ഫെയ്‌സ്ബുക്ക് അല്‍ഗൊരിതം മാറിയോ?

ഫെയ്‌സ്ബുക്ക് അല്‍ഗൊരിതം എങ്ങനെ






ഫെയ്സ്ബുക്ക് അൽഗൊരിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയൊരു വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഫെയ്സ്ബുക്ക് അൽഗൊരിതം മാറ്റിയെന്നും ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രമേ നമുക്ക് കാണാൻ കഴിയുള്ളൂ എന്നും.
എന്താണ് ഇതിന് പിന്നിലെ യാഥാർത്ഥ്യം. ലോകത്തിന്റെ പലഭാഗങ്ങളും പല സമയങ്ങളിലായി പ്രചരിക്കപ്പെട്ട ഒരു വ്യാജ സന്ദേശമാണ് ഇപ്പോൾ മലയാളികൾ ആഘോഷിക്കുന്നത്.

ഫേസ്ബുക്കിൽ സെലബ്രേറ്റി,സാധാരണക്കാർ എന്നിങ്ങനെ വ്യാത്യാസം ഇല്ലാതെയാണ് അൽഗോരിതവുമായി ബന്ധപ്പെട്ട പോസ്റ്റ് വരുന്നത്. കുറച്ചുകാലമായി ഫേസ്ബുക്കിൽ വരുന്ന മാറ്റങ്ങൾ പുതിയ പോസ്റ്റുകൾ കാണുന്നതിനും,പുതിയ വാർത്തകൾ അറിയുന്നതിനും തടസമാകുന്നു എന്നതാണ് പരാതിക്കാരുടെ പക്ഷം. ഒപ്പം തങ്ങളുടെ പോസ്റ്റ് എത്ര പേരിൽ എത്തുന്നു എന്ന് അറിയാൻ ചില വിദ്യകളും മുന്നോട്ടുവയ്ക്കുന്നു.
ഫേസ്ബുക്ക് അൽഗോരിതത്തിന്റെ മാറ്റം കാരണം എന്റെ പോസ്റ്റ് ആവശ്യമായ റീച്ച്  ലഭിക്കില്ല എന്ന സംശയമാണ്.

1. പോസ്റ്റുകൾ കാര്യമായ രീതിയിൽ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവരിലേക്ക് എത്തുന്നില്ല.

2. ലൈക്കുകൾ,ഷെയറുകൾ എന്നിവയുടെ എണ്ണം ക്രമാതീതമായി കുറയുന്നു.

3. സ്ഥിരമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന പ്രൊഫൈലുകളിൽ നിന്നുള്ള പോസ്റ്റുകൾ ഇപ്പോൾ കാണുവാൻ സാധിക്കുന്നില്ല.

4. 'സീ ഫസ്റ്റ് ' എന്ന് നൽകി വച്ചിരുന്ന പേജുകളിൽ നിന്നുള്ള അപ്ഡേഷനുകൾ ആദ്യം തന്നെ ലഭിക്കുന്നില്ല,അല്ലെങ്കിൽ ഫീഡിൽ കാണുന്നേയില്ല.

5. വാർത്ത ലിങ്കുകൾ ഫീഡിൽ നിന്നും അപ്രത്യക്ഷമാകുന്നു, പ്രത്യേക്ഷപ്പെടുന്നവ രണ്ട് ദിവസമോ, ഒരു ദിവസമോ പഴക്കമുള്ള വാർത്തകളാണ്.

6. ക്ലോസ് ഫ്രണ്ട് സർക്കിളുകളിൽ നിന്നുള്ള പോസ്റ്റുകൾ പലപ്പോഴും ഫീഡിൽ നിന്നും അപ്രത്യക്ഷമാകുന്നു.

7. ഏതെങ്കിലും ഒരു പോസ്റ്റിൽ റിയക് ചെയ്താൽ അത് ഫീഡിൽ തന്നെ ദിവസങ്ങളോളം നിൽക്കുന്നു.

ഈ പ്രശ്നങ്ങൾ പറയുമ്പോൾ , 2018 ജനുവരിയിൽ ഫേസ്ബുക്ക് വരുത്തിയ വലിയ അൽഗോരിതം മാറ്റത്തിന് ശേഷം ഫേസ്ബുക്ക് ന്യൂസ് ഫീഡ് സംബന്ധിച്ച് ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ് പറഞ്ഞത് ഓർക്കണം. " ഒരു ഉപയോക്താവ് പ്രതീക്ഷിക്കുന്നത്  കുടുതൽ സുഹൃത്തുക്കൾ,കുടുംബം,ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അപ്ഡേഷനുകളാണ്. കുറച്ച് അപ്ഡേറ്റുകൾ ആഗ്രഹിക്കുന്നവരും ഉണ്ട്.

2019 അവസാനമാകുമ്പോൾ ഫേസ്ബുക്കിലെ അൽഗോരിതം മാറ്റങ്ങൾ പേജുകളിൽ ആളുകൾ ചിലവഴിക്കുന്ന സമയവും പേജുകളുടെ സ്വഭാവിക റീച്ചും വലിയതോതിൽ കുറച്ചിട്ടുണ്ടെന്നാണ് വിവിധ ഏജൻസി പഠനങ്ങൾ പറയുന്നത്. വലിയതോതിൽ ശക്തമായി കമ്യൂണിറ്റി സ്റ്റാന്റേർഡ് നിബന്ധനകൾ ഫേസ്ബുക്ക് നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഈ പ്രതിഭാസം എന്നാണ് വിലയിരുത്തപ്പെടുന്നത്.

2018 ലെ പ്രധാന മാറ്റങ്ങൾ പ്രകാരം , ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ന്യൂസ് ഫീഡിലേക്ക് ഒരോ തവണ ലോഗിൻ ചെയ്യുമ്പോഴും 1500 സ്റ്റോറീസ് ( പോസ്റ്റ്,വീഡിയോ,ലിങ്ക്, ചിത്രങ്ങൾ ) എങ്കിലും ഫേസ്ബുക്ക് എത്തിക്കും. ഇതിൽ തന്നെ ഇത്തരത്തിൽ എത്തുന്ന സ്റ്റോറികളിൽ ഉപയോക്താവിന് ഉപകാരപ്രദവും അയാളുമായി ബന്ധപ്പെട്ടതുമായി പ്രധാനപ്പെട്ട 300 സ്റ്റോറീസാണ് ആദ്യം ഫേസ്ബുക്ക് അൽഗോരിതം വഴി കണ്ടെത്തി ആദ്യം കാണിക്കുക. അതായത് 2018 ലെ ഫേസ്ബുക്ക് അൽഗോരിതം ശരിക്കും ബാധിച്ചത് ബ്രാന്റ് പേജുകളെയാണ്.  ഫേസ്ബുക്ക് കൂടുതൽ വരുമാന അധിഷ്ഠിതമായി നീങ്ങുന്നതിന്റെ ഭാഗം കൂടിയാണ് ഓർഗാനിക്ക് റീച്ചിന്റെ കുറവ് എന്ന് പറയാം. ഫേസ്ബുക്ക്  പുതിയ മാറ്റം വരുത്താൻ ശ്രമിക്കുന്നത്. മുൻപ് സൂചിപ്പിച്ച ഫേസ്ബുക്ക് പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും "സ്വകാര്യ ഇടമായി ഫേസ്ബുക്കിനെ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഫേസ്ബുക്കിന്റെ കരുത്ത്. ഇത് ചോർന്ന് പോകാതെ ഒപ്പം കൊണ്ടുപോകാകാനാണ് ഫേസ്ബുക്കിന് താൽപ്പര്യം. സുക്കർബർഗ് ഉദ്ദേശിക്കുന്നത്  ഇത്രമാത്രം, അതിനാൽ വലിയ ശല്യമില്ലാതെ ന്യൂസ് ഫീഡുകൾ അവരും അവർക്ക് ചുറ്റുമുള്ള ഫ്രണ്ട്സും ഒക്കെയായി മാത്രം ഒതുക്കുക. അവർക്ക് വേണ്ടി കുറച്ച് പരസ്യങ്ങൾ,അത്യവശ്യം മറ്റ് കാര്യങ്ങൾ നൽകുക. ഫേസ്ബുക്ക് അതിന്റെ കർത്തവ്യമായി
കാണുന്നത് സൗഹൃദങ്ങൾ അടുപ്പിക്കലാണ്. പേജുകളും മറ്റും അവർക്ക് വരുമാന മാർഗ്ഗമാണ്. 2014 മുതൽ 2018 വരെ പേജുകളുടെ ഓർഗാനിക്ക് റീച്ചിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമായി ഇതിനെ പിന്തുടർന്നവരെയും ബാധിച്ചേക്കാം. അതായത് നിങ്ങൾ സ്ഥിരം പിന്തുടരുന്ന വാർത്ത പേജുകളുടെ കാഴ്ചക്കാർ കുറഞ്ഞുവരാം. അപ്പോൾ വാർത്താ പേജുകൾക്ക് ഫേസ്ബുക്കിന് പ്രതിഫലം നൽകി വാർത്തകൾ ബൂസ്റ്റ് ചെയ്യിക്കേണ്ടിവരും. അത് ഫേസ്ബുക്കിന് വലിയ വരുമാനമാകും. വാർത്ത,വീഡിയോ,വ്യാപാര ആവശ്യങ്ങൾ,ഗ്രൂപ്പുകൾ എല്ലാം പ്രത്യേക ഫീഡുകളിൽ നിങ്ങൾക്ക് എത്തിക്കാനാണ് ഫേസ്ബുക്ക് ശ്രദ്ധിക്കുന്നത്. അതാണ് അവർക്ക് ലാഭകരവും. സബ്സ്ക്രൈബ് ചെയ്യുന്ന
പ്ലാറ്റ്ഫോമുകൾ അത്തരത്തിൽ മാറുന്നു.ഇതെല്ലാം മുന്നിൽ കണ്ടുള്ള മാറ്റമാണ് ഫേസ്ബുക്ക് അടിമുടി വരുത്തുന്നത്. ഫേസ്ബുക്ക് എന്നത് ഇന്ന് വെറും ഫേസ്ബുക്ക് അല്ല എന്നതും ഓർക്കണം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,വാട്ട്സ്ത്ആപ്പ് എല്ലാം ചേർന്ന വലിയ ശ്യംഖലയാണ് അതിന്റെതായ കരുത്തും,അതിന് അനുസരിച്ച് മാറ്റവും കഴിഞ്ഞ രണ്ട് വർഷത്തിൽ ഫേസ്ബുക്കിൽ സാങ്കേതികമായി വന്നിട്ടുണ്ട്. അത് നമ്മുടെ എല്ലാം ന്യൂസ് ഫീഡിൽ പ്രതിഫലിക്കാം. അപ്പോൾ മുകളിൽ തങ്ങൾക്ക് അടുത്തകാലത്ത് ഫേസ്ബുക്കിന്റെ അൽഗോരിതം കാരണം വന്നു എന്ന് പറയുന്ന പ്രശ്നമോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം ആരുടെ കയ്യിലും വ്യക്തമായി ഇല്ല.
എങ്കിലും അൽഗോരിതമാണോ ഈ പ്രശ്നത്തിന് കാരണം എന്ന് ചോദിച്ചാൽ പ്രധാനമായും ലഭിക്കാവുന്ന ഉത്തരം ഇതാണ്.

ഫേസ്ബുക്ക് അടക്കമുള്ള ഏത് പ്ലാറ്റ്ഫോമിനും പ്രവർത്തനം കൃത്യമായി നടക്കാനും വരുമാനം നന്നായി ലഭിക്കാനുമുള്ള ഉപാധിയാണ് അൽഗോരിതം. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ അൽഗോരിതത്തിൽ അടിക്കടി ചെറിയ മാറ്റങ്ങൾ നടപ്പിലാക്കുകയും പിൻവലിക്കുകയും ചെയ്യാറുണ്ട്. ഇത് ഒരു ചെക്ക് ആന്റ് ബാലൻസ് സിസ്റ്റം ആണ്. 5000 സുഹൃത്തുക്കളാണ് ഫേസ്ബുക്ക് അനുവദിക്കുന്നത്. മനുഷ്യ ജീവിതത്തിൽ ഒരാൾക്ക് 5000 സുഹൃത്തുക്കളെ ഒരിക്കലും നിലനിർത്താനോ അവരോട്
വ്യക്തിപരമായ കമ്യൂണിക്കേഷൻ നിലനിർത്താനോ സാധിക്കില്ല. അതിനാൽ നിങ്ങളുടെ സുഹൃത്തുക്കളെ,നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളെ സാങ്കേതിക വിദ്യയുടെ പരിമിതിക്കപ്പുറം നിന്ന് തേടേണ്ടിവരും. വാർത്തകൾ തേടിപോകേണ്ടിവരും,നഷ്ടമായ പോസ്റ്റുകൾ തേടിപ്പോയി വായിക്കേണ്ടിവരും. ഇപ്പോൾ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം അതുമാത്രമാണ്. സോഷ്യൽ പ്ലാറ്റ്ഫോം എന്ന നിലയിൽ നിന്നും ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മ എന്ന നിലയിൽ ചുരുക്കുമ്പോൾ അതേറ്റവും ബാധിക്കുന്നത് ആക്ടിവിസത്തിനായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരെയാണോ എന്ന ചോദ്യവും അനുബന്ധമായി പ്രചരിക്കുന്നുണ്ട് . ഭരണകൂട താൽപ്പര്യങ്ങളും അതാത് രാജ്യത്തെ നിയമങ്ങളുമെല്ലാം അനുസരിച്ചു നിലനിൽക്കേണ്ട ഫേസ്ബുക്കിന്റെ ബാദ്ധ്യതയെക്കുറിച്ചും നിരന്തരം ചർച്ചകൾ നടക്കുന്നതാണ്. ആഗോള ടെക്നോളജി കോർപ്പറേറ്റ് എന്ന നിലയിൽ ഫേസ്ബുക്കിന് അതിൻറതായി താൽപ്പര്യങ്ങളുണ്ട്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ അവർ വരുത്താറുമുണ്ട്. എന്നാൽ അത് ഏതെങ്കിലും ഒരു ഭാഷയിൽ മാത്രമായിട്ടാവില്ല. മലയാളത്തിൽ മാത്രമായി ഫേസ്ബുക്ക് റീച്ച് കുറയ്ക്കാനും മറ്റുമുള്ള സാങ്കേതിക വിദ്യ തൽക്കാലം ഫേസ്ബുക്കിന് ഇല്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്.

 ഫേസ്ബുക്ക് തങ്ങളുടെ അൽഗോരിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ രണ്ട് വർഷങ്ങളാണ് കഴിഞ്ഞത് . അതിന്റെ അനുരണങ്ങൾ ഏത് ഫേസ്ബുക്ക് ഉപയോക്താവിനെയും ബാധിക്കാം. ഇപ്പോൾ നടത്തുന്ന അൽഗോരിതം ക്യാംപെയിനുകൾ ഇതിൽ എന്തെങ്കിലും മാറ്റം വരുത്തും എന്ന് കരുതാൻ വയ്യ,പക്ഷെ തങ്ങളുടെ വരുമാനത്തെ,അല്ലെങ്കിൽ ഡാറ്റയെ, വിശ്വസ്തതയെ ബാധിക്കുന്ന ഘട്ടത്തിൽ ഫേസ്ബുക്ക് ഇത്തരം പരിഷ്കാരങ്ങളെ പുനഃപരിശോദിക്കനും മാറ്റങ്ങൾ വരുത്താനും ശ്രമിച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍