കാൽമണിക്കൂർ ശ്വസിക്കാൻ 299 രൂപ

ഓക്സിജൻ വിൽപ്പനയും തുടങ്ങി








അന്തരീക്ഷം അതിമലിനമായ ഡൽഹിയിൽ ഒടുവിൽ ഓക്സിജൻ വിൽപ്പനയും തുടങ്ങി. കാൽമണിക്കൂർ ശുദ്ധവായു ശ്വസിക്കാൻ കൊടുക്കേണ്ടത് 299 രൂപ.
വെവ്വേറെ നിരക്കുകളിൽ വിവിധ സുഗന്ധങ്ങളിലുള്ള ഓക്സിജൻ കിട്ടും. തെക്കൻ ഡൽഹി സാകേതിലെ സെലക്ട് സിറ്റി മാളിലാണ് ഓക്സിജൻ ബാർ.

ഓക്സി പ്യുവർ' എന്നുപേരുള്ള ബാർ ഈ വർഷം മേയിലാണ് തുറന്നത്. ഇവിടെ ഇതുവരെ ശുദ്ധവായു സൗജന്യമായിരുന്നു. നാട് വായുമലിനീകരണത്തിൽ വീർപ്പുമുട്ടിയതോടെ വില ഈടാക്കിത്തുടങ്ങി.
സിലിൻഡറുകളിലെ ഓക്സിജൻ നേരിട്ടു ശ്വസിക്കാൻ നൽകുകയല്ല ഇവിടെ. വിവിധ ഗന്ധങ്ങളുള്ള വായു മൃദുവായി ശ്വസിക്കാൻ പാകത്തിൽ സജ്ജീകരിച്ചിരിക്കുകയാണ്. മൂക്കിൽ പ്രത്യേകം ട്യൂബിട്ട് അനായാസം ശ്വസിക്കാം. ഇക്കാരണങ്ങളാലാണ് പണമീടാക്കുന്നത്.


ദിവസം ചുരുങ്ങിയത് 20 പേരെങ്കിലും ശുദ്ധവായുതേടി എത്താറുണ്ടെന്ന് ജീവനക്കാരൻ. അന്തരീക്ഷമലിനീകരണം അതിരൂക്ഷമായ ദീപാവലിക്കുശേഷം ഡൽഹിയിലെ പലയിടങ്ങളിൽനിന്നായി ആളുകളെത്തുന്നു. സ്ഥിരംസന്ദർശകർക്കായി മെമ്പർഷിപ്പ് കാർഡുണ്ട്. ഇവർക്ക് 15 ശതമാനം കിഴിവിൽ പത്തുതവണ ഓക്സിജൻ ശ്വസിക്കാം.

ഡൽഹിയിലെ ബിസിനസുകാരൻ ആര്യവീർ കുമാർ തുടങ്ങിയതാണ് ഈ ഓക്സിജൻ ബാർ. മൂന്നുവർഷംമുമ്പ് അമേരിക്ക സന്ദർശിച്ചപ്പോൾ കിട്ടിയതാണ് ആശയം.

ഏഴു സുഗന്ധത്തിലാണ് ഓക്സിജൻ കിട്ടുക. യൂക്കാലിപ്റ്റസ് ഗന്ധത്തിലുള്ള വായു ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കി തൊണ്ടയ്ക്കു കുളിർമനൽകുമെന്നാണ് ഇവരുടെ വാഗ്ദാനം. മനസ്സിനെ ശാന്തമാക്കാൻ വാനില മതി. കർപ്പൂരതുളസി ഗന്ധത്തിലുള്ളത് ഛർദിയകറ്റാൻ സഹായിക്കും. ഓറഞ്ച്, കറുവപ്പട്ട, ലാവൻഡർ, ലെമൺഗ്രാസ് എന്നീ സുഗന്ധങ്ങളിലുള്ള വായുവും ഇവിടെ കിട്ടും. കാൽമണിക്കൂർ ശ്വസിക്കാൻ 299 മുതൽ 499 വരെ രൂപകൊടുക്കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍