കോണ്‍ഗ്രസിന്റെ 687 വ്യാജ അക്കൗണ്ട് നീക്കിയെന്ന് ഫെയ്‌സ്ബുക്ക്
കോൺഗ്രസിന്റെ ഐ.ടി. സെല്ലുമായി ബന്ധപ്പെട്ട 687 അക്കൗണ്ടുകളും പേജുകളും വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നീക്കം
ചെയ്തതായി ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. അവിശ്വസനീയമായ പെരുമാറ്റവും അനാവശ്യ സന്ദേശങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. പൊതുതിരഞ്ഞെടുപ്പ്, സ്ഥാനാർഥികൾ, ബി.ജെ.പി. അടക്കമുള്ള പാർട്ടികൾക്കെതിരെയുള്ള വിമർശനങ്ങൾ തുടങ്ങിയ രാഷ്ട്രീയവിഷയങ്ങളും വാർത്തകളുമാണ് പേജുകളിലും അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തിരുന്നത്. ഇവയ്ക്ക് പിന്നിലുള്ളവരെ പ്രാഥമികപരിശോധനയിൽ തിരിച്ചറിയാൻ സാധിച്ചില്ല. വിശദമായ അന്വേഷണത്തിലാണ് കോൺഗ്രസിന്റെ ഐ.ടി. സെല്ലാണെന്ന് കണ്ടെത്തിയത്. ഐ.ടി. സെല്ലിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടവയാണ് അക്കൗണ്ടുകളെന്നും ഇവയെ നേരത്തേ തിരിച്ചറിഞ്ഞിരുന്നെന്നും ഫെയ്സ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി പോളിസി വിഭാഗം മേധാവി നതാനിയേൽ ഗ്ലെച്ചർ പറഞ്ഞു.
പിന്നിൽ പ്രവർത്തിക്കുന്നവരെ തിരിച്ചറിയാതിരിക്കാൻ വ്യാജ അക്കൗണ്ടുകളുടെ ശൃംഖലതന്നെയാണ് ഇവർ ഉപയോഗിച്ചുവന്നത്. ഇതാണ് നീക്കം ചെയ്തതിന്റെ പ്രധാന കാരണം. നടപടിയെക്കുറിച്ച് കോൺഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്നെന്ന പരാതിയെത്തുടർന്ന് ലോകത്തിന്റെ വിവിധകോണുകളിൽനിന്ന് രൂക്ഷവിമർശനം നേരിടുകയാണ് ഫെയ്സ്ബുക്ക്. അതിനാൽ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽക്കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് അവർ.
0 അഭിപ്രായങ്ങള്‍