വിപണിയിൽ 5G ഫോണുകൾ വ്യാപകമാവും

 


സ്നാപ്ഡ്രാഗൺ പ്രൊസസർ ചിപ്പുകളുടെ നിരയിലേക്ക് നാല് പുതിയ ചിപ്പ് സെറ്റുകൾ കൂടി ചേർത്ത് ക്വാൽകോം. സ്നാപ്ഡ്രാഗൺ 778ജി+, സ്നാപ്ഡ്രാഗൺ 695, സ്നാപ്ഡ്രാഗൺ 680, സ്നാപ്ഡ്രാഗൺ 480+ എന്നിവയാണ് പുതിയതായി അവതരിപ്പിച്ചത്.

വില കുറഞ്ഞ മിഡ് റേഞ്ച്, എൻട്രി ലെവൽ സ്മാർട്ഫോണുകൾക്ക് വേണ്ടിയാണ് ഈ ചിപ്പ്സെറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. 5ജിയ്ക്ക് ശ്രദ്ധ നൽകിക്കൊണ്ടാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. മികച്ച എൽടിഇ സേവനം നൽകുവാൻ സഹായിക്കുന്ന 4ജി ചിപ്പ്സെറ്റും ഇതിലുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി+

ഇത് ഒരു 5ജി ചിപ്പ് സെറ്റാണ്. സ്നാപ്ഡ്രാഗൺ 778 പ്രൊസസർ ചിപ്പിന്റെ വല്യേട്ടൻ എന്ന് വേണമെങ്കിൽ പറയാം. സിപിയുവിന്റെയും ജിപിയുവിന്റെയും പ്രകടനം മെച്ചപ്പെടുത്തിയാണ് ഈ പതിപ്പിന്റെ വരവ്. മികച്ച ഗെയിമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വീഡിയോ, ഫോട്ടോഗ്രഫി അനുഭവങ്ങൾ നൽകാൻ ഇതിന് സാധിക്കും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 695

ഇതും 5ജി പിന്തുണയുള്ള ചിപ്പ്സെറ്റ് ആണ്. സ്നാപ്ഡ്രാഗൺ 690 ചിപ്പ് സെറ്റിന്റെ അപ്ഗ്രേഡാണിത്. ഗ്രാഫിക്സ് റെന്ററിങ് 30 ശതമാനവും സിപിയുവിന്റെ പ്രവർത്തനം 15 ശതമാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. 5ജി ബാൻഡുകളായ എംഎം വേവ്, സബ്-6 GHz എന്നിവ ഇത് പിന്തുണയ്ക്കും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 480

മിക്കവാറും എല്ലാ സ്മാർട്ഫോൺ നിർമാതാക്കളും അവരുടെ എൻട്രിലെവൽ സ്മാർട്ഫോണുകളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ചിപ്പ്സെറ്റാണിത്. ആഗോള തലത്തിൽ 5ജി സ്മാർട്ഫോണുകളുടെ വ്യാപനത്തിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്വാൽകോം സ്നാപഡ്രാഗൺ 680

ഇത് 4ജി മാത്രമുള്ള ചിപ്പ് സെറ്റാണ്. ലോകം 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ 4ജി കണക്റ്റിവിറ്റിയാണ് മിക്കവാറുമിടങ്ങളിൽ ലഭ്യമായിട്ടുള്ളത്. ശക്തിയേറിയ 4ജി അനുഭവം നൽകാൻ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 സഹായിക്കും. ഇടത്തരം വിലയുള്ള മിഡ് റേഞ്ച് ഫോണുകളെ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ക്വാൽകോം മൂന്ന് 5ജി ചിപ്പ് സെറ്റുകൾ അവതരിപ്പിച്ചതോടെ ആഗോള തലത്തിൽ തന്നെ 5ജി സ്മാർട്ഫോണുകൾ വ്യാപകമാകുന്നതിന് ഇത് വഴിവെക്കുമെന്നാണ് കരുതുന്നത്. ക്വാൽകോമും 5ജി ചിപ്പ് സെറ്റുകളിലേക്ക് പൂർണമായും മാറിക്കൊണ്ടിരിക്കുകയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍