വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുന്നു

 


വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുന്നു. എക്സ്പ്രസ് , സർഫ്ഷാർക് വിപിഎൻ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോൺ വിപിഎന്നും ഇപ്പോഴിതാ ഇന്ത്യയിലെ പ്രവർത്തം നിർത്തുന്നത്.

കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ  നിബന്ധന അനുസരിക്കില്ല എന്നതാണ് രാജ്യം വിടാനുള്ള  കാരണം. വെർച്വൽ - പ്രൈവറ്റ്- നെറ്റ്വർക്ക് സേവനങ്ങൾ നൽകുന്നതിൽ പേരു കേട്ട കമ്പനിയാണ് പ്രോട്ടോൺ. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലെ തന്നെ പ്രധാന വിപിഎൻ സേവനദാതാക്കളിലൊരാളാണ് പ്രോട്ടോൺ. 


നിലവിൽ സേവനം നിർത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കള്‌‍ക്ക് തുടർന്നും പ്രോട്ടോൺ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഇതിന് വേണ്ടി ഇന്ത്യൻ ഐപി അഡ്രസ് നൽകുന്നതിനായി ‘സ്മാർട് റൂട്ടിങ് സെർവറുകൾ’ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം  (സെർട്–ഇൻ)  മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിരുന്നു. 


നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള  സമയപരിധി ഇന്ന് വരെയാണ്. ഇതിന് മടിച്ച കമ്പനികളാണ് രാജ്യം വിടുന്നത്. പുതിയ വിപിഎൻ നെറ്റ്വർക്കുകള്‍,  ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കരുതെന്ന് നേരത്തെ കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്ക് നിർേദശം നല്‌‍കിയിരുന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (എൻ.ഐ.സി.), ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമുമാണ് (സിഇആർടി-ഇൻ) ഈ നിർദേശം പുറപ്പെടുവിച്ചത്.


ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകി.  സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.  സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ.രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ  നോർഡ്‌വിപിഎൻ (NordVPN), എക്സ്പ്രസ്‌വിപിഎൻ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎൻ (VPN) സേവന ദാതാക്കൾ ഇന്ത്യയിൽ നിന്ന് നെറ്റ്‌വർക്കുകൾ നീക്കം ചെയ്യുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. 


ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർ‍ഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശമുണ്ട്.  എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ സ്വകാര്യതയിൽ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെർവറുകൾ നേരത്തെ നിർത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍