രാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായി

 


ബിഎസ്എൻഎൽ ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാൻ പോകുന്നു. ഇതിനായുള്ള കോർ നെറ്റ്വർക്ക് ട്രയലുകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ഇനി ആറ് മാസത്തിനുള്ളിൽ 4ജി സേവനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസുമായുള്ള (ടിസിഎസ്) പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും അവ വിജയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 28ന് തന്നെ കോർ നെറ്റ്‌വർക്ക് ട്രയലുകൾ പൂർത്തിയായെന്നും ഇപ്പോൾ റേഡിയോ നെറ്റ്‌വർക്കുകൾക്കായുള്ള ട്രയലുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത് ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു,. മെട്രോ നഗരങ്ങളിൽ 4ജിക്ക് വേണ്ടി ബിഎസ്എൻഎൽ ഇതിനകം തന്നെ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ആദ്യം ബിഎസ്എൻഎൽ 4ജി സേവനം എത്തുന്നതും ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ആയിരിക്കും.

ബിഎസ്എൻഎൽ ഇതിനകം ഒരു ലക്ഷത്തിലധികം സൈറ്റുകൾ 4ജിക്കായി നവീകരിച്ചിട്ടുണ്ടെന്നും വരുന്ന നാലോ ആറോ മാസത്തിനുള്ളിൽ ഇത് ലോഞ്ച് ചെയ്യുമെന്നും ബിഎസ്എൻഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബിഎസ്എൻഎൽ 2022 ഏപ്രിലിൽ 4ജി ഉപകരണങ്ങൾക്കായി ഓർഡർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ 4ജി കൊണ്ടുവരാനുള്ള പരിശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. 2022ൽ ഇത് പൂർത്തിയാകുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന പ്രതീക്ഷ.

കവറേജിന്റെയും വേഗതയുടെയും കാര്യത്തിൽ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്ന അതേ നിലവാരം നൽകാനാണ് ബിഎസ്എൻഎല്ലിന്റെ സ്വദേശീയ 4ജി നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ പദ്ധതികളിൽ പല തടസങ്ങളും നേരിട്ടിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് ഉപകരണങ്ങൾ നിർമ്മിക്കാനും അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കാനുമുള്ള കരാറുകളുടെ പേരിൽ ആയിരുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരൊന്നും ചെയ്യാത്ത രീതിയിൽ ഇന്ത്യയിലെ തന്നെ കമ്പനികളുമായി സഹകരിച്ച് 4ജി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എൻഎഎല്ലിനുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍