കാര്‍ഷിക രംഗത്തും സാങ്കേതിക വിപ്ലവം

 


സ്മാര്‍ട്‌ഫോണ്‍ നിയന്ത്രിത ട്രാക്ടറുമായി ജോണ്‍ ഡീർ
കാർഷിക ഉപകരണ നിർമാതാക്കളായ ജോൺ ഡീർ ആദ്യ ഡ്രൈവറില്ലാ ട്രാക്ടർ പുറത്തിറക്കി. കർഷകർക്ക് ഒരു സ്മാർട്ഫോൺ ഉപയോഗിച്ച് ഈ ട്രാക്ടർ നിയന്ത്രിക്കാൻ സാധിക്കും.

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് 8ആർ ട്രാക്ടർ കമ്പനി അവതരിപ്പിച്ചത്. 2019 മുതൽ ചില കർഷകർ ഈ ട്രാക്ടർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്.

നിർമിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആറ് ക്യാമറകളുമാണ് ഇതിനുള്ളത്. വാഹനത്തിന്റെ സഞ്ചാരം നിയന്ത്രിക്കുന്നതിനും വാഹനത്തിന് മുമ്പിൽ ജീവികൾ എന്തെങ്കിലും വന്ന് നിന്നാൽ വാഹനം നിർത്തുന്നതിന് വേണ്ടി ഇത് സഹായിക്കും.

നിലവിലുള്ള ട്രാക്ടറുകളിലും ക്യാമറയും കംപ്യൂട്ടറുകളും സ്ഥാപിക്കാനാകുമെന്ന് ജോൺ ഡീർ പറയുന്നു. ഈ വർഷം 20 ട്രാക്ടറുകളാണ് കമ്പനി പുറത്തിറക്കുക. വരും വർഷങ്ങളിൽ എണ്ണം വർധിപ്പിക്കും.

ഇതിന്റെ വില എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം യന്ത്രം നേരിട്ട് വില്ക്കുകയാണോ അതോ വാടകയ്ക്കോ, സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലോ ആണോ നൽകുകയെന്നും വ്യക്തമല്ല.

കാർഷിക രംഗത്ത് മതിയായ ജോലിക്കാരെ കിട്ടാത്ത പ്രശ്നം ഇതുവഴി പരിഹരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദൂരെയുള്ള ഒരു ഓഫീസിലിരുന്ന് മൊബൈൽ ഫോൺ വഴി ട്രാക്ടർനിയന്ത്രിക്കാനാവും. ഉപയോഗത്തിന് മുമ്പ് വയലിൽ ഇതിന്റെ പാത മുൻകൂട്ടി നിർദേശിച്ചിരിക്കണം.നിലം ഉഴുന്നതിനുള്ള ട്രാക്ടർ ഈ വർഷം വിപണിയിലിറക്കും. മറ്റ് കാർഷിക ജോലികൾ ചെയ്യുന്ന വാഹനങ്ങൾ പിന്നീട് അവതരിപ്പിക്കും.

എന്നാൽ ഇത്തരം സാങ്കേതിക വിദ്യ കാർഷിക രംഗത്ത് ആദ്യമല്ല. നേരത്തെ ജിപിഎസ് സഹായത്തിൽ നിയന്ത്രിക്കുന്ന യന്ത്രങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ജോൺ ഡീർനെ കൂടാതെ കാറ്റർപില്ലർ എന്ന കമ്പനിയും ട്രാക്ടർ പോലുള്ള ഓഫ് റോഡ് വാഹനങ്ങളുടെ ഓട്ടോണമസ് പതിപ്പ് നിർമിക്കുന്നതിനായി വൻ നിക്ഷേപം നടത്തിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍