സ്മാർട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 







സ്‌മാർട്ഫോൺ വാങ്ങിക്കുക എന്നത് വളരെ ശ്രമകരമായിട്ടുള്ള കാര്യംമാണ്. കാരണം നമ്മളിൽ പലരും വരുമാനത്തിന്റെ വലിയൊരു പങ്ക് മാറ്റിവച്ചിട്ടാണ് സ്‌മാർട്ഫോൺ സ്വന്തമാക്കുന്നത്.

അതുകൊണ്ട് തന്നെ ഇനിയൊരു അവസരമില്ല എന്ന് മനസിലാക്കി വേണം ഫോണിന്റെ തിരഞ്ഞെടുപ്പ് നടത്തുവാൻ. വിവിധ വിലകളിൽ വിവിധ  കമ്പനികളുടെ നിരവധി ബ്രാൻഡുകളാണ് ഇന്ന് മാർക്കറ്റിലുള്ളത്. ഇത്തരത്തിൽ ലഭ്യമാകുന്ന ഫോണുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.


ഫോണുകളെ കുറിച്ച് നന്നായി പഠിക്കുക എന്നത് പ്രധാനമാണ്. ഉപയോഗത്തിലും ബജറ്റിലും നിങ്ങൾക്ക് യോജ്യമെന്ന് കരുതുന്ന ഒരു ഫോണിലേയ്ക്ക് എത്തിയാൽ അതേ തരത്തിലുള്ള മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുക. ഓൺലൈനിൽ വില പരിശോധിക്കാം, വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഫോണിനെക്കുറിച്ചുള്ള റിവ്യൂകൾ വായിക്കുക, അഭിപ്രായങ്ങൾ ശ്രവിക്കുക. അടുത്തുള്ള കടകളിൽ ചെന്ന് ഫോൺ ഉപയോഗിച്ച് നോക്കുന്നതും നല്ലതാണ്. വലിയ ഓഫറുകളിലും സ്‌പെഷ്യൽ സെയിലുകളിലും വീഴരുത്.


ഒരു ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നിങ്ങൾക്ക് വേണ്ട ഫീച്ചറുകൾ ഏതൊക്കെയെന്ന് ആദ്യം സ്വയം മനസിലാക്കുക. ഓരോ വ്യക്തികളുടെയും താത്പര്യങ്ങളും ഉദ്ദേശ്യവും വ്യത്യസ്തമായിരിക്കും. ചിലർക്ക് വേണ്ടത് കൂടുതൽ വീഡിയോകളും പാട്ടുകളും സ്റ്റോർ ചെയ്യാൻ പറ്റുന്ന കൂടുതൽ മെമ്മറിയുള്ള ഫോണുകളാകാം. ചിലർ പ്രാധാന്യം നൽകുക കൂടുതൽ ഉപയോഗിക്കാവുന്ന മികച്ച ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകൾക്കാവും.


മറ്റു ചിലർക്കാകട്ടെ താല്പര്യം ക്യാമറയോടാകം. മൊബൈൽ ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുണ്ടാകാം, സെൽഫികളിൽ ആനന്ദം കണ്ടെത്തുന്നവരുണ്ടാകാം. ചിലർക്ക് വേണ്ടത് വീഡിയോ ഗെയിമുകളെ സഹായിക്കുന്ന തരത്തിലുള്ള മികച്ച പ്രോസസറോട് കൂടിയ ഫോണായിരിക്കാം. ഇങ്ങനെ നീളും ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും. ഇത് എല്ലാം പരിഗണിച്ച് വേണം ഒരു ഫോൺ തിരഞ്ഞെടുക്കാൻ.

റെസലൂഷനും സ്ക്രീൻ സൈസും

റെസലൂഷനെക്കാളും ഫോണിൽ പ്രധാനം അതിന്റെ സ്ക്രീൻ ബ്രൈറ്റ്നെസാണ്. എച്ച്ഡി ഡിസ്‌പ്ലേ എന്ന് പറയുന്നത് നമുക്ക് ആവശ്യമുള്ളതിലും കൂടുതലാണ്. അതുകൊണ്ട് തന്നെ 2കെ ഡിസ്‌പ്ലേയും ഫുൾ എച്ച്ഡി ഡിസ്‌പ്ലേയും ഒരു സാധാരണക്കരന് മനസിലാക്കാൻ എളുപ്പമല്ല എന്നാണ് വിദഗ്‌ധ അഭിപ്രായം. എന്നാൽ ബ്രൈറ്റ്നെസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാവുന്നതാണ്. സൂര്യപ്രകാശത്തിലും കാണാവുന്ന തരത്തിൽ ബ്രൈറ്റ്നെസോട് കൂടിയതും അക്ഷരങ്ങൾ വ്യക്തമാകുന്നതുമാകണം.

കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ വലിയ സ്‌ക്രീൻ സൈസോട് കൂടിയ ഫോണുകളാകും ഉചിതം. 5.8 ഇഞ്ച് മുതൽ 6.4 ഇഞ്ച് വരെ സ്ക്രീൻ സൈസാണ് സാധാരണ ഗതിയിൽ കൂടുതൽ ഉപയോഗിച്ച് കാണുന്നത്. സ്ഥിരമായി സിനിമ കാണുന്നവരാണെങ്കിൽ സ്ക്രീൻ റെസലൂഷൻ കുറഞ്ഞത് 1920X1080 പിക്സൽ (ഫുൾ എച്ച്ഡി) വേണം. എന്നാൽ ചെറിയ ഉപയോഗത്തിന് 720 പിക്സൽ (എച്ച്ഡി) റെസലൂഷൻ മതിയാകും. ഒഎൽഇഡി സ്ക്രീനുകൾ മികച്ച കോൻട്രാസ്റ്റോട് കൂടിയതാകും. എൽസിഡി സ്ക്രീനുകളെക്കാൾ മികച്ചത് ഒഎൽഇഡി സ്ക്രീനുകളാണ്, എന്നാൽ വില അൽപം കൂടുതലായിരിക്കും.

ഫോണിന്റെ വലുപ്പം 

വലുപ്പമാണ് ഫോണിനെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം. ഫോണിന്റെ വലുപ്പം വർധിക്കുന്നതനുസരിച്ച് കൈകാര്യം ചെയ്യുന്നതിൽ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെയാണ് വലിപ്പം കൂടിയ ഫോണുകൾ അധികം ആരും ഉപയോഗിച്ച് കാണാത്തത്. ഒരു കൈയ്യിൽ ഉപയോഗിക്കാൻ പറ്റുക എന്നത് ഒരു ഘടകമാണ്. പലപ്പോഴും രണ്ട് കൈയ്യും ഉപയോഗിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടും. പോക്കറ്റിൽ കൊള്ളുന്നതുമാകണം.

ടൈപ്പ് ചെയ്യുന്നതിനും സ്വൈപ്പ് ചെയ്യുന്നതിനും എളുപ്പത്തിൽ സാധ്യമാകണം. സ്ക്രീനിന്റെ എല്ലാ വശങ്ങളിലും ഒറ്റകൈയ്യാൽ എത്താൻ കഴിയണം. കൈകാര്യം ചെയ്യുന്നതിനുള്ള തൃപ്തികരമായ മേഖലയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. അതിനാണ് കടകളിൽ നേരിട്ട് ചെന്ന് ഫോൺ ഉപയോഗിച്ച് നോക്കാൻ നിർദേശിക്കുന്നത്.

ഇന്റേണൽ മെമ്മറിയും റാം മെമ്മറിയും

ഒരു ശരാശരി മൊബൈൽ ഫോൺ ഉപഭോക്താവിന് തന്റെ സ്‌മാർട്ഫോണിൽ കുറഞ്ഞത് മൂന്ന് ജിബി റാം വേണം. എന്നാൽ കൂടുതൽ സമയവും കൂടുതൽ ആവശ്യങ്ങൾക്കും ഫോൺ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് എട്ട് ജിബി റാം അവശ്യമാണ്. ആൻഡ്രോയിഡ് ഫോണുകളിലേതിനെക്കാൾ കൂടുതൽ മെമ്മറി ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഫോണുകൾക്ക് കൂടുതലായിരിക്കാം.


കുറഞ്ഞ ബജറ്റിൽ 16 ജിബി ഇന്റേണൽ മെമ്മറിയോട് കൂടി ഒരു ഫോൺ ലഭിക്കുകയാണെങ്കിൽ അത് ഒഴിവാക്കാണം. ഒരു സ്‌മാർട്ഫോണിന് കുറഞ്ഞത് 32 ജിബി ഇന്റേണൽ മെമ്മറി അത്യാവശ്യമാണ്. അത് 64 ആക്കാൻ പറ്റുമെങ്കിൽ ഏറ്റവും ഉചിതം. നിങ്ങൾ ഫോണിൽ ഉൾക്കൊള്ളിക്കുന്ന വീഡിയോ, ഫോട്ടോസ്, ഗെയിമുകൾ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്റേണൽ മെമ്മറിയുടെ കാര്യം.

ആൻഡ്രോയിഡ് വേണോ ഐഒഎസ് വേണോ?

ഒരു സ്‌മാർട്ഫോണിന് ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റമാണ്. പ്രധാനമായും രണ്ട് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇപ്പോഴുള്ളത്. ഒന്ന് ആൻഡ്രോയിഡും രണ്ട് ഐഒഎസും. ഇതിൽ ഉപയോഗിക്കാൻ എളുപ്പവും ജനപ്രിയവുമായത് ആൻഡ്രോയിഡാണ്.

ഐഒഎസ് ഐ ഫോണുകൾക്ക് വേണ്ടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ്. കൈകാര്യം ചെയ്യാനുള്ള എളുപ്പത്തോടൊപ്പം സുരക്ഷയാണ് ഐഒഎസിന്റെ പ്രത്യേകത. എല്ലാ സുരക്ഷ പരിശോധനകളും പൂർത്തിയായ ആപ്പുകൾ മാത്രമാണ് സ്റ്റോറുകളിൽ ലഭിക്കുക. എന്നാൽ ഇതിന്റെ വില കൂടുതലാണെന്നത് പലപ്പോഴും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കാറുണ്ട്.

ബാറ്ററി

എല്ലാവർക്കും വേണ്ടത് ഒരിക്കലും മരിക്കാത്ത ബാറ്ററിയാണ്. എന്നാൽ അത് പ്രായോഗികമല്ലായെന്നും നമുക്ക് അറിയാം. ബാറ്ററിയുടെ ലൈഫ് ഫോണിന്റെ ഉപയോഗത്തെ ആശ്രയിച്ചിരിക്കും. യൂട്യൂബും ബ്രൗസിങ്ങുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച കപ്പാസിറ്റിയുള്ള വേഗം ചാർജ് ആകുന്ന ബാറ്ററിയോടുകൂടിയ ഫോൺ വാങ്ങുക. ഒപ്പോ, വൺപ്ലസ് മുതലായ കമ്പനികൾ മിനിറ്റുകൾക്കുള്ളിൽ ചാർജാകുന്ന സ്‌പെഷ്യൽ ചാർജറുകളും നൽകുന്നുണ്ട്.

ക്യാമറ

ക്യാമറയാണ് പുതിയ ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മികച്ച ക്യാമറകളോട് കൂടിയ ഫോണുകൾക്ക് വലിയ വില നൽകേണ്ടി വരും. എന്നാൽ ബജറ്റ് ഫോണുകളിലും ശ്രദ്ധിച്ചാൽ നമുക്ക് നല്ല ക്യാമറയോട് കൂടിയ ഫോൺ ലഭിക്കും. മെഗാപിക്സൽ അഥവാ എംപി കുറവാണെങ്കിലും അപെർച്ചർ, ഡ്യൂവൽ ലെൻസ്, ഒപ്റ്റിക് ഇമേജ് സ്റ്റേബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകളോട് കൂടിയ ക്യാമറയാണെങ്കിൽ നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കും. ക്യാമറയുടെ കാര്യത്തിലും നേരിട്ട് കടയിൽ പോയി ഉപയോഗിച്ച് നോക്കുന്നത് നന്നായിരിക്കും.


എപ്പോഴാണ് ഫോൺ വാങ്ങേണ്ടത്?

പലരും സീസണുകളും ആഘോഷങ്ങളും ഫോൺ വാങ്ങുന്നതിന് മികച്ച സമയമായി കാണാറുണ്ട്, പ്രത്യേകിച്ച് ഓഫറുകൾ പരിഗണിച്ചാണിത്. എന്നാൽ ഫോൺ വാങ്ങുന്നതിന് അങ്ങനെ പ്രത്യേകിച്ച് ഒരു സമയമില്ല. എന്നാൽ മാർക്കറ്റുകളിലെത്തുന്ന ഫോണുകളെ മനസിലാക്കുക. മാർച്ച് നവംബർ മാസങ്ങളിലാണ് സാംസങ്ങിന്റെയും ആപ്പിളിന്റെയും പുതിയ ഫോണുകൾ കളം എത്തുക.

സ്മാർട്ഫോൺ വാങ്ങുമ്പോൾ ഒരു പുതിയത് വാങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ലത്. ഉപയോഗിച്ചത് കുറഞ്ഞ വിലയ്ക്ക് വാങ്ങുമ്പോൾ തുടക്കത്തിൽ സാമ്പത്തിക ലാഭമുണ്ടാക്കിയേക്കാം. എന്നാൽ പിന്നീട് റിപ്പയറിങ്ങിനും മറ്റുമായി നമ്മൾ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍