മാർച്ച് ഒന്നുമുതൽ കേബിൾ ടിവി, DTH ബില്ലുകൾ കുറയും

എല്ലാ ചാനലുകളും നൽകുന്നതിന് 160 രൂപയിൽ കൂടുതൽ പാടില്ല







മാർച്ച് ഒന്നുമുതൽ കേബിൾ ടിവി, DTH ബില്ലുകൾ കുറയും, എല്ലാ ചാനലുകളും നൽകുന്നതിന് 160 രൂപയിൽ കൂടുതൽ പാടില്ല
ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി, വീഡിയോകോൺ ഡി2എച്ച്. സൺ ഡയറക്ട് ഉപഭോക്താക്കൾക്ക് മാർച്ച് മുതൽ കുറഞ്ഞ നിരക്കിൽ ചാനലുകൾ കാണാം.


രാജ്യത്തെ പ്രതിമാസ ചാനൽ നിരക്കുകളിൽ കുറവുവരുത്തി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ നിരക്കുകൾ 2020 മാർച്ച് 1 മുതൽ നിലവിൽ വരും. ജനുവരി 15ഓടെ പുതിയ ചാനൽ നിരക്കുകൾ പ്രഖ്യാപിക്കുമെന്നാണ് വിവരം. ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി, വീഡിയോകോൺ ഡി2എച്ച്. സൺ ഡയറക്ട് ഉപഭോക്താക്കൾക്ക് മാർച്ച് മുതൽ കുറഞ്ഞ നിരക്കിൽ ചാനലുകൾ കാണാം.

ടിവി പ്രേക്ഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനായി ട്രായ് പുതിയ ഭേദഗതികളിൽ നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസ് (NCF) കുറയ്ക്കുകയും ഓപ്പറേറ്റർമാരെ അവരുടെ ദീർഘകാല പദ്ധതികൾക്ക് കിഴിവ് നൽകാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

​മാർച്ച് ഒന്ന് മുതൽ

പുതിയ നിരക്കുകൾ 2020 മാർച്ച് 1 മുതലാണ് നിലവിൽ വരുന്നത്. നേരത്തെ ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുത്തലുകളുമായി ട്രായ് ഉത്തരവ്. ജനുവരി 15നകം പുതിയ നിരക്ക് സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്ന് കേബിൾ ടിവി ഓപ്പറേറ്റർമാരോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ജനുവരി 30 മുതൽ പുതിയ നിരക്കുകൾ കേബിൾ ഓപ്പറേറ്റർമാർ ലിസ്റ്റ് ചെയ്യണം.

ഇളവുകൾ ഇങ്ങനെ

മൾട്ടി-ടിവി കണക്ഷൻ റെഗുലേഷനുകളിലും ബൊക്കെ വിലയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രായ് ന്യൂ താരിഫ് ഓർഡറുകൾ (NTO) വരുത്തിയ മാറ്റങ്ങൾ അനുസരിച്ച് ഒരു മാസം 153 (130 രൂപ+ നികുതി) രൂപയ്ക്ക് 200 ചാനലുകളാണ് കേബിൾ ഓപ്പറേറ്റർമാർ വരിക്കാർക്ക് നൽകേണ്ടത്. നേരത്തെ 153 രൂപയ്ക്ക് 100 ചാനലുകളാണ് നൽകിവന്നിരുന്നത്. 20 അധിക ചാനലുകളുടെ ബണ്ടിലുകൾ ചേർക്കുന്നതിന് 25 രൂപ അധികം നൽകേണ്ടിവരും. ദൂരദർശൻ ചാനലുകൾക്ക് പുറമെയാണ് 200 ചാനലുകൾ ഇനി ലഭ്യമാകുക.കൂടാതെ ഓപ്പറേറ്റർമാർ അവരുടെ പ്ലാറ്റ്‌ഫോമിൽ ലഭ്യമായിട്ടുള്ള ചാനലുകൾ എല്ലാം നൽകുന്നതിന് 160 രൂപയിൽ കൂടുതൽ തുക വാങ്ങാനും പാടില്ല. ഇതോടെ കൂടുതൽ ചാനലുകൾ വളരെ കുറഞ്ഞ തുകയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്ക് ലഭ്യമാകും.

ഒരു വീട്ടിൽ ഒന്നിലധികം ടെലിവിഷൻ സെറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ അല്ലെങ്കിൽ അധികമായി വരുന്ന കണക്ഷനുകൾക്ക് നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസിന്റെ 40 ശതമാനം മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നും ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ആറുമാസത്തേക്കോ അതിൽ അധികം കാലത്തേക്കോ ഒന്നിച്ച് വരിസംഖ്യ അടയ്ക്കുന്നവർക്ക് ആകെ നിരക്കിൽ ഡിസ്‌കൗണ്ട് നൽകാനും ട്രായ് നിഷ്കർഷിച്ചിട്ടുണ്ട്.
ബൊക്കെ നിരക്കുകൾ

ഒന്നിച്ച് തരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തിൽ കൂട്ടിയാൽ ബൊക്കെ നിരക്കിന്റെ (ഒന്നിച്ച് തരുന്ന) ഒന്നരമടങ്ങിൽ കൂടാൻ പാടില്ലെന്നും ട്രായ് നിർദേശിച്ചിട്ടുണ്ട്. ഇതിൽപ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയിൽ അധികമാകാനും പാടില്ല. ബൊക്കെയിൽ നൽകുന്ന സ്പോർട്‍സ് ചാനലുകൾക്കും മറ്റും നിരക്ക് കുറച്ച് അവ ഒറ്റയ്ക്ക് നൽകുമ്പോൾ വലിയ നിരക്ക് ഈടാക്കുന്ന പതിവ് അവസാനിപ്പിക്കാനുള്ള ശ്രമമാണിത്. കൂടാതെ പരമാവധി നിരക്ക് 12 രൂപയോ അല്ലെങ്കിൽ അതിൽ കുറവോ ഉള്ള ചാനലുകൾ മാത്രമേ ഇനി ബൊക്കെയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്നും ട്രായ് നിർദേശിച്ചിട്ടുണ്ട്.

ചാനലുകൾ ഡിടിഎച്ച്, കേബിൾ ടിവികളുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫീസ് മാസം പരമാവധി നാലുലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ചാനലുടമകളുടെ കുറെകാലമായുള്ള പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍