കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് 

 


വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടം 2021 മെയ് 1ന് ആരംഭിച്ചു. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൽ ലഭിക്കുന്നത്.

പക്ഷേ പലയടങ്ങളിലും വാക്സിൻ ലഭ്യത കുറവായതിനാൽ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ ലഭിക്കുന്നത്. കൊറോണ വൈറസിനെതിരായ ഈ വാക്സിനേഷന്റെ ആദ്യ ഡോസ് എടുത്തവർക്ക് ഭാവി റഫറൻസിനായി കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ കഴിയും.

നിരവധി ആളുകൾ തങ്ങളുടെ കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും വാട്‌സ്ആപ്പിൽ അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്ന് ആളുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. എന്തിനാണ് ഈ സർട്ടിഫിക്കേറ്റ് എന്നും ഇത് ഷെയർ ചെയ്താൽ എന്താണ് കുഴപ്പം എന്നും പരിശോധിക്കാം.


എന്താണ് കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് ?

നിങ്ങൾ കൊവിഡ്-19 വാക്സിൻറെ ആദ്യ ഡോസ് എടുത്താലോ രണ്ട് ഡോസുകളും എടുത്താലോ നിങ്ങൾക്ക് കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ, ബന്ധപ്പെട്ട വാക്സിനേഷൻ സെന്റർ കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റിന്റെ അച്ചടിച്ച പകർപ്പ് നൽകും. ഈ സർട്ടിഫിക്കറ്റിൽ ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കും. ഇതിന്റെ ഇ-കോപ്പി ലഭിക്കുന്നതിന് ക്യുആർ കോഡ് സ്കാൻ ചെയ്യണം. നിങ്ങൾക്ക് കോവിൻ പോർട്ടലിൽ നിന്നോ ആരോഗ്യ സേതു ആപ്പിൽ നിന്നോ കോവിഡ് -19 വാക്സിൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം.
നിങ്ങൾ വാക്സിനേഷൻ എടുത്തതിന്റെ തെളിവാണ് ഈ സർട്ടിഫിക്കറ്റ്. നിങ്ങൾക്ക് കൊവിഡ്-19 വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതിന്റെ തെളിവ് കൂടിലാണ് സർട്ടിഫിക്കേറ്റ്. വരും ദിവസങ്ങളിലോ ആഴ്ചകളിലോ, സ്ഥിതി ഒരു പരിധിവരെ നിയന്ത്രണവിധേയമായാൽ നിങ്ങൾക്ക് മറ്റൊരു സംസ്ഥാനത്തേക്കോ രാജ്യത്തേക്കോ പോകുമ്പോൾ കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരും. കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാമെന്ന് ഗിസ്ബോട്ട് ആർട്ടിക്കിൾ തന്നെ വ്യക്തമാക്കിയതാണ്.

കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് ഷെയർ ചെയ്യരുത്

ആളുകൾ അവരുടെ കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ സുരക്ഷയും സൈബർ സുരക്ഷ ബോധവൽക്കരണവും കൈകാര്യം ചെയ്യുന്ന സൈബർ ദോസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഈ മുന്നറിയിപ്പ് നൽകിയത്. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പേര്, ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ, വാക്സിനേഷൻ സെന്റർ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾ രണ്ടാമത്തെ ഡോസ് എടുക്കേണ്ടിവരുമ്പോൾ ഇത് വിശദമായി നൽകുന്നു. ഈ വിശദാംശങ്ങൾ‌ സൈബർ‌ തട്ടിപ്പുകാർ‌ ദുരുപയോഗം ചെയ്‌തേക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതും സോഷ്യൽ മീഡിയയിലും മറ്റും ഷെയർ ചെയ്യാൻ പാടില്ലാത്തതുമാണ്. അതുകൊണ്ട് തന്നെ കൊവിഡ്-19 വാക്സിൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യാതിരിക്കുക. സ്വകാര്യ വിവരങ്ങൾക്കുള്ള വില വളരെ വലുതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍