പാസ്‌വേഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഡിജിറ്റൽ യുഗത്തിൽ പാസ്വേഡുകൾക്ക് പ്രാധാന്യം ഏറെയാണ്.
മൊബൈൽ ഫോണുകൾ മുതൽ സമ്പാദ്യം കാക്കുന്ന ബാങ്ക് അക്കൗണ്ടുകൾ വരെ പാസ് വേഡുകളുടെ സുരക്ഷിതത്വത്തിലാണ് ഇന്നുള്ളത്. എന്നാൽ പലരും സുപ്രധാനമായ പാസ്വേഡുകൾ തെരഞ്ഞെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പാസ് വേഡുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്.
പാസ്വേഡുകൾ എങ്ങനെ സുരക്ഷിതമാക്കാം.
ഒരു പാസ്വേഡും പൂർണമായി സുരക്ഷിതം ആണെന്ന് അവകാശപ്പെടാൻ കഴിയില്ല. എങ്കിലും പാസ്വേഡുകൾ നിർമിക്കുമ്പോൾ ചില മുൻകരുതലുകളെടുക്കാം.
വ്യത്യസ്തതയുള്ള പാസ്വേഡുകൾ നിർമിക്കുക
അപകടം ഒഴിവാക്കാൻ വ്യത്യസ്തതയുള്ള പാസ് വേഡുകൾ നിർമിക്കേണ്ടത് അനിവാര്യമാണ്. ആർക്കും പ്രവചിക്കാൻ പ്രയാസമുള്ളതായിരിക്കണം പാസ്വേഡ്. കുറഞ്ഞത് എട്ട് അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളും ചേർക്കാം. എണ്ണം കൂടും തോറും പാസ് വേഡുകളുടെ സുരക്ഷിതത്വവും വർധിക്കും. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലർത്തിയതും നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകളും മറ്റും പാസ്വേഡുകളായി ഉപയോഗിക്കാം.
ഇഷ്ടപ്പെട്ട വാചകങ്ങളിലുള്ള പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ചുരുക്കെഴുത്തുകൾ പാസ് വേഡുകളാക്കാം. ഇഷ്ടപ്പെട്ട പാട്ടുകളുടെ വരികളും ഇതുപോലെ ചുരുക്കി ഉപയോഗിക്കാം.
മറക്കാതെ എങ്ങനെ സൂക്ഷിക്കാം?
പാസ്വേഡുകൾ മറക്കരുത് എന്ന് തന്നെയാണ് ആദ്യം പറയേണ്ടത്. ഒന്നിലധികം പാസ്വേഡുകൾ മനസിൽ ഓർത്തുവെക്കുക പ്രയാസമുള്ള കാര്യമാണ്. അവ എങ്ങനെ സൂക്ഷിച്ചുവെക്കും. എഴുതിവെക്കുന്നതും മറ്റും നല്ല രീതിയല്ല. ഗൂഗിൾ ക്രോം പോലുള്ള ബ്രൗസറുകളിൽ പാസ് വേഡുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഇവയുടെ സുരക്ഷിതത്വം എത്രത്തോളമാണെന്ന് പറയാനാവില്ല. എന്നാൽ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്. അതിന് ചെറിയൊരു കാര്യം ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകൾ സാധ്യമാവുന്ന അക്കൗണ്ടുകളുടെ പാസ് വേഡുകളും, അതീവ രഹസ്യസ്വഭാവമുള്ള ഉള്ളടക്കങ്ങൾ അടങ്ങുന്ന അക്കൗണ്ടുകളുടെ പാസ്വേഡുകളും മനസിൽ മാത്രം സൂക്ഷിക്കുക. അല്ലാത്തവ മാത്രം ബ്രൗസറുകളിൽ സൂക്ഷിക്കാം.
0 അഭിപ്രായങ്ങള്‍