സബ്സിഡിയോടെയുള്ള സ്വർണപ്പണയ കാർഷികവായ്പകൾ ഇനി കിസാൻ ക്രെഡിറ്റ്

സബ്സിഡിയോടെയുള്ള കാർഷികവായ്പകൾ കിസാൻ ക്രെഡിറ്റ്







സബ്സിഡിയോടെയുള്ള സ്വർണപ്പണയ കാർഷികവായ്പകൾ ഇനി കിസാൻ ക്രെഡിറ്റ് കാർഡാണ് (കെ.സി.സി.) കർഷകർക്ക് ആശ്രയം. നിലവിൽ സ്വർണപ്പണയ കാർഷികവായ്പയെടുത്തവർ ഏപ്രിൽ ഒന്നിനകം കെ.സി.സി. എടുത്താൽ നാലുശതമാനം പലിശയിളവ് ലഭിക്കും.
കെ.സി.സി. എടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ സാക്ഷ്യപ്പെടുത്തി നൽകിയാൽ നബാർഡ് പണം അനുവദിക്കും. കെ.സി.സി. ഇല്ലാത്തവർക്കും കാർഷിക വായ്പ കിട്ടും. 8.1 മുതൽ 9 ശതമാനം വരെയാണ് പലിശ.




കേരളത്തിൽ അഞ്ചുലക്ഷം പേർക്ക്കൂടി കെ.സി.സി. നൽകണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുള്ളതിനാൽ ബാങ്കുകൾ അതിനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്. പാവപ്പെട്ട കർഷകർക്ക് വർഷം 6000 രൂപ സബ്സിഡി നൽകുന്ന പ്രധാൻമന്ത്രി കിസാൻ പദ്ധതിയിൽ അംഗങ്ങളായവർക്കെല്ലാം കെ.സി.സി. നൽകണമെന്നാണ് വ്യവസ്ഥ.

കർഷകർക്ക് കൃഷിക്ക് ആവശ്യമായ വായ്പ സമയത്തിന് ലഭ്യമാക്കാനാണ് കെ.സി.സി.. അക്കൗണ്ട് എടുത്താൽ കർഷകർക്ക് റുപേ കാർഡ് ലഭിക്കും. കൃഷിക്കുവേണ്ട സമയത്ത് പണം ബാങ്കിൽനിന്നു ലഭിക്കും. ഒമ്പതുശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് അഞ്ചുശതമാനം പലിശ കേന്ദ്രസർക്കാർ സബ്സിഡി നൽകും. ഫലത്തിൽ നാലുശതമാനം പലിശയ്ക്കു വായ്പ.

1.6 ലക്ഷം രൂപവരെ വരെ വായ്പ ഈടൊന്നുമില്ലാതെ ലഭിക്കും. കൃഷിസ്ഥലം ഈടുവെച്ച് എത്രലക്ഷം രൂപ വരെയും വായ്പ ലഭിക്കും. മൂന്നുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് സബ്സിഡി ലഭിക്കുക. ഇക്കൊല്ലംമുതൽ മത്സ്യകൃഷിക്കും കന്നുകാലിവളർത്തലിനും കെ.സി.സി. വഴി വായ്പ കിട്ടും.

വസ്തുവിന്റെ നികുതിരസീതും കൈവശാവകാശരേഖയും അപേക്ഷകന്റെ ഫോട്ടോ, ആധാർകാർഡ്, പാൻ (കെ.വൈ.സി.) എന്നിവയുമാണ് 1.6 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് വേണ്ടത്. അതിനുമുകളിലാണെങ്കിൽ ആധാരം ഈടായി നൽകണം.

എത്രഭൂമിയുണ്ട് എന്നതിനനുസരിച്ചായിരിക്കും വായ്പാപരിധി നിശ്ചയിക്കുക. ഏതുകൃഷിയാണെന്നതുനോക്കിയാണ് തുകയനുവദിക്കുക. അപേക്ഷകന്റെ കൃഷിയിടം ബാങ്ക് മാനേജർ സന്ദർശിച്ച് കൃഷി ഏതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് കെ.സി.സി. അനുവദിക്കുക.

എല്ലാ സാമ്പത്തികവർഷവും ജില്ല തിരിച്ച് വായ്പാമാനദണ്ഡങ്ങൾ തീരുമാനിക്കാൻ പ്രത്യേകസംഘമുണ്ട്. അതനുസരിച്ചാണ് ഏതുകൃഷിക്ക് എത്രതുകവരെ നൽകാമെന്നു നിശ്ചയിക്കുക. ഒരു സെന്റിന് പരമാവധി അയ്യായിരം രൂപയോളമാണ് ലഭിക്കുക.

അഞ്ചുവർഷമാണ് കെ.സി.സി. കാലാവധി. ഓരോ വർഷവും പുതുക്കണം. എപ്പോൾവേണമെങ്കിലും പണം അടയ്ക്കാനും പിൻവലിക്കാനും സാധിക്കും. എല്ലാബാങ്കുകളിലുമായി പരമാവധി മൂന്നുലക്ഷം രൂപയേ സബ്സിഡി നിരക്കിൽ ലഭിക്കൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍