വാട്ടർ ചാർജ് ലീറ്ററിന് ഒരു പൈസ കൂട്ടുമെന്നു കേൾക്കുമ്പോൾ നിസ്സാരം

 


വാട്ടർ ചാർജ് ലീറ്ററിന് ഒരു പൈസ കൂട്ടുമെന്നു കേൾക്കുമ്പോൾ നിസ്സാരം. ബിൽ കയ്യിൽ കിട്ടുമ്പോൾ പക്ഷേ ‘വെള്ളിടി’യാകും.

ഇടതുമുന്നണി അനുമതി നൽകിയ ചാർജ് വർധന സർക്കാർ അംഗീകരിച്ചാൽ, പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി അഞ്ചംഗ കുടുംബത്തിന് ശരാശരി 200 മുതൽ 400 രൂപ വരെയാണ് ബില്ലിൽ അധികം നൽകേണ്ടി വരിക; ഇപ്പോഴ‍ത്തേതിന്റെ മൂന്നിരട്ടിയോളം. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ.

പ്രതിമാസം 5,000 ലീറ്റർ വരെ വെള്ളം ഉപയോഗത്തിനു കുറഞ്ഞ നിരക്ക് 22.05 രൂപയാണ്. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ ഇത് 72.05 രൂപയായി ഉയരും. കണക്‌ഷൻ എടുത്തെങ്കിൽ, വെള്ളം ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം


.



5,000 ലീറ്ററിനു മുകളിൽ ഓരോ 5,000 ലീറ്ററിനും പ്രത്യേക സ്ലാബുകളിലാണു നിരക്ക്. 30,000 ലീറ്ററിനു മുകളിലായാൽ 10,000 ലീറ്ററിനു വീതമാണ് പ്രത്യേക സ്ലാബുകൾ. 50,000 ലീറ്റർ കടന്നാൽ പിന്നീടുള്ള ഓരോ 1000 ലീറ്ററിനും 44.10 രൂപ വീതം എന്ന പ്രത്യേക നിരക്കാണ്.

ഗാർഹിക ഉപയോക്താക്കൾ  35.95 ലക്ഷം

35.95 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണു കേരളത്തിൽ. ഈ മാസം ആദ്യം വരെയുള്ള കണക്കുപ്രകാരം ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ കുടി‍ശികയാണുള്ളത്. നിരക്കു വർധനയിലൂടെ പ്രതിവർഷം കിട്ടുക ശരാശരി 300–350 കോടി രൂപയും. പൊതു‍ടാപ്പുകളുടെ നിരക്കും വർധിക്കും.

2021 മുതൽ എല്ലാ വർഷവും കേന്ദ്ര സർക്കാ‍രിന്റെ അധികവായ്പ വ്യവസ്ഥപ്ര‍കാരം അടിസ്ഥാന താരിഫിൽ 5% വർധന വരുത്തിയിരുന്നു. അടുത്തവർഷം വരെ ഇതു തുടരേണ്ടതുണ്ട്. 

എന്നാൽ, സംസ്ഥാനം ഇപ്പോൾ നിരക്കു കൂട്ടുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദേശ പ്രകാരമുള്ള വർധന ഇക്കൊല്ലം ഉണ്ടാകില്ലെന്നു ജല അതോറിറ്റി അറിയിച്ചു.

എത്ര ഉപയോഗിച്ചാലും 1982ൽ 20 പൈസ!

1982 ജൂലൈയിൽ 20 പൈസയായിരുന്നു പ്രതിമാസ വാട്ടർ ചാർജ്. എത്ര ഉപയോഗിച്ചാലും ഈ തുക നൽകിയാൽ മതിയായിരുന്നു. 1991 ഒക്ടോബറിലാണ് സ്ലാബ് സംവിധാനം ഏർപ്പെടുത്തിയത്. 2014 ൽ സ്ലാബുകളുടെ എണ്ണം കൂട്ടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍