വീഡിയോ കോൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

 



നവംബർ 30 ആണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി. 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം ഒക്ടോബർ 1 മുതൽ തന്നെ ആരംഭിച്ചിരുന്നു.


80 വയസിൽ താഴെ പ്രായമുള്ള പെൻഷൻകാർക്ക് (Pensioners) ലൈഫ് സർട്ടിഫിക്കറ്റ് (Life Certificate) അഥവാ ജീവൻ പ്രമാൺ പത്ര സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം ആരംഭിച്ചിരുന്നു. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും അതിനാൽ തുടർന്നും പെൻഷൻ (Pension) ലഭിക്കണമെന്നും തെളിയിക്കാനാണ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. നവംബർ 30 ആണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി. 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം ഒക്ടോബർ 1 മുതൽ തന്നെ ആരംഭിച്ചിരുന്നു. 80 വയസിന് മുകളിലും താഴെയും പ്രായമുള്ള വിഭാഗക്കാർക്ക് സർട്ടിഫിക്കറ്റ് സമർപ്പണത്തിനുള്ള അവസാനതീയതി നവംബർ 30 തന്നെയാണ്. അത് കഴിഞ്ഞാൽ ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയേക്കും. ഇപ്പോഴിതാ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വീഡിയോ കോൾ സേവനവുമായി എത്തിയിരിക്കുകയാണ് എസ്ബിഐ പെൻഷൻ സേവ (SBI Pension Seva).


സാധാരണ ഗതിയിൽ മുതിർന്ന പൗരന്മാർ പെൻഷൻ അധികൃതരുടെ മുന്നിൽ നേരിട്ട് ഹാജരായാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. എന്നാൽ, ഈ പ്രക്രിയ സുഗമമാക്കാൻ ബാങ്കുകളും പെൻഷൻ അധികൃതരും സർക്കാരുമൊക്കെ നൂതനമായ മാർഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാർഗങ്ങളിലൂടെ അധികൃതരുടെ മുന്നിൽ നേരിട്ട് ഹാജരാകാതെ തന്നെ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.


വീട്ടിൽ ഇരുന്ന് തന്നെ വീഡിയോ കോൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിക്കാൻ കഴിയുന്ന സേവനത്തിനാണ് എസ്ബിഐ തിങ്കളാഴ്ച തുടക്കമിട്ടത്. "വീട്ടിൽ ഇരുന്ന് തന്നെ ഇനി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൂ! ഞങ്ങളുടെ വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ് സേവനം ആരംഭിക്കുകയാണ്. വീഡിയോ കോളിലൂടെ വളരെ എളുപ്പത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സേവനം പെൻഷൻകാരെ സഹായിക്കും", ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.


എസ്ബിഐ വീഡിയോ കോൾ ലൈഫ് സർട്ടിഫിക്കറ്റ് സേവനത്തിന് ആരാണ് യോഗ്യർ?

ഈ സേവനം പ്രയോജനപ്പെടുത്താൻ എസ്ബിഐ അക്കൗണ്ട് ഉള്ള പെൻഷൻകാർക്കാണ് കഴിയുക. എസ്ബിഐയിൽ പെൻഷൻ അക്കൗണ്ട് ഉണ്ടാവുക, മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുക, പെൻഷൻ അപേക്ഷയിൽ ആധാർ നമ്പർ നൽകുക എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുകയെന്ന് ബാങ്ക് വെബ്‌സൈറ്റിലൂടെ അറിയിക്കുന്നു. കൂടാതെ, പെൻഷൻ അപേക്ഷയിൽ പാൻ നമ്പറും നൽകിയിരിക്കണം. നിലവിലെ വർഷം, അതായത് 2021 ലെ ലൈഫ് സർട്ടിഫിക്കറ്റ് ആയിരിക്കണം സമർപ്പിക്കേണ്ടത്.


വീഡിയോ കോൾ സൗകര്യം എങ്ങനെ ഉപയോഗിക്കാം?


ആദ്യം www.pensionseva.sbi എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. തുടർന്ന് വീഡിയോ എൽ സി എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് വീഡിയോ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് (VLC) സമർപ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കാം.


 എസ്ബിഐ പെൻഷൻ അക്കൗണ്ട് നമ്പർ നൽകി ക്യാപ്ച്ച (CAPTCHA) സ്ഥിരീകരിക്കുക.


 ഈ സേവനത്തിന് യോഗ്യരാണെങ്കിൽ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഓടിപി ലഭിക്കും.


 ഈ ഓടിപി നൽകി, 'സ്റ്റാർട്ട് ജേർണി' എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.


തുടർന്ന് 'ഐ ആം റെഡി' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 


അതിനുശേഷം എസ്ബിഐ ഉദ്യോഗസ്ഥർ ലഭ്യമാകുന്ന മുറയ്ക്ക് വീഡിയോ കോളിനുള്ള അവസരം ലഭിക്കും. 


നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തേക്ക് വീഡിയോ കോൾ മുൻകൂറായി നിശ്ചയിക്കുകയും ചെയ്യാം.


 വീഡിയോ കോളിന്റെ സമയത്ത് സ്‌ക്രീനിൽ തെളിയുന്ന നാലക്ക വെരിഫിക്കേഷൻ നമ്പർ എസ്ബിഐ ഏജന്റിന് പറഞ്ഞുകൊടുക്കണം.


 തുടർന്ന് അവർ നിങ്ങളുടെ ചിത്രം പകർത്തുകയും പാൻ കാർഡ് സ്ഥിരീകരിക്കുകയും ചെയ്യും. 


അതോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം പൂർത്തിയാകും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍