യുപിഐ പണമിടപാടിന് പ്രൊസസിങ് ഫീസ് ഈടാക്കാന്‍ തുടങ്ങി ഫോണ്‍ പേ

 


യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോൺ പേ പണമിടപാടുകൾ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ

ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യുപിഐ പണമിടപാടിന് പ്രൊസസിങ് ഫീസ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷനാണ് ഫോൺ പേ.

വളരെ കുറച്ച് പേർ മാത്രമെ മൊബൈൽ റീച്ചാർജ് പേമെന്റുകൾ നടത്തുന്നുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. 50 രൂപയിൽ താഴെ റീച്ചാർജ് ചെയ്യുമ്പോൾ ഫീസ് ഈടാക്കില്ല. 50 രൂപയ്ക്കും നൂറ് രൂപയ്ക്കും ഇടയിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപയും നൂറിന് മുകളിൽ റീച്ചാർജ് ചെയ്യുമ്പോൾ രണ്ട് രൂപയുമാണ് ഫീസ്.

ഏറ്റവും കൂടുതൽ യുപിഐ പണമിടപാടുകൾ നടക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫോൺപേ. സെപ്റ്റംബറിൽ മാത്രം 165 കോടി യുപിഐ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ.

അതേസമയം ബിൽ പേമെന്റുകൾക്ക് രാജ്യത്ത് ആദ്യമായല്ല ചെറിയ തുക ഈടാക്കുന്നത് എന്ന് ഫോൺ പേ പറയുന്നു. മറ്റ് ബില്ലർ വെബ്സൈറ്റുകളെല്ലാം തന്നെ പണമിടപാടുകൾക്ക് നിശ്ചിത തുക ഈടാക്കുന്നുണ്ട്.

ഫോൺപേ, ഗൂഗിൾ പേ, പേടിഎം പോലുള്ള സേവനങ്ങൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്ക് നേരത്തെ തന്നെ നിശ്ചിത തുക ഈടാക്കി വരുന്നുണ്ട്. എന്നാൽ യുപിഐ ഇടപാടുകൾ സൗജന്യമായാണ് നടത്തിയിരുന്നത്. അതേസമയം തന്നെ പണമിടപാടുകൾക്ക് ചില സമ്മാനങ്ങളും നൽകി ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചുനിർത്താനും ഇവർ മത്സരിക്കുന്നുണ്ട്.

നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ യുപിഐ ആപ്പുകളുടെ വിപണി വിഹിതത്തിൽ 30 ശതമാനം എന്ന പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ ഒരു പരിധിയിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഈ സേവനങ്ങൾക്ക് അനുവാദമില്ല. പകരം ഉപഭോക്താക്കളുടെ പണമിടപാടുകൾക്കുള്ള ഫീസുകളും പുറത്തുനിന്നുള്ള സ്ഥാപനങ്ങളുമായുള്ള വാണിജ്യ സഹകരണങ്ങളുമായിരിക്കും ഇത്തരം സേവനങ്ങളുടെ വരുമാന സ്രോതസ്സുകൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍