ഇൻസ്റ്റഗ്രാം സ്റ്റോറീസിലെ ടെക്സ്റ്റ് ഇനി ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്യും

 


ഇൻസ്റ്റഗ്രാമിൽ പല രാജ്യങ്ങളിലുള്ള, ഭാഷകൾ സംസാരിക്കുന്ന സുഹൃത്തുക്കൾ നമുക്ക് ഉണ്ടായിരിക്കും. ഇത്തരം അവസരത്തിൽ സുഹൃത്തുക്കൾ ഇടുന്ന സ്റ്റോറികളിൽ ഉള്ള ടെക്സ്റ്റ് മനസിലാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തുകയാണ് ഇൻസ്റ്റഗ്രാം. സ്റ്റോറികളിൽ ഉള്ള ടെക്സ്റ്റ് ഓട്ടോമാറ്റിക്കായി ട്രാൻസലേറ്റ് ചെയ്യുന്ന സംവിധാനമാണ് ജനപ്രീയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിന് ഇപ്പോൾ 90 ഭാഷകളിൽ വിവർത്തനം ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ഹിന്ദിയും ഉൾപ്പെടുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നമുക്ക് അറിയാത്ത ഭാഷയിലുള്ള ടെക്സ്റ്റ് ഉണ്ടെങ്കിൽ ഇത് ഓട്ടോമാറ്റിക്കായി ട്രാൻസലേറ്റ് ചെയ്യാനായി സ്റ്റോറി പോസ്റ്റിന്റെ മുകളിൽ ഇടതുഭാഗത്ത് 'സീ ട്രാൻസലേഷൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. ഇതിൽ ടാപ്പ് ചെയ്താൽ ടെക്സ്റ്റ് ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്ത് ലഭ്യമാകും


പുതിയ ഓട്ടോമാറ്റിക്ക് ട്രാൻസലേഷൻ സവിശേഷത അവതരിപ്പിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം വ്യക്തമാക്കിയത് നിങ്ങൾ ടെക്സ്റ്റ് ഉള്ള ഒരു സ്റ്റോറി കാണുമ്പോൾ ഇതിലെ ഭാഷ നിങ്ങളുടെ ഭാഷയിൽ നിന്നും വ്യത്യസ്തമാണെങ്കിൽ നിങ്ങൾക്ക് ഒരു‘ സീ ട്രാൻലേഷൻ' എന്നൊരു ഓപ്ഷൻ ലഭിക്കും. ഇത് ടാപ്പ് ചെയ്താൽ വിവർത്തനം ചെയ്ത ടെക്സ്റ്റുള്ള പോപ്പ് അപ്പ് കാണാം എന്നാണ്. ദി വെർജിന്റെ റിപ്പോർട്ട് അനുസരിച്ച് ട്രാൻസലേഷൻ ഫീച്ചർ ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ മാത്രമാണ് ലഭ്യമാകുന്നത്.


ഫോട്ടോ ഷെയറിങ് ആപ്പിലെ പോസ്റ്റുകളിൽ എഴുതിയിരിക്കുന്ന ടെക്സ്റ്റ് ട്രാൻസലേറ്റ് ചെയ്യാൻ സാധിക്കില്ല. സ്റ്റോറികളിലെ ടെക്സ്റ്റ് ട്രാൻസലേറ്റ് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളു. ഓഡിയോ ട്രാൻസലേഷൻ ഇപ്പോൾ ലഭിക്കുകയില്ല. പുതിയ സവിശേഷത ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കും. അറബിക്, ഹിന്ദി, ജാപ്പനീസ്, പോർച്ചുഗീസ് എന്നിവ അടക്കമുള്ള 90 ഭാഷകളിൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എക്സ്പ്ലോർ ഫീഡുകളിൽ കാണുന്നത് നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സെൻസിറ്റീവ് കണ്ടന്റ് ഓപ്ഷനും ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍