നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ

നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ





സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഫേസ് റെക്കൊഗ്നിഷന്‍ സംവിധാനം ഉപയോഗിക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.

റെയില്‍വെ സംരക്ഷണ സേനയാണ് ഫേസ് റെക്കൊഗ്നിഷന്‍ സംവിധാനം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത്. ക്രിമിനല്‍ & ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റംസുമായി (സിസിടിഎന്‍എസ്) സഹകരിച്ചാണ് റെയില്‍വെ പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്. സിസിടിഎന്‍എസില്‍ നിന്ന് കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ റെയില്‍വെ സ്റ്റേഷന്‍ വഴിയുള്ള ഇവരുടെ യാത്രകള്‍ അസാധ്യമാകും.

കുറ്റവാളികളുടെ വിവരങ്ങള്‍ക്കൊപ്പം ലഭിക്കുന്ന ചിത്രങ്ങള്‍ ഫേസ് റെക്കൊഗ്നിഷന്‍ സംവിധാനത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട റെയില്‍വെ സ്‌റ്റേഷനുകളിലും ഫേസ് റെക്കൊഗ്നിഷന്‍ പദ്ധതി നടപ്പിലാക്കാനായാല്‍ സുരക്ഷാ സംവിധാനങ്ങളിലുണ്ടാകുന്ന വിപ്ലവകരമായ മുന്നേറ്റമായി ഇത് മാറുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ ഫേസ് റെക്കൊഗ്നിഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതുവഴി യാത്രക്കാരുടെ ബോര്‍ഡിംഗ് പാസും മറ്റ് തിരിച്ചറിയല്‍ രേഖകളും പരിശോധിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. ഇതേ സാങ്കേതിക വിദ്യയാണ് റെയില്‍വെയിലും പരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ പോലെയുള്ള മെട്രോ നഗരങ്ങളിലാകും ഫേസ് റെക്കൊഗ്നിഷന്‍ അവതരിപ്പിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍