ശാസ്ത്രലോകത്തിന് ക്രിസ്മസ് സമ്മാനം സൂര്യഗ്രഹണം 26-ന്

സൂര്യഗ്രഹണം 26ന് ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടുനോക്കരുത്








ആകാശത്തെ വലിയൊരുത്സവം കാണാൻ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ക്രിസ്മസ് പിറ്റേന്ന് നടക്കുന്ന വലയസൂര്യഗ്രഹണമാണത്. ചന്ദ്രൻ മറയ്ക്കുമ്പോൾ സൂര്യബിംബത്തെ കാണാനാവുക വലിയൊരു വളയുടെ രൂപത്തിൽ.
വലയഗ്രഹണത്തിന്റെ പൂർണമായ കാഴ്ച കാണാവുന്ന പാത സൗദി അറേബ്യ,ഖത്തർ,യു.എ.ഇ.,ഇന്ത്യ, ശ്രീലങ്ക,മലേഷ്യ,ഇൻഡൊനീഷ്യ, സിംഗപ്പൂർ രാജ്യങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഇത് ബോർണിയോ,സുമാത്ര ദ്വീപുകൾ വരെയെത്തും. ഈ പാതയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് കിലോമീറ്റർ വീതിയിൽ ഇതേസമയത്തുതന്നെ ഭാഗിക സൂര്യഗ്രഹണവും കാണാം.

നേരിട്ട് നോക്കരുത്

ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടുനോക്കുന്നത് കണ്ണിനു ഹാനികരമാണ്. ടെലിസ്കോപ്പിലൂടെയും നേരിട്ട് നോക്കരുത്. സൗരകണ്ണടകൾ ഉപയോഗിച്ചോ പ്രൊജക്ടറുകൾ ഉപയോഗിച്ച് ഭിത്തിയിൽ പതിപ്പിച്ചോ സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാം.

കേരളത്തിൽ ഗ്രഹണം രാവിലെ എട്ടുമുതൽ 11.15 വരെ ഇതിന്റെ വലയാകാരപാത തെക്കൻ കർണാടകം,വടക്കൻ കേരളം,മധ്യ തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യം ദൃശ്യമാകുന്നത് കാസർകോട് ചെറുവത്തൂരിലെ കടാങ്കോട്ട്.
കാസർകോട്,കണ്ണൂർ,കോഴിക്കോട്, വയനാട് ജില്ലകളിൽ വലയഗ്രഹണം പൂർണതയോടെ കാണാം.
മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂർണ കാഴ്ചകിട്ടും. മറ്റു ജില്ലകളിൽ വലയത്തിനുപകരം ചെറിയ ചന്ദ്രക്കല പോലെയാകും ഗ്രഹണസമയത്ത് സൂര്യൻ.
കേരളത്തിൽ എല്ലായിടത്തും സൂര്യബിംബത്തിന്റെ 87-93 ശതമാനം മറയും. സൂര്യഗ്രഹണം അസാധാരണമല്ലെങ്കിലും ഒരു നിശ്ചിതപ്രദേശത്ത് അതു നടക്കുന്നത് വലിയ ഇടവേളകൾക്കിടയിലാണ്. ഡിസംബറിലായതുകൊണ്ട് ആകാശത്ത് മേഘങ്ങൾ ഒഴിഞ്ഞുനില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ഇതുകാണാൻ വടക്കൻ കേരളത്തിലേക്കെത്തും.
ഇതുപോലൊരു വലയസൂര്യഗ്രഹണം ഇനിയുണ്ടാവുക 2031 മേയ് 21-ന്. കേരളത്തിൽ കാണാവുന്ന അടുത്ത പൂർണസൂര്യഗ്രഹണം 2168 ജൂലായ് അഞ്ചിന് ആണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍