ഫേസ്ബുക്ക് പോളിസികളിൽ മാറ്റം


ഡീപ്പ്ഫേക്കുകൾ നിരോധിച്ചു








ഫേസ്ബുക്ക് കുറച്ച് മാസങ്ങളായി നേരിടുന്നത് കനത്ത വിമർശനങ്ങളാണ്. 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്റർ വ്യാജ വാർത്തകളെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും അത്തരം വാർത്തകളെയോ പരസ്യങ്ങളെയോ ഒഴിവാക്കുമെന്ന് യാതൊരു പ്രഖ്യാപനവും ഫേസ്ബുക്ക് നടത്തിയിരുന്നില്ല. ഇപ്പോൾ സൈബർ ലോകത്തെ വലിയ വെല്ലുവിളിയായ ഡീപ്പ് ഫേക്കുകളെ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിരോധിക്കുകയാണ്. പോളിസികളിൽ വരുത്തിയ മാറ്റങ്ങളുടെ ഫലമായാണ് നടപടി.

ഊർജ്ജ, വാണിജ്യ ഹൌസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാധ്യമങ്ങളെ സംബന്ധിച്ച് പഠിക്കുന്ന ഒരു കമ്മിറ്റിയുടെ ഹിയറിംഗിന് മുന്നിലാണ് ഫേസ്ബുക്ക് നയം മാറ്റുന്ന കാര്യം പരസ്യപ്പെടുത്തിയത്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ ഹൌസ് സ്പീക്കർ നാൻസി പെലോസിയുടെ ഡീപ്ഫേക്ക് വീഡിയോ നയമാറ്റത്തിനുള്ള മറ്റൊരു കാരണമായും റിപ്പോർട്ടുകളുണ്ട്. ആ വൈറൽ ഡീപ്ഫേക്ക് വീഡിയോ അക്കാലത്ത് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ കണ്ട വീഡിയോ ആയിരുന്നു. എന്നാലും ആ വീഡിയോ ഫേസ്ബുക്ക് പോളിസികളൊന്നും ലംഘിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് ഡീപ്ഫേക്ക് ഡിറ്റക്ഷൻ ചലഞ്ച്


ഒരു ശരാശരി വ്യക്തിക്ക് മനസിലാക്കാൻ സാധിക്കാത്തതും ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയിൽ എഡിറ്റുചെയ്തതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മെഷീൻ ലേണിംഗ് അൽഗോരിതം ഉണ്ടാക്കിയതോ ആയ ഉള്ളടക്കം നീക്കംചെയ്യുമെന്ന് ഫേസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. കൂടാതെ പുതിയ നയത്തിൽ 'പാരഡി അല്ലെങ്കിൽ ആക്ഷേപഹാസ്യം, വാക്കുകൾ നീക്കംചെയ്യാനോ അവ ദൃശ്യമാകുന്ന ക്രമം മാറ്റാനോ എഡിറ്റുചെയ്ത വീഡിയോ എന്നിവയും എടുത്ത് മാറ്റുമെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ നയം കൊണ്ടുവന്നുവെങ്കിലും വൈറലായ പെലോസിയുടെ വീഡിയോ കമ്പനി നീക്കംചെയ്യില്ല. കാരണം, വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ചതല്ല. പക്ഷേ സംഭാഷണം മാറ്റുന്നതിന് സോഫ്റ്റ്വെയർ ഉപയോഗിച്ച് എഡിറ്റുചെയ്തു. എന്നിരുന്നാലും ഫെയ്‌സ്ബുക്കിന് ഈ വീഡിയോയെ തെറ്റായ വിവരമായി പ്രഖ്യാപിക്കാനും ന്യൂസ് ഫീഡിലെ വ്യാപനം നിയന്ത്രിക്കാനും കഴിയും. 


ഇവ പരസ്യങ്ങളിലൂടെ വ്യാപിക്കുന്നുവെങ്കിൽ അത് തടയും.
പ്രൊഫഷണലുകൾ നടത്തുന്ന വസ്തുതാ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ കണ്ടന്റിനെ 'ഫേക്ക്' എന്ന് ലേബൽ ചെയ്യും. ഇത് പ്രേക്ഷകരെ സംബന്ധിച്ച് ഏറെ സഹായകമാണ്. വ്യാജ വീഡിയോ വെബ്‌സൈറ്റിൽ ഉണ്ടെങ്കിൽ അവ ഫേക്ക് ആണെന്ന് ലേബൽ ചെയ്യുന്നത് ഉപയോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകലാണ്. ഇതിലൂടെ അവർ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഒഴിവാകുന്നു.

ഡീപ്ഫേക്ക് ഡിറ്റക്ഷൻ ചലഞ്ചും ഫേസ്ബുക്ക് അവതരിപ്പിച്ചു. പുതിയ ചലഞ്ച് ഒരു ഡാറ്റ സെറ്റും ലീഡർബോർഡും ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കൃത്രിമമായി ഉണ്ടാക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്ന കണ്ടന്റുകൾ കണ്ടെത്തുന്നതിനും തടയുന്നതിനും സഹായിക്കുന്നവർക്ക് ഗ്രാന്റുകളും അവാർഡുകളും നൽകുമെന്നും കമ്പനി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍