ഇനി മുതൽ വിൻഡോസ് 7ന് മൈക്രോസോഫ്റ്റിന്റെ സുരക്ഷ ഇല്ല

വിന്‍ഡോസ് 7ന് ഇനി മൈക്രോസോഫ്റ്റിന്റെ യാതൊരു സുരക്ഷയുമില്ല






മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനത്തോടെ വിന്‍ഡോസ് 7 ഉപയോഗിക്കുന്ന വ്യക്തികളും ചെറുകിട സ്ഥാപനങ്ങളുമാണ് പ്രധാനമായും പ്രതിസന്ധി നേരിടാന്‍ പോകുന്നത്.


മൈക്രോസോഫ്റ്റിന്റെ  ജനപ്രിയമായ ഓപറേറ്റിംങ് സിസ്റ്റം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് വിന്‍ഡോസ് 7ആണ്. ലളിതം, സുന്ദരം, മികച്ച സുരക്ഷ ഇവയെല്ലാമായിരുന്നു വിന്‍ഡോസ് 7നെ ജനപ്രിയതാരമാക്കിയത്. ലോകത്താകെ 20 കോടി കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് ഉപഭോക്താക്കളില്‍ അഞ്ചില്‍ ഒന്ന് വരും ഇത്.

2009 ലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 പുറത്തിറക്കുന്നത്. 2020 ജനുവരി 14ന് ശേഷം വിന്‍ഡോസ് 7നുള്ള പിന്തുണ നിര്‍ത്തുമെന്ന് മൈക്രോസോഫ്റ്റ് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2015 ജനുവരി 13 മുതല്‍ തന്നെ വിന്‍ഡോസ് 7നുള്ള മെയിന്‍സ്ട്രീം സപ്പോര്‍ട്ടും വാറണ്ടി നല്‍കുന്നതും മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുരക്ഷാ പിന്തുണയടക്കം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7നെ കയ്യൊഴിയുന്നത്.

എന്തായിരിക്കും ഇനിയും വിന്‍ഡോസ് 7 തന്നെ ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍? സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിച്ചില്ലെന്ന് കരുതി വിന്‍ഡോസ് 7 പ്രവര്‍ത്തനം നിന്നുപോകുമെന്ന് കരുതരുത്. അങ്ങനെ സംഭവിക്കില്ലെങ്കിലും വൈകാതെ വിന്‍ഡോ 7നില്‍ നിന്നും മാറ്റിയില്ലെങ്കില്‍ ചെറുതല്ലാത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

സ്വകാര്യ കമ്പ്യൂട്ടറുകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലുമാണ് പ്രധാനമായും വിന്‍ഡോസ് 7 ഉപയോഗിക്കുന്നത്. ഇവരുടെ കമ്പ്യൂട്ടറുകളിലെ ഒരു വിവരവും ദീര്‍ഘകാലത്തേക്ക് സുരക്ഷിതമല്ലെന്നതാണ് പ്രധാന വെല്ലുവിളി.

സാധാരണക്കാരില്‍ പലര്‍ക്കും വിന്‍ഡോസ് 7നുള്ള സുരക്ഷ മൈക്രോസോഫ്റ്റ് നിര്‍ത്തിയവിവരം അറിയണമെന്നില്ല. കമ്പ്യൂട്ടറില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ മുന്നറിയിപ്പ് സന്ദേശങ്ങളും അവഗണിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇതെല്ലാം കൃത്യമായി അറിയുകയും തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഹാക്കര്‍മാര്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. പെട്ടെന്ന് സുരക്ഷാ പാളിച്ചകള്‍ ഹാക്കര്‍മാര്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ പോലും ദിവസം ചെല്ലുംതോറും വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കൂടും.

വ്യക്തികളെ അപേക്ഷിച്ച് ചെറുകിട സ്ഥാപനങ്ങളാണ് സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ പേരില്‍ കൂടുതല്‍ അപകടത്തിലാവുക. വിന്‍ഡോസ് 7ല്‍ എന്തെങ്കിലും മാല്‍വെയറുകളോ വൈറസുകളോ പ്രചരിച്ചാല്‍ അതിനെ മറികടക്കാനുള്ള അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് നല്‍കില്ലെന്നത് ചെറുതല്ലാത്ത സുരക്ഷാപ്രശ്‌നം ഇവര്‍ക്കുണ്ടാക്കും.

ലോകത്തിലെ ഏറ്റവും ജനപ്രിയ ഡെസ്‌ക്ടോപ്പ്-ലാപ്‌ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമെന്ന ഖ്യാതി 11 വര്‍ഷം നിലനിര്‍ത്തിയ ചരിത്രമാണ് വിന്‍ഡോസ്-7 പതിപ്പിന്റേത്. ഇനിമുതല്‍ വിന്‍ഡോസ് 10ല്‍ മാത്രമായിരിക്കും കമ്പനി ശ്രദ്ധ ചെലുത്തുക. ലോകത്തു ആകെയുള്ള പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍(ഡെസ്‌ക്ടോപ്പും ലാപ്‌ടോപ്പും) 54.62% ഇപ്പോള്‍ വിന്‍ഡോസ് 10 ലാണ്. 26.64 ശതമാനം പിസികളിലാണ് വിന്‍ഡോസ് 7 ഉപയോഗിക്കുന്നത്.

ആഗോളതലത്തില്‍ 900 ദശലക്ഷത്തിലധികം ഉപകരണങ്ങള്‍ ഇപ്പോള്‍ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുമ്പോള്‍ 400 ദശലക്ഷം പിസികള്‍ ഇപ്പോഴും വിന്‍ഡോസ് 7 പ്രവര്‍ത്തിപ്പിക്കുന്നു എന്നാണ് കണക്ക്. അതിനിടെയാണ് വിന്‍ഡോസ് 7 പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്. സോഫ്റ്റ്വെയറും സുരക്ഷാ അപ്ഡേറ്റുകളും ഇല്ലാതെ വിന്‍ഡോസ് 7 പ്രവര്‍ത്തിക്കുന്ന പിസി ഉപയോഗിക്കുന്നത് തുടരാമെങ്കിലും, വൈറസുകളും മാല്‍വെയറുകളും കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

വിന്‍ഡോസ് 10 ലൈസന്‍സിന്റെ വില ചെറുതല്ല. വിന്‍ഡോസ് 10 ഹോമിന് 9,299 രൂപയും വിന്‍ഡോസ് 10 പ്രോയ്ക്ക് 14,999 രൂപയുമാണ്. ഇത് ഒരു പിസിക്കുവേണ്ടി മാത്രമുള്ള ലൈസന്‍സിന്റെ വിലയാണ്. പഴയ പിസി ഉള്ളവര്‍, വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡു ചെയ്യുന്നതിനുപകരം പുതിയ ഡെസ്‌ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. കാരണം വിന്‍ഡോസ് 7 ഉപയോഗിക്കുന്ന പിസികള്‍ 10 വര്‍ഷത്തോളം പഴക്കമുള്ള സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

വിന്‍ഡോസ് 7ന് ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിന്‍ഡോസ് 8 വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല. വിന്‍ഡോസിന്റെ എക്കാലത്തെയും മികച്ച ഒ.എസുകളില്‍ ഒന്നായിരുന്ന എക്‌സ്.പി 2014ല്‍പിന്‍വലിച്ചു. വിന്‍ഡോസ് 8 പുറത്തിറക്കാന്‍ വേണ്ടിയായിരുന്നു വിന്‍ഡോസ് എക്‌സ്.പി പെട്ടെന്ന് അവസാനിപ്പിച്ചത്. എന്നാല്‍ വിന്‍ഡോസ് 8 പരാജയമായതോടെ 2015ല്‍ വിന്‍ഡോസ് 10 പുറത്തിറക്കുകയായിരുന്നു. വിന്‍ഡോസ് 10ല്‍ കൂടുതല്‍ പുതുമകള്‍ കൊണ്ടുവരുന്നതിനുവേണ്ടിയയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

വിന്‍ഡോസ് 7 ഒറിജിനല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിന്‍ഡോസ് 10-ന്റെ പകര്‍പ്പ് സൌജന്യമായി നേടാന്‍ ഒരു വഴിയുണ്ട്. വിന്‍ഡോസ് 10 ഡൌണ്‍ലോഡ് പേജിലേക്ക് പോയി മീഡിയ ക്രിയേഷന്‍ ടൂള്‍ നേടുക. ആപ്പ് പ്രവര്‍ത്തിപ്പിക്കുക, ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിച്ച് ഈ പിസി അപ്‌ഡ്രേഡു ചെയ്യുക എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നെക്സ്റ്റ് കൊടുക്കുക. ഉപയോക്താക്കള്‍ സ്വകാര്യ ഫയലുകളും ആപ്ലിക്കേഷനും സൂക്ഷിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുക. ഡൌണ്‍ലോഡ് പൂര്‍ത്തിയായി ഇന്‍സ്റ്റലേഷന്‍ നടന്നുകഴിഞ്ഞാല്‍ വിന്‍ഡോസ് അപ്‌ഡേറ്റ് വിഭാഗത്തില്‍നിന്ന് വിന്‍ഡോസ് സജീവമാക്കി പുതിയ ഒ.എസ് ഉപയോഗിക്കാന്‍ സാധിക്കും.


ഇതിനെ മറികടക്കാന്‍ വിന്‍ഡോസ് 10ലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നത്.


വിന്‍ഡോസ് 10ലേക്ക് മാറും മുമ്പ് സിസ്റ്റത്തിന് വേണ്ട കുറഞ്ഞ ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളെക്കുറിച്ചും മൈക്രോസോഫ്റ്റ് വ്യക്തമക്കുന്നുണ്ട്.


Processor: 1 gigahetrz (GHz) or faster processor or SoC

RAM: 1 gigabyte (GB) for 32-bit or 2 GB for 64-bit

Hard disk space: 16 GB for 32-bit OS 20 GB for 64-bit OS

Graphics card: DirectX 9 or later with WDDM 1.0 driver

Display: 800 x 600 resolution

എന്നിവ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറില്‍ ഉണ്ടെന്ന് വിന്‍ഡോസ് 10ലേക്ക് മാറും മുമ്പ് ഉറപ്പുവരുത്തണം.

വിന്‍ഡോസ് 7 ലൈസന്‍സ് പതിപ്പ് കൈവശമുള്ളവര്‍ക്ക് വിന്‍ഡോസ് 10ലേക്കുള്ള മാറ്റം താരതമ്യേന എളുപ്പമാണ്.

വിന്‍ഡോസ് 10 ഡൗണ്‍ലോഡ് പേജില്‍ പോയി മീഡിയ ക്രിയേഷന്‍ ടൂളില്‍ ക്ലിക്ക് ചെയ്ത് ആപ്പ് തുറക്കുക, നിബന്ധനകള്‍ അംഗീകരിച്ച് 'ഈ പിസി അപ്‌ഗ്രേഡുചെയ്യുക' എന്ന ഓപ്ഷന്‍ വഴി 'Next' ക്ലിക്കുചെയ്യുക. ഉപയോക്താക്കള്‍ 'സ്വകാര്യ ഫയലുകളും അപ്ലിക്കേഷനും സൂക്ഷിക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് പൂര്‍ത്തിയായി ഇന്‍സ്റ്റലേഷന്‍ കഴിയുന്നതുവരെ കാത്തിരിക്കുക. ഇതിന് ശേഷം ഉപയോക്താക്കള്‍ വിന്‍ഡോസ് അപ്‌ഡേറ്റ് വിഭാഗത്തില്‍ നിന്ന് വിന്‍ഡോസ് സജീവമാക്കി പുതിയ ഒ.എസ് ഉപയോഗിക്കാന്‍ കഴിയും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍