കണ്ണുമടച്ച് നേടാം മാസം 5,000 രൂപ

 


പോസ്റ്റ് ഓഫീസ് പദ്ധതികളുടെ ഏറ്റവും വലിയ ആകര്‍ഷണീയത് അവയുടെ സുരക്ഷിതത്വം തന്നെയാണ്. കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതിയായതിനാല്‍ സുരക്ഷിതത്വത്തെ പറ്റി ആശങ്കള്‍ ഉണ്ടാകേണ്ട കാര്യമില്ല.

സുരക്ഷിതമായി മാസത്തില്‍ വരുമാനം നേടാന്‍ സാധിക്കുന്ന പദ്ധതി പോസ്റ്റ് ഓഫീസ് നടത്തുന്നുണ്ട്. ഇത്തരത്തിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. നിക്ഷേപിക്കുന്ന തുകയ്ക്ക മാന്യമായ പലിശയും സുരക്ഷിതത്വവും ചേര്‍ത്ത് നല്ലൊരു മാസ വരുമാനം ഉണ്ടാക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പദ്ധതില്‍ ചേരുന്നതിന് പ്രത്യേക നിബന്ധനകളില്ലെന്നതാണ് പ്രത്യേകത. രാജ്യത്തെ പൗരന്മാര്‍ക്ക് പ്രായ പരിധിയില്ലാതെ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ അക്കൗണ്ട് എടുക്കാം. പ്രായപൂര്‍ത്തിയായവര്‍ക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. പ്രായ പൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത അക്കൗണ്ടും ആരംഭിക്കാം.

പോ്‌സ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 4.5ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ടില്‍ രണ്ടു പേര്‍ക്കും ചേര്‍ന്ന് 9 ലക്ഷം രൂപ നിക്ഷേപിക്കാം.


ജോയിന്റ് അക്കൗണ്ടില്‍ അംഗങ്ങള്‍ക്ക് നിക്ഷേപത്തിന് മേല്‍ തുല്യ അവാകാശമുണ്ടായിരിക്കും. ഈ പരിധിയില്‍ കവിഞ്ഞ് നിക്ഷേപം നടത്തിയാല്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പലിശ അധികമുള്ള തുകയ്ക്ക് ലഭിക്കില്ല. അധിക തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റി സേവിംഗ്സ് അക്കൗണ്ടിലെ പലിശ നല്‍കും.

പോസ്റ്റ് ഓഫീസ് പദ്ധതികളുടെ ഏറ്റവും വലിയ ആകര്‍ഷണീയത സാമ്പത്തിക വര്‍ഷത്തില്‍ ഓരോ പാദങ്ങളിലും പലിശ നിരക്ക് പുനഃപരിശോധിക്കും എന്നതാണ്. ഒക്ടോബര്‍ ഒന്നിന് നിശ്ചയിച്ച പലിശ നിരക്ക് പ്രകാരം 6.7 ശതമാനം പലിശ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കുന്നുണ്ട്. ജനുവരി വരെ ഈ പലിശ നിരക്ക് തുടരും.

നിക്ഷേപം ആരംഭിച്ച് തൊട്ടടുത്ത മാസം മുതല്‍ പലിശ ലഭിക്കും. പിന്‍വലിക്കാതെ സൂക്ഷിക്കുന്ന പലിശയ്ക്ക് അധിക പലിശയൊന്നും ലഭിക്കില്ല. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.


നേരത്തെ പിന്‍വലിക്കല്‍


1 വര്‍ഷം പൂര്‍ത്തിയാകാതെ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയായ അക്കൗണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ നിക്ഷേപത്തില്‍ നിന്ന് 2 ശതമാനം കിഴിച്ചാണ് തുക അനുവദിക്കുക. 3 വര്‍ഷം പൂര്‍ത്തിയാക്കി 5 വര്‍ഷത്തിന് മുന്‍പ് അവസാനിപ്പിച്ചാല്‍ 1 ശതമാനം നിക്ഷേപത്തില്‍ നിന്ന് ഈടാക്കും. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അക്കൗണ്ട് അവസാനിപ്പിച്ച് അവകാശിക്ക് പണം തിരികെ നല്‍കും.


എങ്ങനെ അക്കൗണ്ട് എടുക്കാം


അക്കൗണ്ട് ആരംഭിക്കാനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ചാല്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ ചേരാനാകും. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കാം.


മാസത്തില്‍ 5,000 രൂപ വരെ ലഭിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 6.7 ശതമാനം പലിശ നിരക്ക് ലഭിക്കുന്ന ഈ പദ്ധതിയില്‍ നിന്ന് 5,000 രൂപ ലഭിക്കാന്‍ എത്ര തുക നിക്ഷേപിക്കണമെന്ന് നോക്കാം. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍്ക്ക് 1,117 രൂപയാണ് മാസത്തില്‍ ലഭിക്കുക.


വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് നിക്ഷേപിക്കാവുന്ന പരമാവധി തുകയായ 4.50 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2,513 രൂപയും ലഭിക്കും. ജോയിന്റ് അക്കൗണ്ട് വഴി മാസ വരുമാന പദ്ധതിയില്‍ 9 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക മാസത്തില്‍ 5,025 രൂപ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍