന്നാൽ ആ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇത് നമുക്ക് ലളിതമായി ചെയ്യാൻ സാധിക്കും.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ബ്രേക്ക് ദി ചെയ്ൻ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മറ്റ് അനുവാദങ്ങളൊന്നും നൽകേണ്ടതില്ല. ഇത് ഓഫ് ലൈൻ ആയി ഉപയോഗിക്കാൻ സാധിക്കും.

ഉപയോക്താവ് അയാളുടെ യാത്രാവിവരങ്ങൾ സ്വയം രേഖപ്പെടുത്തണം. സഞ്ചരിച്ച സ്ഥലം, കാരണം, തീയതി, സമയം എന്നിവയെല്ലാം രേഖപ്പെടുത്താം. ഒരു യാത്ര സംബന്ധിച്ച അധിക വിവരങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ അതും ആവാം. ഇത് ആപ്പിൽ ശേഖരിക്കപ്പെടും. ആവശ്യമുള്ളപ്പോൾ എടുത്ത് പരിശോധിക്കാം.


വളരെ എളുപ്പം ഉപയോഗിക്കാനാവുന്ന ഈ ആപ്ലിക്കേഷനിൽ ഡാർക്ക് മോഡും ഒന്നിലധികം ഭാഷകളും ലഭ്യമാണ്. ഉപയോക്താക്കളിൽനിന്നു യാതൊരു വിധ ഡാറ്റയും ആപ്പ് എടുക്കില്ല. അതിനാൽ തന്നെ ആപ്പിൽ ലോഗിൻ ചെയ്യാതെ തന്നെ ഉപയോഗിക്കാം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍