ശല്യക്കാരെ ഒഴിവാക്കാൻ ജിയോ, എയർടെൽ, വിഐ വരിക്കാർക്കുള്ള എളുപ്പവഴി

 



അ‌ത്യാവശ്യമായി എന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാകും നമ്മുടെ മൊ​ബൈൽ ഫോണിലേക്ക് ഒരു കോളോ, ചറപറാ എസ്എംഎസുകളോ എത്തുന്നത്.

എന്നാൽ എല്ലാ ജോലിയും നിർത്തിവച്ച് കോളെടുക്കുമ്പോഴാണ് നാം അ‌റിയുക ടെലിമാർക്കറ്റിങ്, സ്പാം കോളുകളാണ് അ‌തെന്ന്. അ‌പ്പോഴേക്കും നമ്മുടെ ശ്രദ്ധ മാറുകയും ചെയ്തുകൊണ്ടിരുന്ന പണി അ‌വതാളത്തിലാകുകയും ചെയ്യാറുണ്ട്.

ആരെങ്കിലും വിളിക്കുമെന്ന് കരുതി കാത്തിരിക്കുമ്പോഴാകും കോൾ എത്തുക. ഏറെ ആവേശത്തോടുകൂടി എടുക്കുമ്പോൾ കേൾക്കുക ക്രെഡിറ്റ് കാർഡുകൾക്കായുള്ള അ‌ഭ്യർഥന ആയിരിക്കും, അ‌തല്ലെങ്കിൽ മാർക്കറ്റിംഗ്, ടെലിഷോപ്പിംഗ് എന്നിവയുടേത്. ഉപയോക്താക്കൾക്ക് ഇത്തരം കോളുകൾ പലപ്പോഴും ശല്യമായി മാറാറുണ്ട്. ഇതിൽ പലതും പണംതട്ടുക എന്ന ഉദ്ദേശത്തോടുകൂടി ഉള്ളവയാണ്.

ബാങ്കിൽ നിന്നും മറ്റുമാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് ആളുകളുടെ ബാങ്കിങ് വിവരങ്ങൾ ഉൾപ്പെടെ അ‌റിഞ്ഞും മറ്റു പലവിധത്തിലും കോളിലൂടെ പണം തട്ടാറുണ്ട്. പലരും ഇത്തരം ചതിക്കുഴികളിൽ വീണുപോകുന്നു. സ്പാം കോളുകൾ ഒരു പ്രശ്നമാണെങ്കിലും, അവ അ‌വഗണിക്കുന്നതും ശല്യമാകാതിരിക്കാൻ ഫോൺ ​സൈലന്റിൽ സൂക്ഷിക്കുന്നതും ഒരു നല്ല ഓപ്ഷനല്ല.


ഫോൺ ​സൈലന്റിൽ സൂക്ഷിക്കുന്നതിലൂടെ, നമുക്ക് വരുന്ന അ‌ത്യാശ്യ കോളുകൾ നഷ്ടമാകാൻ സാധ്യതയുണ്ട്. സ്പാം കോളുകളും മറ്റ് ശല്യക്കാരുടെ കോളുകളും തടയാൻ മറ്റ് ചില ഓപ്ഷനുകൾ ലഭ്യമാണ്. സ്‌പാം കോളുകൾ ശാശ്വതമായി തടയുന്നതിന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഒരു പ്രത്യേക സേവനം ഒരുക്കിയിട്ടുണ്ട്.


സ്പാം കോളുകൾ തടയാൻ ആളുകളെ സഹായിക്കുന്നതിന് നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (എൻ‌സി‌പി‌ആർ) എന്നൊരു സംവിധാനമാണ് ട്രായി സജ്ജമാക്കിയിട്ടുള്ളത്. മുമ്പിത് നാഷണൽ ഡൂ നോട്ട് കോൾ രജിസ്ട്രി (എൻ‌ഡി‌എൻ‌സി) ആയിരുന്നു. ടെലിമാർക്കറ്റിംഗ് കോളുകളും മറ്റ് അ‌നാവശ്യ കോളുകളും നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത് തടയാൻ ഈ ഡിഎൻഡി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.


ട്രായിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. നിങ്ങൾ ആവശ്യപ്പെടുന്ന വിഭാഗങ്ങളിൽ നിന്നുള്ള കോളുകൾ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത് തടയാൻ ഈ സംവിധാനം സഹായിക്കും. അ‌തിനായി ആദ്യം എസ്എംഎസ് ഓപ്ഷൻ എടുത്ത് START എന്ന് ടൈപ്പ് ചെയ്യുക.തുടർന്ന് 1909 എന്ന നമ്പറിലേക്ക് അയയ്ക്കുക.

ഈ സമയം നിങ്ങളുടെ സേവന ദാതാവ് ഒരു ലിസ്റ്റ് അയയ്ക്കും. ഈ ലിസ്റ്റിൽനിന്ന് നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന കോളുകളുടെ കോഡ് തെരഞ്ഞെടുത്ത് റിപ്ലെ ആയി അ‌യയ്ക്കുക. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള പ്രത്യേക വിഭാഗത്തിൽ നിന്നുള്ള കോളുകൾ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കാവുന്ന ചില കോഡുകൾ പരിചയപ്പെടാം.


FULLY BLOCK: എല്ലാ വിഭാഗങ്ങളിൽനിന്നുള്ള കോളുകളും പൂർണ്ണമായി തടയാൻ
BLOCK 1: ബാങ്കിംഗ്/ഇൻഷുറൻസ്/ക്രെഡിറ്റ് കാർഡുകൾ/സാമ്പത്തിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായുള്ള കോളുകൾ തടയാൻ
BLOCK 2: റിയൽ എസ്റ്റേറ്റ് കോളുകൾ മാത്രം തടയാൻ
BLOCK 3: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്‌പാമുകൾ തടയാൻ
BLOCK 4: ആരോഗ്യവുമായി ബന്ധപ്പെട്ട സ്പാം കോളുകൾ തടയാൻ


BLOCK 5: ഉപഭോക്തൃ സാധനങ്ങൾ/ഓട്ടോമൊബൈലുകൾ/വിനോദം/ഐടി എന്നിവയുടെ കോളുകൾ തടയാൻ
BLOCK 6: കമ്മ്യൂണിക്കേഷൻ/ബ്രോഡ്കാസ്റ്റിംഗ് കോളുകൾ തടയാൻ
BLOCK 7: വിനോദസഞ്ചാരം, വിനോദം പരസ്യകോളുകൾ തടയാൻ
BLOCK 8: ഫുഡ് ആൻഡ് ബിവറേജ് പരസ്യകോളുകൾ തടയാൻ
ഇതിൽനിന്ന് നിങ്ങൾക്ക് ആവശ്യമായ കോഡ് 1909 എന്ന നമ്പറിലേക്ക് അ‌യച്ചാൽ അനാവശ്യ കോളുകളിൽനിന്ന് മോചനം ലഭിക്കും.


ഈ കോഡ് മെസേജ് ചെയ്താൽ ടെലിക്കോം സേവനദാതാവ് നിങ്ങളുടെ അ‌ഭ്യർഥന സ്ഥിരീകരിക്കുന്ന സന്ദേശം തിരികെ അ‌യയ്ക്കും. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഡിഎൻഎഡി സേവനം ആരംഭിക്കും. ടെലികോം സേവന ഓപ്പറേറ്റർമാർ വഴിയും ഡിഎൻഡി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാം. ജിയോ, എയർടെൽ, വോഡഫോൺ എന്നിവയിൽ ഡിഎൻഡി രജിസ്റ്റർ ചെയ്യുന്നതിനുള്ള വഴിയിതാ.


ജിയോയിൽ ഡിഎൻഡി ആക്ടിവേറ്റ് ചെയ്യാനുള്ള വഴി


ആദ്യം സ്മാർട്ട്ഫോണിലെ ​മൈ ജിയോ ( MyJio ) ആപ്പ് തുറക്കുക.


ശേഷം സെറ്റിങ്സ് ക്രമീകരണങ്ങൾ തുറക്കുക, തുടർന്ന് > സെർവീസ് സെറ്റിങ്സ് > ശേഷം ഡുനോട്ട് ഡിസ്റ്റർബ് തെരഞ്ഞെടുക്കുക.

ശേഷം കോളുകളും എസ്എംഎസും തടയാൻ നിങ്ങൾ ആഗ്രഹിക്കുന്ന വിഭാഗങ്ങൾ തിരഞ്ഞെടുക്കുക.

എയർടെല്ലിൽ ഡിഎൻഡി ആക്ടിവേറ്റ് ചെയ്യാനുള്ള വഴി


ആദ്യം എയർടെൽ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക ( airtel.in/airtel-dnd )


തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക

അ‌തിനു ശേഷം മൊ​ബൈൽ നമ്പർ ഉറപ്പാക്കാനായി നിങ്ങളുടെ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.

സേവനം തടയാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങൾ ഏതൊക്കെയെന്ന് തിരഞ്ഞെടുക്കുക.

വിഐയിൽ ഡിഎൻഡി എങ്ങനെ ആക്ടിവേറ്റ് ചെയ്യാം


ആദ്യം വിഐയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഡിഎൻഡി വിഭാഗം ടാബിലെത്തുക( vodafone.in/dnd )


തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ, ഇ - മെയിൽ വിലാസം , പേര് എന്നിവ നൽകുക.

ശേഷം, നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന മാർക്കറ്റിംഗ് കോൾ വിഭാഗങ്ങൾ തിരഞ്ഞെടുത്ത് നൽകുക.

ബിഎസ്എൻഎൽ ഡിഎൻഡി സേവനം ആക്ടിവേറ്റ് ചെയ്യാൻ


ബിഎസ്എൻഎല്ലിൽ ഡിഎൻഡി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാൻ 1909 എന്ന നമ്പറിലേക്ക് "start dnd" എന്ന സന്ദേശം അയക്കുക.


സ്പാം കോളുകൾ തടയാൻ കഴിയുന്ന മേഖലകളുടെ ലിസ്റ്റ് ബിഎസ്എൻഎൽ തിരികെ നൽകും.

നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങൾ തിരഞ്ഞെടുക്കുക.

വോയ്‌സ് കോൾ, എസ്എംഎസ് അല്ലെങ്കിൽ രണ്ടുംകൂടിയും തിരഞ്ഞെടുക്കാൻ ഇവിടെ അ‌വസരമുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍