മലപ്പുറം, കണ്ണൂർ, കോട്ടയം, കൊല്ലം, പാലക്കാട് നഗരങ്ങളിലും ജിയോ 5ജി!

 



അ‌ധിക ചെലവുകളൊന്നുമില്ലാതെ ജിയോ 5ജി(JIO 5G) ആസ്വദിക്കാൻ കേരളത്തിലെ അ‌ഞ്ച് നഗരങ്ങളിലുള്ള ജിയോ വരിക്കാർക്കുകൂടി അ‌വസരം ഒരുങ്ങി. കൊച്ചിക്കും തിരുവനന്തപുരത്തിനും തൃശൂരിനും കോഴിക്കോടിനും പിന്നാലെ മലപ്പുറം, കണ്ണൂർ, കോട്ടയം, കൊല്ലം, പാലക്കാട് നഗരങ്ങളിലും ജിയോ തങ്ങളുടെ ട്രൂ 5ജി സേവനം ആരംഭിച്ചിരിക്കുകയാണ്. ജനുവരി 17 മുതലാണ് ഈ അ‌ഞ്ച് നഗരങ്ങളിലും ജിയോ തങ്ങളുടെ 5ജി സർവീസ് ആരംഭിച്ചിരിക്കുന്നത്.

ഈ നഗരങ്ങളുടെ പരിധിയിലുള്ള ജിയോ ഉപയോക്താക്കളിൽ വെൽക്കം ഓഫർ ലഭിക്കുന്ന ഉപയോക്താക്കൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ ട്രൂ 5ജി ലഭിച്ചുതുടങ്ങുക. മുൻപ് മറ്റിടങ്ങളി​ൽ 5ജി അ‌വതരിപ്പിച്ചപ്പോൾ ഇതേ രീതിയിൽ തന്നെ ജിയോയുടെ വെൽക്കം ഓഫർ ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നു. 4ജി സിം മാറ്റാതെ തന്നെ ജിയോ ഉപയോക്താക്കൾക്ക് 5ജിയും ലഭ്യമാകും. എന്നാൽ 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം.

ഇപ്പോൾ കേരളത്തിലെ 11 നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാം. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവടങ്ങളാണ് ഈ പട്ടികയിലുള്ളത്. 4ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. അ‌തിനാൽത്തന്നെ വേഗമേറിയ 5ജി സേവനം ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം.

7 സംസ്ഥാനങ്ങളിലായി 16 ൽ അധികം നഗരങ്ങളിൽ ആണ് ജനുവരി 17 ന് ജിയോ ട്രൂ 5G സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ 16 നഗരങ്ങളിൽ അ‌​ഞ്ചെണ്ണം കേരളത്തിലാണ്. ആന്ധ്രാപ്രദേശ്, ആസാം, കർണാടക, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് മറ്റുള്ളവ. ഇപ്പോൾ ഇന്ത്യയിലെ 134 നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാം. അതിവേഗമാണ് ജിയോ 5ജി വ്യാപനം നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ വർഷമായ 2023-ൽ ഓരോ ജിയോ ഉപയോക്താവും ജിയോ ട്രൂ 5G സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള ട്രൂ 5G റോളൗട്ടിന്റെ വേഗതയും തീവ്രതയും തങ്ങൾ വർദ്ധിപ്പിച്ചതായി പുതിയ 5ജി നഗരങ്ങൾ പ്രഖ്യാപിച്ച് ജിയോ അ‌റിയിച്ചു.

പുതുതായി ട്രൂ 5ജി ആരംഭിച്ച നഗരങ്ങൾ രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം, വാണിജ്യ കേന്ദ്രങ്ങളും അതുപോലെ തന്നെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളുമാണ്. ജിയോയുടെ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതോടെ മേഖലയിലെ ഉപഭോക്താക്കൾക്ക് മികച്ച ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് മാത്രമല്ല ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഹെൽത്ത് കെയർ, കൃഷി, ഐടി തുടങ്ങിയ മേഖലകളിൽ അനന്തമായ വളർച്ചാ അവസരങ്ങളും ലഭിക്കുമെന്നും ജിയോ പറയുന്നു. സ്റ്റാൻഡലോൺ 5ജി ഉപയോഗിച്ച് കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കംപ്യൂട്ടിങ്, നെറ്റ്‌വർക്ക് സ്‌ലൈസിങ് എന്നി അതിനൂതനവും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ സാധിക്കും.

5ജി ലഭിക്കാൻ നിങ്ങളുടെ ഫോണിനും 5ജി അ‌പ്ഡേറ്റ് ലഭ്യമായെന്ന് ഉറപ്പുവരുത്തുക. 5ജിക്കായുള്ള നിങ്ങളുടെ താൽപര്യം ​മൈജിയോ ആപ്പ് വഴി അ‌റിയിക്കാം. മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ആപ്പ് ഓപ്പൺ ചെയ്ത് ജിയോ നമ്പർ ചേർക്കുക. ലഭിക്കുന്ന ഒടിപി നമ്പർ നൽകുക. തുടർന്ന് ഹോം പേജിൽ 'ജിയോ 5ജി വെൽക്കം ഓഫർ' (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക.

ജിയോ 5ജി വെൽക്കം ഓഫർ എന്നതിൽ ടച്ച് ചെയ്യുക. ( യോഗ്യതയുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും കിട്ടുക). തുടർന്ന് നിങ്ങളുടെ താൽപര്യം അറിയിക്കാനായി, 'ഐ ആം ഇന്ററസ്റ്റഡ്' എന്ന് എഴുതിയിരിക്കുന്നതിൽ സ്പർശിക്കുക. ഇതോടെ റജിസ്‌ട്രേഷൻ നിങ്ങളുടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി. 5ജി ലഭിക്കണമെങ്കിൽ നിങ്ങളുടെ ഫോൺ 5ജി പിന്തുണയുള്ളതാണോ എന്ന് അ‌റിയണം.

ആദ്യം സെറ്റിങ്‌സിൽ മൊബൈൽ നെറ്റ് വർക്ക്‌സ് തുറക്കുക. ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ ഘട്ടത്തിൽ 3ജി, 4ജി, 5ജി ഓപ്ഷനുകൾ ഉണ്ടോ എന്ന് നോക്കുക. 5ജി ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ ഫോൺ 5ജി പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കാം. ഇവിടെ 5ജി തിരഞ്ഞെടുത്താൽ നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍