ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകൾ പുതിയ രൂപകൽപനയിൽ അവതരിപ്പിച്ചു

ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകൾ പുതിയ രൂപകൽപനയിൽ അവതരിപ്പിച്ചു




ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകൾ പുതിയ രൂപകൽപനയിൽ അവതരിപ്പിച്ചു.

15-ാം പിറന്നാളിനോടനുബന്ധിച്ച് പുതിയ രൂപത്തിലെത്തിലെത്തി ഗൂഗിൾ മാപ്പ്.
ഗൂഗിൾ മാപ്പ് ആപ്ലിക്കേഷന് ഇനി മുതൽ പുതിയ ഐക്കൺ ആയിരിക്കും. ഇത് കൂടാതെ എക്സ്പ്ലോർ, കമ്മ്യൂട്ട്, സേവ്ഡ്, കോൺട്രിബ്യൂട്ട് എന്നിങ്ങനെ അഞ്ച് ഈസി ആക്സസ് ടാബുകൾ ആപ്പിനകത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ മാപ്പിന്റെ തുടക്ക കാലം തൊട്ടുതന്നെ മാപ്പിൽ സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനായി ഉപയോഗിച്ചുവന്ന 'പിൻ' അടയാളമാണ് ഇനിമുതൽ ഗൂഗിൾ മാപ്പിന്റെ ഐക്കൺ. ആപ്പ് വിൻഡോയ്ക്ക് താഴെയായാണ് അഞ്ച് പുതിയ ടാബുകൾ ചേർത്തിരിക്കുന്നത്.

നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ പരിസര പ്രദേശങ്ങളിൽ നിങ്ങളെ ആകർഷിക്കാനിടയുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തുകയാണ് എക്സ്പ്ലോർ ടാബ് ചെയ്യുന്നത്. ഇതുവഴി ആ പ്രദേശത്തെ ആകർഷകമായ സ്ഥലങ്ങൾ, റസ്റ്റോറന്റുകൾ, പാർക്കുകൾ തുടങ്ങിയവ അറിയാനും ആ സ്ഥലങ്ങളെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങൾ അറിയാനും സാധിക്കും.

നിങ്ങളുടെ ദൈനംദിന യാത്രകളിൽ വഴികാണിക്കുകയാണ് കമ്മ്യൂട്ട് ടാബ് ചെയ്യുന്നത്. തത്സമയ ഗതാഗത വിവരങ്ങൾ അറിയാനും യാത്രാ മാർഗങ്ങൾ തീരുമാനിക്കാനും ഇതുവഴി സാധിക്കും.

നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ ഓർത്തുവെക്കാൻ സൗകര്യമൊരുക്കുകയാണ് സേവ്ഡ് ടാബ്. ഭാവിയിൽ എപ്പോഴെങ്കിലും നിങ്ങൾ പോവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് സേവ് ചെയ്ത് വെക്കാം. ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ ഭാവി യാത്രകൾ ആസൂത്രണം ചെയ്യാം.

അതേസമയം നിലവിൽ ലോഗോ മാറ്റം മാത്രമാണ് അപ്ഡേറ്റിലൂടെ ലഭിക്കുക. പുതിയ ടാബുകൾ എത്തിയിട്ടില്ല.

ഗൂഗിൾ മാപ്പ് ഉപയോക്താക്കൾക്ക് അവർ സന്ദർശിക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാനുള്ള ഇടമാണ് കോൺട്രിബ്യൂട്ട് ടാബ്. സന്ദർശിക്കുന്ന റസ്റ്റോറന്റുകൾ, സ്ഥലങ്ങൾ, ഹോട്ടലുകൾ എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ചിത്രങ്ങൾ പങ്കുവെക്കാനും ഇവിടെ അവസരമൊരുക്കുന്നു. ഈ വിവരങ്ങൾ എക്സ്പ്ലോർ ടാബ് വഴി മറ്റുള്ളവർക്ക് കാണാൻ സാധിക്കും.

ഓരോ പ്രദേശത്തും നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകുന്നയിടമാണ് അപ്ഡേറ്റ്സ്. വിദഗ്ദ നിർദേശങ്ങളും ഉപയോക്താക്കളുടെ നിർദേശങ്ങളും ഇക്കൂട്ടത്തിൽ കാണാം.

2005 ലാണ് ഗൂഗിൾ മാപ്പ് സേവനത്തിന് തുടക്കമിട്ടത്. 15 വർഷക്കാലം കൊണ്ട് ഗൂഗിൾ മാപ്പ് ഏറെ പരിഷ്കരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കേവലം വഴി കാട്ടിയെന്നതിലുപരി. പെട്രോൾ പമ്പുകളും, എടിഎമ്മുകളും ഉൾപ്പടെ ഒരു യാത്രയിൽ അനിവാര്യമായ പലവിധ വിവരങ്ങൾ ഇന്ന് ഗൂഗിൾ മാപ്പിൽ ലഭ്യമാണ്. 100 കോടിയിലധികം ഉപയോക്താക്കൾ ഗൂഗിൾ മാപ്പിനുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍