ഗൂഗിൾ സെർച്ചിലൂടെ ഇനി എളുപ്പത്തിൽ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യാം

ഗൂഗിൾ സെർച്ചിലൂടെ ഇനി എളുപ്പത്തിൽ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യാം






ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഗൂഗിൾ സെർച്ച് ഓപ്ഷനിൽ മൊബൈൽ റീചാർജ് സൗകര്യം ആരംഭിച്ചു.
നിരവധി മൊബൈൽ കാരിയറുകളിലൂടെ പ്ലാനുകൾ ബ്രൌസ് ചെയ്യാനും ഡിസ്കൗണ്ടുകളും ഓഫറുകളും താരതമ്യം ചെയ്യാനും പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് ഈ പ്ലാനുകൾ റീചാർജ് ചെയ്യാനും ഇപ്പോൾ ഗൂഗിൾ സെർച്ചിലൂടെ സാധിക്കും.
ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ സെർച്ചിന്റെ ഈ പുതിയ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ, ബിഎസ്എൻഎൽ എന്നിങ്ങനെയുള്ള ഇന്ത്യയിലെ എല്ലാ മുൻനിര ടെലിക്കോം ഓപ്പറേറ്റമാരുടെ പ്രീപെയ്ഡ് പ്ലാനുകളും ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യാൻ സാധിക്കും. ഐഒഎസ് ഉപയോക്താക്കൾക്കും ഈ സേവനം അധികം വൈകാതെ ലഭിക്കും
ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സാധ്യതകളും പ്രീപെയ്ഡ് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണവും ധാരാളമാണ് എന്നതുകൊണ്ട് തന്നെയാണ് ആഗോള ടെക്ഭീമനായ ഗൂഗിൾ ഇത്തരത്തിലൊരു സേവനം ഇന്ത്യയിൽ ആരംഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. പ്രീപെയ്ഡ് റീച്ചാർജുകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.


ഗൂഗിൾ സെർച്ചിൽ റീചാർജ് ചെയ്യേണ്ടതെങ്ങനെ







ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യുന്നതിന് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഉപയോക്താക്താക്കൾ അവരുടെ ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്യണം. ഇതിന് ശേഷം ഗൂഗിൾ സെർച്ചിൽ 'സിം റീചാർജ് ', 'മൊബൈൽ പ്രീപെയ്ഡ് റീചാർജ്' എന്നിങ്ങനെയുള്ള റീചാർജുമായി ബന്ധപ്പെട്ട എന്തെങ്കിലും സെർച്ചിൽ ടൈപ്പ് ചെയ്ത് സെർച്ച് ഓപ്ഷൻ നൽകുക.
മേൽപ്പറഞ്ഞ രീതിയിൽ സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ തരുന്ന സെർച്ച് റിസൾട്ടിൽ മൊബൈൽ റീചാർജ് എന്നൊരു സെക്ഷൻ കാണിക്കും. ഇതിൽ ഫോൺ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നിവങ്ങനെയുള്ള ആവശ്യമായ വിവരങ്ങൾ നൽകി ലഭ്യമായ പ്ലാനുകൾ കാണുന്നതിന് ബ്രൌസ് പ്ലാൻ ഓപ്ഷനിൽ ആവശ്യമുള്ള പ്ലാൻ തിരഞ്ഞെടുക്കാം.
ബ്രൌസ് പ്ലാൻ ഓപ്ഷനിൽ നിങ്ങൾ നൽകിയ ഫോൺ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നിവ പരിശോധിച്ച് ലഭ്യമായ പ്ലാനുകൾ നിങ്ങൾക്ക് കാണിച്ച് തരും. ഓപ്പറേറ്റർ അവരുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിക്കുകയോ എടുത്ത് മാറ്റുകയോ കൂട്ടി ചേർക്കുകയോ ചെയ്താൽ അത് കൃത്യമായി അപ്ഡേറ്റ് ചെയ്താവും ബ്രൌസ് പ്ലാൻ ഓപ്ഷനിൽ കാണുക.
ആവശ്യമായ പ്ലാൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അടുത്ത ഘട്ടം പണം നൽകുക എന്നതാണ്. ഇതിനായി ഗൂഗിൾ ഉപയോക്താക്കളെ പേയ്‌മെന്റ് പേജിലേക്ക് കൊണ്ടുപോകുന്നു. അവിടെ തിരഞ്ഞെടുത്ത പ്ലാനിന് അനുസരിച്ചുള്ള പണം നൽകാനായി ഓൺലൈൻ പേസ്മെന്റ് സേവനം നൽകുന്ന പേയ്മെന്റ് പ്രോവൈഡർമാരുടെ ലിസ്റ്റ് കാണാൻ സാധിക്കും.
നിലവിൽ ഗൂഗിൾ സെർച്ചിലൂടെ റീച്ചാർജ് ചെയ്യുന്നതിനായുള്ള പേയ്മെന്റ് ഓപ്ഷനിൽ കമ്പനി അവരുടെ സ്വന്തം പേയ്മെന്റ് സേവനമായ ഗൂഗിൾ പേയ്ക്കൊപ്പം ഫ്രീച്ചാർജ്, മൊബിക്വിക്, പേടിഎം എന്നിവയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്താൻ അവയുടെ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ പേയ്മെന്റ് പൂർത്തിയാക്കാൻ സാധിക്കും.
ബി‌എസ്‌എൻ‌എൽ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ ഇൻ‌ഫോകോം എന്നിവയാണ് നിലവിൽ ഗൂഗിളിൽ റീചാർജിനായി ലഭ്യമായിട്ടുള്ള ടെലിക്കോം ഓപ്പറേറ്റർമാർ. അധികം വൈകാതെ ഗൂഗിൾ കൂടുതൽ ഓപ്പറേറ്റർമാരെയും പേയ്‌മെന്റ് ദാതാക്കളെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ഇപ്പോൾ തന്നെ ഇന്ത്യയിലെ പ്രധാന ടെലിക്കോം ഓപ്പറേറ്റർമാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍